തിരുവനന്തപുരം: 100 ദിന കര്‍മ്മ പരിപാടിയില്‍ പ്രഖ്യാപിച്ച ഓരോ കാര്യവും സര്‍ക്കാര്‍ നടപ്പാക്കിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി.
കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നാലുമാസം മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നായിരുന്നു ഒരു വാഗ്ദാനം.
കിറ്റ് വിതരണത്തിന് ഇന്ന് തുടക്കും കുറിച്ചു. 88.42 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക. കോവിഡ് പ്രതിസന്ധി കാലത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന ഉറച്ച തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതിന്റെ ഭാഗമായി നേരത്തെ എടുത്ത നടപടികളുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നത്.
കോവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും ഇതുപോലെ സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനും ഓണം എല്ലാവര്‍ക്കും ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് അന്ന് 88 ലക്ഷത്തോളം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ഒരു ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ക്കും ഒന്നര ലക്ഷത്തോളം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് നല്‍കിയത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ കുടുംബങ്ങള്‍ക്കും നാലു മാസത്തേക്ക് കൂടി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നത്.
കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടെ എട്ടിനം അവശ്യവസ്തുക്കള്‍ ഉള്‍പ്പെടുന്നതാണ് സപ്ലൈകോ തയാറാക്കുന്ന ഈ ഭക്ഷ്യകിറ്റ്. ഇതിനൊപ്പം അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയില്‍ സപ്ലൈകോ, കണ്‍സ്യുമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നീ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
റേഷന്‍ കടകളിലൂടെ പതിവുപോലെ സൗജന്യ നിരക്കിലുള്ള റേഷനും നല്‍കിവരുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് 86 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് സൗജന്യമായി ലഭ്യമാക്കുന്നതിന് സംസ്ഥാന ഖജനാവില്‍ നിന്ന് 1,000 കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം വാഗ്ദാനം ചെയ്ത ധാന്യത്തിനു പുറമെയാണിത്.
പൊതുവിതരണ രംഗത്ത് നാലുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ അഭിമാനകരമായ നേട്ടമാണ് ഉണ്ടാക്കിയത്. ഈ രംഗത്ത് വാഗ്ദാനം ചെയ്ത മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കി.
മാത്രമല്ല, പ്രകടനപത്രികയില്‍ പറയാത്ത പുതിയ പല ജനകീയ പദ്ധതികള്‍ക്കും തുടക്കം കുറിക്കാനും കഴിഞ്ഞു. മുന്‍കാലത്തെ അപേക്ഷിച്ച് റേഷന്‍-പൊതുവിതരണരംഗം പാടേ മാറിയിരിക്കുകയാണ്. അഴിമതി അവസാനിപ്പിച്ചു. എല്ലാം സുതാര്യമായി നടക്കുന്നു. ജനങ്ങള്‍ക്ക് പരാതിയില്ല.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013ല്‍ നടപ്പിലാക്കിയെങ്കിലും കേരളത്തില്‍ അത് നടപ്പാക്കിയത് ഈ സര്‍ക്കാര്‍ വന്നശേഷമാണ്. ഇതിന്റെ ഭാഗമായി വാതില്‍പ്പടി വിതരണം ആരംഭിച്ചു. ഓരോ റേഷന്‍ കടയ്ക്കും അനുവദിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ ആ റേഷന്‍ കടയുടെ മുമ്പില്‍ എത്തിക്കുന്ന പരിപാടിയാണ് വാതില്‍പ്പടി വിതരണം. വലിയൊരളവില്‍ അഴിമതിയും ക്രമക്കേടും ഇതോടെ തന്നെ ഇല്ലാതായി.
ആധാര്‍ അധിഷ്ഠിതമായി ഇ-പോസ് മെഷീന്‍ വഴിയാണ് ഇപ്പോള്‍ റേഷന്‍ വിതരണം. മുഴുവന്‍ റേഷന്‍ കടകളും ഇതിനുവേണ്ടി കമ്പ്യൂട്ടറൈസ് ചെയ്തു. റേഷന്‍ കടകളില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തുന്ന വിവരവും റേഷന്‍ വാങ്ങിയാല്‍ അതു സംബന്ധിച്ച വിവരവും തല്‍സമയം ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണില്‍ സന്ദേശമായി നല്‍കുന്നുമുണ്ട്.
ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാന മാറ്റം ഗുണമേ?യുള്ള അരിയും മറ്റ് ഭക്ഷ്യസാധനങ്ങളുമാണ് റേഷന്‍ കടകളിലൂടെ ലഭിക്കുന്നത് എന്നതാണ്. മുന്‍കാലത്ത് റേഷന്‍ കടകളില്‍ നിന്ന് അകന്നുപോയ ജനങ്ങള്‍ ഇതോടെ റേഷന്‍ കടകളിലേക്ക് തിരിച്ചെത്തി. പാവപ്പെട്ടവര്‍ മാത്രമല്ല, ഇടത്തരക്കാരും ഉയര്‍ന്ന വരുമാനമുള്ള ഇടത്തരക്കാരും ഇപ്പോള്‍ കൃത്യമായി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നുണ്ട്.
