ഓട്ടോറിക്ഷയിൽ നിന്നും ഗോപിസുന്ദറിന്റെ സ്റ്റുഡിയോയിലെത്തിയ ഇമ്രാൻ

ഒടുവില്‍ കൊടുത്ത വാക്ക് ഗോപി സുന്ദര്‍ പാലിച്ചു. സംഗീതമേ എന്നു തുടങ്ങുന്ന പുത്തന്‍ ഗാനം ഇനി ഉടന്‍ ഇമ്രാന്റെ ശബ്ദത്തില്‍ സംഗീതപ്രേമികളിലേക്കെത്തും.

പാട്ടിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞുവെന്നും എല്ലാവരും പ്രര്‍ത്ഥനകളില്‍ ഓര്‍ക്കണമെന്നും ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

We just finished our recording session. It was an amazing working experience with this brilliant sweet talented Imran…

Posted by Gopi Sundar on Thursday, 24 September 2020

ഒരു കിടിലന്‍ സര്‍പ്രൈസ് തന്നെയാണ് ഇമ്രാന്‍ ഖാനായി ഗോപി ഒരുക്കിയത്. ഇതിന്റെ വീഡിയോ ഇതിനോടകം നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത്.

സംഭവം ഇങ്ങനെ..

കഴിഞ്ഞ ദിവസം ഇമ്രാന്റെ ഓട്ടോയില്‍ ഒരാള്‍ കയറി. ആ യാത്ര അവസാനിച്ചപ്പോള്‍ യാത്രികന്‍ ഇമ്രാന് ഒരു തുക സമ്മാനിച്ചു. കൂടെ പുതിയ ഒരു ഗാനം പാടാനുള്ള അവസരവും. ഇമ്രാനെ കിടിലന്‍ സര്‍പ്രൈസ് നല്‍കി ഞെട്ടിച്ച ആ യാത്രക്കാരന്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറായിരുന്നു.

ഇമ്രാനെ ഞെട്ടിച്ച ഈ സര്‍പ്രൈസിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു.

അടുത്തിടെ പങ്കെടുത്ത ഒരു ടെലവിഷന്‍ പരിപാടിയില്‍ വെച്ചാണ് ഇമ്രാന് ഗോപി സുന്ദര്‍ ഒരു പാട്ട് വാഗ്ദാനം ചെയ്യുന്നത്. അവസരമൊരുങ്ങിയപ്പോള്‍ വാക്ക് നിറവേറ്റാന്‍ ഗോപി സുന്ദര്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇമ്രാനെ ഫോണില്‍ വിളിച്ചോ നേരിട്ടോ സംസാരിക്കുന്നതിന് പകരം ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു ഗോപി സുന്ദറിന്റെ തീരുമാനം.

അങ്ങനെ സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തിയ ഗോപിയ സുന്ദര്‍, യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറി. മാസ്‌ക് വെച്ചാല്‍ അടുത്തറിയുന്നവരെ പോലും തിരിച്ചറിയാന്‍ പ്രയാസമുള്ള ഈ കാലത്ത് ഓട്ടോയില്‍ കയറിയ മാസ്‌കും തൊപ്പിയും ധരിച്ച യാത്രക്കാരനെ ഇമ്രാന്‍ തിരിച്ചറിഞ്ഞില്ല.

യാത്രയ്ക്കിടെ ചായ കുടിക്കാന്‍ ഓട്ടോ നിര്‍ത്തണമെന്ന് യാത്രക്കാരന്‍ ആവശ്യപ്പെട്ടു. ഓട്ടോ നിര്‍ത്തി പുറത്തിറങ്ങിയ ശേഷം സംഭാഷണത്തിനിടെയാണ് യാത്രക്കാരന്റെ പേരെന്താണെന്ന് ഇമ്രാന്‍ ചോദിച്ചു. മറുപടി കേട്ട് ഞെട്ടിയ ഇമ്രാന്, പുതിയ ഗാനത്തിന്റെ അഡ്വാന്‍സ് കൂടി ഗോപി സുന്ദര്‍ നല്‍കി.

മാത്രമല്ല, പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ പഠിപ്പിക്കുകയും ചെയ്തു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here