റെഡ് ക്രസന്റ് ഇടപാട്: വിജിലന്‍സ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റെഡ് ക്രസന്റ് ഇടപാട് സംബന്ധിച്ച ആരോപണം വിജിലന്‍സ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി നിരോധന നിയമ ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ക്രമക്കെടുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”വടക്കാഞ്ചേരിയില്‍ റെഡ് ക്രസന്റ് നിര്‍മ്മിക്കുന്ന കെട്ടിട്ടം സംബന്ധിച്ച് ആരോപണം ഉയര്‍ന്നിരുന്നു. ഇരുപത് കോടിയുടെ കെട്ടിട്ട നിര്‍മ്മാണത്തില്‍ ഇടനിലക്കാര്‍ കമ്മീഷണ് കൈപ്പറ്റി എന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.

സമയബന്ധിതമായി രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഇനി അന്‍പതിനായിരം വീടുകളുടെ നിര്‍മ്മാണമാണ് നടക്കേണ്ടത്. ഇതുവരെ വീട് കിട്ടാത്തവര്‍ക്ക് ഇന്ന് വരെ അപേക്ഷ നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതാണ് ലൈഫ് പദ്ധതി. എന്നാല്‍ വടക്കാഞ്ചേരിയിലെ പാര്‍പ്പിട സമുച്ചയ നിര്‍മ്മാണത്തിന്റെ വിവാദത്തില്‍ ലൈഫ് പദ്ധതിയെ ആകെ എതിര്‍ക്കാന്‍ ചിലര്‍ തയ്യാറായിട്ടുണ്ട്. നമ്മുടെ നാട്ടില്‍ നിലവിലുള്ള നിയമസംവിധാനത്തിലൂടെ തന്നെ വടക്കാഞ്ചേരിയില്‍ നടപടി എടുക്കും.

ഇവിടെ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവര്‍ക്കെല്ലാം എം.ഒ.യുവിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്. ഈ രേഖകളെല്ലാം പരസ്യപ്പെടുത്തണം എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാണ്. അദ്ദേഹം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ സര്‍ക്കാരിന് അലംഭാവം ഉണ്ടാവില്ല. എന്നാല്‍ ഇതല്ല എല്ലാ രേഖകളും വിട്ടുകൊടുക്കണം എന്നാണ് അദ്ദേഹം പറയുന്നത്.

റെഡ് ക്രസന്റുമായി ബന്ധപ്പെട്ട് കരാര്‍ കൊടുത്ത അഴിമതിയില്‍ അന്വേഷണം ഉണ്ടാവില്ല എന്ന് ഒരു ഘട്ടത്തിലും ഞാന്‍ പറഞ്ഞിട്ടില്ല. ഇല്ലാത്ത കാര്യം എന്റെ നാവില്‍ കുത്തികേറ്റണ്ട. അന്വേഷണ ഏജന്‍സി ആരൊയെക്കെ ചോദ്യം ചെയ്യണം എന്തൊക്കെ അന്വേഷിക്കണം എന്ന് നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News