റേഷന്‍ വാങ്ങുന്നവരുടെ ശതമാനം ഇപ്പോള്‍ 92 ആണ്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട റേഷന്‍ കടയില്‍പോയി സാധനം വാങ്ങാനുള്ള പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
റേഷന്‍ വ്യാപാരികള്‍ക്ക് തീരെ തുച്ഛമായ കമ്മീഷനായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഇത് ഈ രംഗത്ത് വലിയ പ്രശ്‌നമായി നിലനിന്നു. ക്രമക്കേടുകളുടെ പ്രധാന കാരണം ഇതായിരുന്നു. റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ പ്രതിഫലം ഉറപ്പാക്കി ഈ പ്രശ്‌നത്തിന് സര്‍ക്കാര്‍ പരിഹാരം കണ്ടു. പ്രതിമാസം കുറഞ്ഞത് 18,000 രൂപ ലഭിക്കുന്ന പാക്കേജാണ് നടപ്പാക്കിയത്. സംസ്ഥാനത്ത് ഇപ്പോള്‍ 14,221 റേഷന്‍ കടകളുണ്ട്.
ഈ സര്‍ക്കാര്‍ വരുമ്പോള്‍ റേഷന്‍ കാര്‍ഡ് വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. കാര്‍ഡുടമകളുടെ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്തുകൊണ്ട് കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കി. വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീടില്ലാത്തവര്‍ക്കും കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു.
റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ് നല്‍കണമെന്നാണ് തീരുമാനം. ഇപ്പോള്‍ സംസ്ഥാനത്ത് 88.42 ലക്ഷം കാര്‍ഡുടമകളാണ് ഉള്ളത്. 8.22 ലക്ഷം കാര്‍ഡുകള്‍ ഈ സര്‍ക്കാര്‍ പുതുതായി വിതരണം ചെയ്തു.
ഭക്ഷ്യഭദ്രത നിയമം അനുശാസിക്കുന്ന രീതിയില്‍ പരാതി പരിഹാരത്തിന് സംസ്ഥാന ഭക്ഷ്യകമ്മീഷനെ നിയമിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരാതിപരിഹാര ഓഫീസര്‍മാരായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു. സുതാര്യത പോര്‍ട്ടല്‍ വഴി പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് പരിഹാരം തേടാന്‍ കഴിയും.
പൊതുവിപണിയില്‍ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് മുന്‍ സര്‍ക്കാരുകളെക്കാള്‍ ഉയര്‍ന്ന വിഹിതം സപ്ലൈകോയ്ക്ക് അനുവദിക്കുന്നുണ്ട്. ആദ്യത്തെ മൂന്നു വര്‍ഷങ്ങളില്‍ 200 കോടി രൂപ വീതവും 2019-20ല്‍ 150 കോടി രൂപയുമാണ് വിപണി ഇടപെടലിന് നല്‍കിയത്.
പൊതുവിപണിയേക്കാള്‍ 60 ശതമാനം വരെ വിലക്കുറവിലാണ് 14 ഇനം അവശ്യസാധനങ്ങള്‍ സപ്ലൈകോ വിതരണം ചെയ്യുന്നത്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതനുസരിച്ച് ഈ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടേയില്ല. ഉദാഹരണത്തിന് ചെറുപയറിന് കിലോഗ്രാമിന് 2016ല്‍ ഉണ്ടായിരുന്ന 74 രൂപയാണ് ഇപ്പോഴും വില.
എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോയുടെ ഒരു യൂണിറ്റെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മാവേലി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്നും വീടുകളില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന പരിപാടിയും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു.
ഇതിനുള്ള ഓര്‍ഡറുകള്‍ ഓണ്‍ലൈനായി സ്വീകരിക്കും. മുന്‍ഗണനാ വിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം ആട്ടയാക്കി വിതരണം ചെയ്യാന്‍ ആലോചിച്ചിട്ടുണ്ട്. സപ്ലൈകോയുടെ മെഡിക്കല്‍ സ്റ്റോറുകള്‍ കൂടുതല്‍ ആരംഭിക്കും. ഗൃഹോപകരണങ്ങള്‍ക്ക് പ്രത്യേക വില്‍പ്പനശാലകള്‍ തുറക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്.
തല ചായ്ക്കാന്‍ ഇടമില്ലാത്ത ഒരു കുടുംബവും കേരളത്തില്‍ ഉണ്ടാകരുത്
കിടപ്പാടമില്ലാത്ത പാവങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കുന്ന ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പ് ഇന്നു നടത്തിയിരിക്കയാണ്.
