ഓട്ടോയില്‍ കയറിയ യാത്രക്കാരന്‍ സമ്മാനിച്ചത് ഒരു പുത്തന്‍ പാട്ടും പാട്ടിന്റെ അഡ്വാന്‍സും; ഇമ്രാന്‍ ഖാനെ ഗോപി സുന്ദര്‍ ഞെട്ടിച്ചതിങ്ങനെ

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായി കാണികളുടെ മനസ്സില്‍ കയറിക്കൂടിയെങ്കിലും ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ എന്ന പാട്ടുകാരന്‍ ഉപജീവനത്തിന് പണം കണ്ടെത്തുന്നത്. പ്രശസ്തി കൂടെ കൂടിയപ്പോഴും ഇമ്രാന്‍ ഓട്ടോയെ മറന്നില്ല.

കഴിഞ്ഞ ദിവസം ഇമ്രാന്റെ ഓട്ടോയില്‍ ഒരാള്‍ കയറി. ആ യാത്ര അവസാനിച്ചപ്പോള്‍ യാത്രികന്‍ ഇമ്രാന് ഒരു തുക സമ്മാനിച്ചു. കൂടെ പുതിയ ഒരു ഗാനം പാടാനുള്ള അവസരവും. ഇമ്രാനെ കിടിലന്‍ സര്‍പ്രൈസ് നല്‍കി ഞെട്ടിച്ച ആ യാത്രക്കാരന്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറായിരുന്നു.

അടുത്തിടെ പങ്കെടുത്ത ഒരു ടെലവിഷന്‍ പരിപാടിയില്‍ വെച്ചാണ് ഇമ്രാന് ഗോപി സുന്ദര്‍ ഒരു പാട്ട് വാഗ്ദാനം ചെയ്യുന്നത്. അവസരമൊരുങ്ങിയപ്പോള്‍ വാക്ക് നിറവേറ്റാന്‍ ഗോപി സുന്ദര്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇമ്രാനെ ഫോണില്‍ വിളിച്ചോ നേരിട്ടോ സംസാരിക്കുന്നതിന് പകരം ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു ഗോപി സുന്ദറിന്റെ തീരുമാനം.

അങ്ങനെ സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തിയ ഗോപിയ സുന്ദര്‍, യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറി. മാസ്‌ക് വെച്ചാല്‍ അടുത്തറിയുന്നവരെ പോലും തിരിച്ചറിയാന്‍ പ്രയാസമുള്ള ഈ കാലത്ത് ഓട്ടോയില്‍ കയറിയ മാസ്‌കും തൊപ്പിയും ധരിച്ച യാത്രക്കാരനെ ഇമ്രാന്‍ തിരിച്ചറിഞ്ഞില്ല.

യാത്രയ്ക്കിടെ ചായ കുടിക്കാന്‍ ഓട്ടോ നിര്‍ത്തണമെന്ന് യാത്രക്കാരന്‍ ആവശ്യപ്പെട്ടു. ഓട്ടോ നിര്‍ത്തി പുറത്തിറങ്ങിയ ശേഷം സംഭാഷണത്തിനിടെയാണ് യാത്രക്കാരന്റെ പേരെന്താണെന്ന് ഇമ്രാന്‍ ചോദിച്ചു. മറുപടി കേട്ട് ഞെട്ടിയ ഇമ്രാന്, പുതിയ ഗാനത്തിന്റെ അഡ്വാന്‍സ് കൂടി ഗോപി സുന്ദര്‍ നല്‍കി.

മാത്രമല്ല, പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ പഠിപ്പിക്കുകയും ചെയ്തു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. അധികം താമസിയാതെ പാട്ടിന്റെ റെക്കോര്‍ഡിങ് ഉണ്ടാകുമെന്നും ഗോപിസുന്ദര്‍ അറിയിച്ചു.

് ഇമ്രാനെ ഞെട്ടിച്ച ഈ സര്‍പ്രൈസിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ ഗോപി സുന്ദര്‍ പങ്കുവച്ചിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel