ദുരൂഹതകള്‍ നിറഞ്ഞ അപകടം നടന്ന് ഇന്ന് രണ്ട് വര്‍ഷം

വയലിനിസ്റ്റ് ബാലഭാസ്റിന്റെ ജീവനെടുത്ത ദുരൂഹതകള്‍ നിറഞ്ഞ അപകടം നടന്ന് വെള്ളിയാഴ്ച രണ്ട് വര്‍ഷം.

വയലിനില്‍ മാന്ത്രിക സംഗീതം സമ്മാനിച്ച പ്രിയ കലാകാരന്റെ ജീവന്‍ കവര്‍ന്ന അപകടത്തെ ചുറ്റിയുള്ള സംശയങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ലോക്കല്‍ പൊലീസില്‍നിന്ന് സിബിഐയില്‍ എത്തിനില്‍ക്കുന്നു അന്വേഷണം.

മകള്‍ തേജസ്വിനി ബാലയുടെ വഴിപാടുമായി ബന്ധപ്പെട്ടാണ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സ്വന്തം വാഹനത്തില്‍ പോയത്. സുഹൃത്ത് അര്‍ജുനും ഒപ്പമുണ്ടായി. മടക്കയാത്രയില്‍ കഴക്കൂട്ടം പള്ളിപ്പുറത്താണ് വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ ഉടന്‍ മരിച്ചു. ഒക്ടോബര്‍ രണ്ടിന് ബാലഭാസ്‌കറും. ലക്ഷ്മിയും അര്‍ജുനും പരുക്കോടെ രക്ഷപ്പെട്ടു.

വാഹനത്തില്‍ ഒപ്പമുണ്ടായ അര്‍ജുന്‍ മൊഴി മാറ്റിയതോടെയാണ് ദുരൂഹതകളുടെ തുടക്കം. വാഹനം ഓടിച്ചത് ആദ്യം താനാണെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് ബാലഭാസ്‌കറാണെന്ന് തിരുത്തി. ലോക്കല്‍ പൊലീസ്, ക്രൈംബ്രാഞ്ച് സംഘങ്ങള്‍ക്ക് മുന്നിലും ഇതേരീതിയില്‍ മൊഴിമാറ്റി. സിബിഐക്ക് മുന്നിലും ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് മൊഴി.

കലാഭവന്‍ സോബി, കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ക്രിസ്തുദാസ് എന്നിവരുടെ മൊഴികളും സംശയങ്ങള്‍ക്ക് ആക്കംകൂട്ടി. അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെയും സംഗീതരംഗത്തെ പ്രമുഖനെയും മറ്റുചിലരെയും കണ്ടെന്ന് സോബി. വാഹനം ഒരുസംഘം ആക്രമിച്ചെന്നും പറഞ്ഞു. വാഹനം ഓടിച്ചത് ബാലഭാസ്‌കറെന്ന് ക്രിസ്ദുദാസ്.

മംഗലപുരം പൊലീസും ക്രൈംബ്രാഞ്ചുമാണ് ആദ്യം കേസന്വേഷിച്ചത്. അപകടം ആസൂത്രിതമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ഒന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ലഭിച്ചില്ല. അന്വേഷണം പൂര്‍ത്തിയാകുംമുമ്പെ ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ ആവശ്യപ്രകാരം കേസ് സിബിഐക്ക്.

ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍, ബന്ധു പ്രിയ വേണുഗോപാല്‍, ഭാര്യ ലക്ഷ്മി, ഇവരുടെ സഹോദരന്‍ പ്രസാദ്, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി, വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അര്‍ജുന്‍, കലാഭവന്‍ സോബി, പാലക്കാട്ടെ ആയുര്‍വേദാശുപത്രി നടത്തിപ്പുകാര്‍ എന്നിവരുടെ മൊഴി സിബിഐ എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News