”എന്തും വിളിച്ചു പറയാനുള്ള ഒരു നാവുണ്ടെന്ന് കരുതി എന്തും പറയരുത്; അസംബന്ധം പറയാന്‍ അല്ലല്ലോ വാര്‍ത്താസമ്മേളനം”: മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും വിളിച്ചു പറയാനുള്ള ഒരു നാവുണ്ടെന്ന് കരുതി എന്തും പറയരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”നമ്മുടെ നാട്ടില്‍ എപ്പോഴും ശരിയായ വാര്‍ത്ത നല്‍കി ജനങ്ങളെ ബോധവത്കരിക്കുന്ന മാധ്യമങ്ങളെ നമ്മള്‍ എപ്പോഴും സ്വാഗതം ചെയ്യും. എന്നാല്‍ സെക്രട്ടേറിയറ്റില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ അതിനെ വല്ലാത്ത വക്രീകരിക്കുന്ന അവസ്ഥയിലെത്തി. ഇവിടെ അതു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കൂടി സെക്രട്ടേറിയറ്റിന് തീ കൊടുത്തു എന്ന അവസ്ഥയിലെത്തി.

അതൊരു ഗൗരവപരമായ കാര്യമല്ലേ. അപ്പോള്‍ അത് ബന്ധപ്പെട്ട ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടു വരേണ്ടതുണ്ട്. അതൊരു തരത്തിലും മാധ്യമധര്‍മ്മമല്ല. അതല്ലാതെ ആരുടേയും നേര്‍ക്ക് ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ഈ സംഭവത്തില്‍ പ്രസ് കൗണ്‍സിലിന് പരാതി നല്‍കും. ഇതോടൊപ്പം മാനനഷ്ടത്തിന് കേസ് കൊടുക്കാനുള്ള സാധ്യതയും പരിശോധിക്കും.

ഞാന്‍ നന്നാവൂല്ല അമ്മാവാ എന്ന് പണ്ടു പറഞ്ഞ കുട്ടിയുടെ മാനസികാവസ്ഥയില്‍ ആണ് ഈ ചോദ്യം. അന്വേഷണം പ്രഖ്യാപിച്ചില്ലേ എന്നു പറഞ്ഞായിരുന്നു നേരത്തെ ബഹളം. ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ആരെയെങ്കിലും പേടിച്ചാണോ എന്നായി ചോദ്യം.

കേരളത്തില്‍ നടന്ന സംഭവം ഇവിടുത്തെ അന്വേഷണ ഏജന്‍സി അന്വേഷിക്കും. അതു സ്വാഭാവികമായ നടപടിയാണ്. പിന്നെ മുഖ്യമന്ത്രിയേയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയേയും ഇതിന്റെ ഭാഗമായി ആരേലും ചോദ്യം ചെയ്യും എന്ന ആ പൂതിയുണ്ടല്ലോ അതു മനസ്സില്‍ വച്ചാല്‍ മതി.

മുഖ്യമന്ത്രി ഉള്‍പ്പെടുന്ന ഒരു വിജിലന്‍സ് ഇവിടെ ഇല്ല. വിജിലന്‍സ് ഇവിടെ ഒരു സ്വതന്ത്ര്യ അന്വേഷണ ഏജന്‍സിയാണ്. എന്തും വിളിച്ചു പറയാനുള്ള ഒരു നാവുണ്ടെന്ന് കരുതി എന്തും പറയരുത്. ആക്ഷേപമല്ല, അസംബന്ധം പറയാന്‍ അല്ലല്ലോ വാര്‍ത്താസമ്മേളനം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News