കാർഷിക ബില്ലിനെതിരെ മഹാരാഷ്ട്രയിലും പ്രക്ഷോഭം

കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപകമായി നൂറ്റി അമ്പതോളം കർഷക സംഘടനകൾ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലും വിവിധ ഭാഗങ്ങളിലായി ആയിരങ്ങൾ അണി നിരന്നു.

പാൽഘർ , വിക്രംഗഡ്, താനെ, ഷഹാപൂര്‍, മീരാ റോഡ്, നാസിക് തുടങ്ങിയ സ്ഥലങ്ങളിലാണ് ചെങ്കൊടിയേന്തി കർഷകരും സി പി ഐ എം പ്രവർത്തകരും പ്രതിഷേധ സമരത്തിൽ പങ്കാളികളായത്.

കാർഷിക ബില്ലുകൾ പാസ്സാക്കിയ രീതി ഇന്ത്യൻ പാർലിമെന്റ് ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി അറിയപ്പെടുമെന്നാണ് ഓള്‍ ഇന്ത്യ കിസാന്‍ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ പറഞ്ഞത്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അശോക് ധാവളെ പറഞ്ഞു. കാർഷിക ബിൽ ഗുണം ചെയ്യുന്നത് കോർപ്പറേറ്റ് ലോബിക്കാണെന്നും ധാവളെ പറഞ്ഞു.

ഇന്ത്യയുടെ പരമ്പരാഗത കാർഷിക മേഖലയെ തകർക്കുന്ന നടപടിയാണ് ബി ജെ പി സർക്കാർ എടുത്തിരിക്കുന്നതെന്ന് മഹാരാഷ്ട്ര സംസ്ഥാന സി ഐ ടി യു വൈസ് പ്രസിഡന്റ് പി ആർ കൃഷ്ണൻ പറഞ്ഞു. കോവിഡിന്റെ മറവിൽ നടന്ന കർഷക വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിനാണ് മഹാരാഷ്ട്രയിലും തുടക്കമിട്ടിരിക്കുന്നതെന്ന് നിരവധി പോരാട്ട സമരങ്ങൾക്ക് നേതൃത്വം നൽകിയ പി ആർ കൃഷ്ണൻ പറഞ്ഞു

കാർഷിക ബിൽ കർഷക വിരുദ്ധമാണെന്നും കർഷക സമൂഹത്തെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്ന കേന്ദ്ര സർക്കാരിന്റെ കരിനിയമം റദ്ദാക്കുക തന്നെ വേണമെന്നും ലോക കേരള സഭാംഗം പി കെ ലാലി പറഞ്ഞു.

കാർഷിക രാജ്യമായ ഇന്ത്യയുടെ ഹൃദയത്തെ തകർക്കുന്ന ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് മഹാരാഷ്ട്രയിൽ ഉയർന്നിരിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel