മകന് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് പൊലീസിനോട് അമ്മ; വീട്ടില്‍ ടിവി എത്തിച്ച് ജനമൈത്രി പൊലീസ്

പാലക്കാട്: മകന് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് അമ്മ അറിയിച്ചതിന് പിന്നാലെ വീട്ടില്‍ ടിവി എത്തിച്ച് മാതൃകയായി പാലക്കാട് അലനല്ലൂര്‍ നാട്ടുകല്‍ ജനമൈത്രി പൊലീസ്. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് പുത്തന്‍ ടിവിയും അനുബന്ധ വസ്തുക്കളും പൊലീസ് വീട്ടിലെത്തിച്ചു നല്‍കിയത്.

പട്ടല്ലൂര്‍പടി കോളനിയിലെ പള്ളത്ത് വീട്ടില്‍ സുനില്‍ കുമാറിന്റെ ഭാര്യ സുനിതയാണു മക്കളായ അഖിലിനും നിഖിലിനും ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്നു പറഞ്ഞ് നാട്ടുകല്‍ എസ്ഐ അനില്‍ മാത്യുവിനെ വിളിച്ചത്.

അലനല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയായ അഖിലും, മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ നിഖിലും സമീപ വീടുകളില്‍ എത്തിയാണ് ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ വീക്ഷിച്ചിരുന്നത്.

ഇവരുടെ പഠന സൗകര്യത്തിനു ടിവിയുമായി പൊലീസ് എത്തുമെന്നറിഞ്ഞ് അനുബന്ധ സൗകര്യങ്ങള്‍ പ്രദേശത്തെ വോള്‍ക്കാനോ ക്ലബും ഒരുക്കി നല്‍കി. കേരള പൊലീസിന്റെ ഈ വിദ്യാരംഭം പദ്ധതിയുടെ ഭാഗമായി നാട്ടുകല്‍ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ പരിധിയില്‍ ഇതിനകം 13 കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു പഠനസൗകര്യം ഒരുക്കി നല്‍കിയിട്ടുണ്ടെന്ന് എസ്ഐ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here