സംസ്ഥാനത്തെ 14 ജില്ലകളിലായി പണിയുന്ന 29 ഭവനസമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഇന്നു നിര്‍വഹിച്ചു. 29 ഭവനസമുച്ചയങ്ങളിലായി 1285 കുടുംബങ്ങള്‍ക്കാണ് വീടു ലഭിക്കുക. മൊത്തം 181.22 കോടി രൂപ ചെലവുവരുന്ന ഈ സമുച്ചയങ്ങള്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയും.
ലൈഫിന്റെ മൂന്നാം ഘട്ടമായാണ് ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്ക് ഭവനസമുച്ചയങ്ങളില്‍ പാര്‍പ്പിടം നല്‍കുന്നത്. സ്ഥലം വാങ്ങി വീടുവെച്ചുകൊടുക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അതു ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 1,35,769 ഗുണഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
ഭവനസമുച്ചയങ്ങള്‍ക്ക് 300ഓളം സ്ഥലങ്ങള്‍ കണ്ടെത്തുകയും 101 എണ്ണം നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 12 സമുച്ചയങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. 101 സമുച്ചയങ്ങളും ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും.
ഭവനനിര്‍മാണരംഗത്ത് സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഇടപെടലാണ് കേരളത്തിന്റെ ലൈഫ്. തലചായ്ക്കാനിടമില്ലാത്ത ഒരു കുടുംബവും കേരളത്തില്‍ ഉണ്ടാകരുതെന്ന ദൃഢനിശ്ചയത്തിലാണ് ഈ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ഇതിനകം തന്നെ 2,26,518 വീടുകള്‍ പൂര്‍ത്തിയാക്കി.
ഒന്നരലക്ഷത്തോളം പേര്‍ക്കുള്ള വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. സഹകരണ വകുപ്പ് കെയര്‍ഹോം പദ്ധതിയിലൂടെ രണ്ടായിരത്തിലേറെ വീടുകള്‍ നിര്‍മിച്ചു കൈമാറി. പട്ടികജാതി വകുപ്പ് 19,247 വീടുകളും പട്ടികവര്‍ഗ വകുപ്പ് 1,745 വീടുകളും ഫിഷറീസ് വകുപ്പ് 4,177 വീടുകളും പൂര്‍ത്തിയാക്കി. മൊത്തം 8,068 കോടി രൂപയാണ് ഇതുവരെ വീടുനിര്‍മാണത്തിനു വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്. വ്യത്യസ്ത പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ലൈഫിലെ മൂന്നു ഘട്ടങ്ങളിലും ഉള്‍പ്പെടാതെ പോയ നിരവധി പേര്‍ വീടെന്ന സ്വപ്നവുമായി കഴിയുന്നുണ്ട്. അവരുടെ സ്വപ്നവും സര്‍ക്കാര്‍ സഫലമാക്കും. അതിനുവേണ്ടിയാണ് ലൈഫ് മിഷന്‍ അത്തരക്കാര്‍ക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചത്. തികച്ചും സുതാര്യമായ പ്രക്രിയയിലൂടെ ഗുണഭോക്തൃ പട്ടികയുണ്ടാക്കി അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ വീടു ലഭ്യമാക്കും.
വീടില്ലാത്തവര്‍ക്ക് വീടും മെച്ചപ്പെട്ട ജീവിതസാഹചര്യവും ഒരുക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇവിടെ വിവരിച്ചത്. അധഃസ്ഥിതരുടെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികളുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനും കരിവാരിത്തേക്കാനും ചിലര്‍ രംഗത്തുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ജനങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങളോ അപവാദ പ്രചാരണമോ കാരണം സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കട്ടെ.
കൊവിഡിന് ശേഷമുള്ള കാലം
കോവിഡിന് ശേഷമുള്ള കാലം വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യംവെക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ നിര്‍മാണത്തിന് ഇന്ന് തുടക്കം കുറിച്ചു. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിന്റെയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.
തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഒമ്പത് ഏക്കര്‍ സ്ഥലത്ത് 230 കോടി രൂപ ചെലവിലാണ് മെഡ്‌സ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 150 കോടി രൂപയാണ്. 80 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. മെഡിക്കല്‍ ഗവേഷണം, പുതിയ മെഡിക്കല്‍ ഉപകരണങ്ങളുടെ വികസിപ്പിക്കല്‍, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മൂല്യനിര്‍ണയം തുടങ്ങി വൈദ്യശാസ്ത്ര ഉപകരണ വിപണി ആവശ്യപ്പെടുന്ന എല്ലാവിധ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് മെഡ്‌സ് പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്.
Get real time update about this post categories directly on your device, subscribe now.