മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് പിറന്നാള്‍

പ്രശസ്ത നടന്‍ മധുവിന് ഇന്ന് 87 വയസ്സ് പൂര്‍ത്തിയാകുന്നു.  ഭാവാഭിനയത്തിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച മലയാള സിനിമയുടെ കാരണവർ പ്രിയ നടൻ ആണ് മധു. സത്യൻ , പ്രേംനസീർ എന്നിവർക്കൊപ്പം മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ  മധു അഭിനയത്തിനൊപ്പം നിർമ്മാണവും സംവിധാനവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചു.

വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത്‌ സജീവമായി. പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച്‌ അദ്ധ്യാപക ജോലി രാജിവച്ച്‌ ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.

അമ്പത്താറു കൊല്ലം കൊണ്ട് മുന്നൂറിലേറെ ചിത്രങ്ങളിലാണ് വേഷമിട്ടത്. സത്യന്‍ മുതല്‍ ആസിഫലി വരെയുള്ള നായകന്മാര്‍ക്കൊപ്പം. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേയ്ക്ക് നീളുന്ന അഞ്ചു തലമുറയുടെ ദൈര്‍ഘ്യമുണ്ട് ഈ കരിയറിന്. പലരൂപപരിണാമങ്ങള്‍ക്കും ഈ കാലം കൊണ്ട് സിനിമ വിധേയമായി. മുഖ്യധാരയിലും സമാന്തരപാതയിലുമായി ഒരുപാട് ശൈലികള്‍, നിരവധിപരീക്ഷണങ്ങള്‍, പലതരംഗങ്ങള്‍….. ഇവയിലോരോന്നിലും പല കാലങ്ങളിലായി മധുവെന്ന ചലച്ചിത്രകാരന്‍ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിരുന്നു. മധുവിലെ നടനെ ഇരു ധാരക്കാരും ഒരുപോലെ ഉപയോഗിച്ചു.

അമ്പത്താറാണ്ടായി മധുവെന്ന അതുല്ല്യനടന്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. നിരാശാകാമുകനായി മാത്രമല്ല, സ്‌നേഹനിധിയും തെമ്മാടിയും ധിക്കാരിയും തന്റേടിയുമൊക്കെയായി മലയാളത്തിന്റെ മനസിലെ ഏറ്റവും ശക്തമായ സാന്നിധ്യമാണ് കഴിഞ്ഞ അഞ്ചുതലമുറകളിലായി മധുവെന്ന നടന്‍. കേവലം ഇളകിയാട്ടത്തിനു പകരം തീവ്രഭാവങ്ങളുടെ മുഖചലനങ്ങളിലേയ്ക്ക് അഭിനയത്തെ വളര്‍ത്തിയെടുക്കുകയാണ് മധു ചെയ്തത്. ഒരു പുരികക്കൊടിയുടെ ചെറുചലനം കൊണ്ട് വികാരത്തിന്റെ ഒരു കടല്‍ ഇളക്കിവിടുന്ന വിദ്യ മലയാളത്തെ ആദ്യമായി പഠിപ്പിച്ചത് മധുവാണ്.

PIC

ഒരേസമയം തീക്കനലിലൂടെ നമ്മളെ ഞെട്ടിക്കാനും ഹൃദയം ഒരു ക്ഷേത്രത്തിലൂടെ നമ്മളെ കരയിക്കാനും മധുവിനു കഴിഞ്ഞു. സത്യനും നസീറിനുമൊപ്പം ഉപനായക വേഷങ്ങള്‍ മികവുറ്റതാക്കിയ മധുവിന് അടുത്ത തലമുറയില്‍ സോമനും സുകുമാരനും ജയനുമൊപ്പവും ഈ മികവില്‍ അഭിനയിക്കാന്‍ യാതൊരു മടിയുമുണ്ടായില്ല. ഉപനായകനായിട്ടും മധുവിനെ തേടി ഓര്‍മയില്‍ തങ്ങുന്ന എണ്ണമറ്റ കഥാപാത്രങ്ങളാണ് വന്നത്.

കുടുംബസമേതത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.ഇതിന് പുറമെ സമഗ്ര സംഭാവനയ്ക്ക് 2004ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി നിൽക്കുന്നു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം ലഭിച്ചു. 81 വര്‍ഷം മാത്രം പ്രായമുള്ള മലയാള സിനിമയില്‍ അമ്പത്താറു കൊല്ലവും അഭിനയിച്ച ഈ പിതാമഹന് പിറന്നാള്‍ ആശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here