അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം നടത്താനനുവദിക്കരുത്; സുദര്‍ശന്‍ ടിവിക്കെതിരായ കേസില്‍ കക്ഷി ചേര്‍ന്ന് ശശി കുമാര്‍

ദില്ലി: സുദര്‍ശന്‍ ടി.വിക്കെതിരായി സുപ്രിംകോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശി കുമാര്‍. മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി സുദര്‍ശന്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത ‘ബിന്ദാസ് ബോള്‍’ പരിപാടിക്കെതിരെ സുപ്രീം കോടതിയില്‍ ഇടപെടല്‍ ഹര്‍ജി നല്‍കിയത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ അനുവദിക്കരുതെന്ന് കേസില്‍ കക്ഷി ചേര്‍ന്നുകൊണ്ടുള്ള അപേക്ഷയില്‍ ശശി കുമാര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 19 പ്രകാരമുളള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ അനുവദിക്കരുത്. സെക്ഷന്‍ 153 പ്രകാരം ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതും അവ സംപ്രേക്ഷണം ചെയ്യുന്നതും കുറ്റകരമാണെന്നും ശശി കുമാര്‍ കോടതിയില്‍ വ്യക്തമാക്കിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുദര്‍ശന്‍ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവങ്കെ അവതരിപ്പിച്ച ‘ബിന്ദാസ് ബോള്‍’ ഷോ സിവില്‍ സര്‍വീസിലേക്കുള്ള മുസ്ലീങ്ങളുടെ പ്രവേശനം വര്‍ഗീയവല്‍ക്കരിക്കുകയാണെന്ന് ആരോപിച്ചുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി സെപ്റ്റംബര്‍ 15 ന് ഷോയുടെ സംപ്രേഷണം സ്റ്റേ ചെയ്തിരുന്നു. പ്രഥമദൃഷ്ട്യാ തന്നെ ”മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയെന്നതാണ് ഷോയുടെ ഉദ്ദേശ്യവും ലക്ഷ്യവും” എന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

സുദര്‍ശന്‍ ടി.വി മുസ്ലിങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി മതസ്വാതന്ത്ര്യത്തിന്റെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ മറവില്‍ ഒരു കുറ്റകൃത്യത്തിന് തുല്യമായ ഒരു പ്രസംഗത്തെ ന്യായീകരിക്കാന്‍ സംസ്ഥാനത്തിനോ സ്വകാര്യ വ്യക്തികള്‍ക്കോ സാധ്യമല്ല.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമ്പോള്‍ മാത്രമല്ല, ഭരണഘടനയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വിദ്വേഷപ്രചാരണത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ് ‘ എന്ന് കോടതിയില്‍ ശശി കുമാറിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

വിദ്വേഷ ഭാഷണം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ല, അത് ഭരണഘടന പ്രകാരം ഉറപ്പുനല്‍കുന്നു. വിദ്വേഷ ഭാഷണം മൊത്തത്തില്‍ മറ്റൊരു വിഭാഗമാണ്, ഇതിന് ഭരണഘടനാപരമായ പരിരക്ഷയില്ല. ഐപിസിയുടെ ചില വിഭാഗങ്ങള്‍ അല്ലെങ്കില്‍ മറ്റ് പ്രത്യേക നിയമങ്ങള്‍ക്ക് കീഴിലുള്ള കുറ്റകൃത്യങ്ങള്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 1 (എ) പ്രകാരം ‘സംസാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും’ എന്ന് പറഞ്ഞ് കളിക്കാന്‍ കഴിയില്ല. വിദ്വേഷ ഭാഷണവും സ്വതന്ത്രമായ സംസാരവും തമ്മില്‍ വ്യക്തമായ വേര്‍തിരിവ് ആവശ്യപ്പെടുക മാത്രമല്ല, ഒരു സ്വതന്ത്ര മാധ്യമത്തിനായി സൂക്ഷ്മമായ വാദം ഉന്നയിക്കുകയും ചെയ്യുന്നുവെന്നും അഡ്വ. രാജ് പറഞ്ഞു.

നേരത്തെ സുദര്‍ശന്‍ ന്യൂസ് ടി.വിയിലെ പ്രോഗ്രാമില്‍ വന്ന മുസ്ലിം വിരുദ്ധ പരാമര്‍ശം ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചാനലിനു ഇതു സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

സെപ്റ്റംബര്‍ 28 നകം സുദര്‍ശന്‍ ടി.വി നോട്ടീസിന് മറുപടി നല്‍കണം. സുദര്‍ശന്‍ ടി.വിയില്‍ മുസ്ലിങ്ങള്‍ സിവില്‍ സര്‍വ്വീസിലേക്ക് നുഴഞ്ഞു കയറുകയാണ് എന്നാരോപിക്കുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചാനല്‍ മനപൂര്‍വ്വം മുസ്ലിങ്ങളെ അധിക്ഷേപിക്കാന്‍ ശ്രമം നടത്തുകയാണ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News