എപ്പോഴാണ് ക്രിക്കറ്റിലേക്ക് എന്നെ വലിച്ചിഴക്കുന്നത് നിര്‍ത്തുക?; ഗാവസ്‌കറിനെതിരെ ശക്തമായ മറുപടിയുമായി അനുഷ്‌ക

ഐപിഎല്‍ മത്സരത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ സുനില്‍ ഗാവസ്‌കറിനെതിരെ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ.

ബെംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം നടക്കുമ്പോള്‍ കമന്ററി പറയുന്നതിനിടയിലാണ് ഗാവസ്‌കര്‍ കോലിയേയും ഭാര്യ അനുഷ്‌കയേയും കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.

ലോക്ക്ഡൗണ്‍ സമയത്ത് കോലി അനുഷ്‌കയുടെ ബൗളിങ്ങ് നേരിടാന്‍ മാത്രമാണ് പഠിച്ചതെന്നായിരുന്നു കമന്ററിക്കിടെ ഗവാസ്‌കര്‍ പറഞ്ഞത്. ഇതിനെതിരെയാണ് അനുഷ്‌ക ഇന്‍സ്റ്റാഗ്രാം പോസ്്റ്റിലൂടെ ശക്തമായി പ്രതികരിച്ചത്. ഭര്‍ത്താവിന്റെ മോശം പ്രകടനത്തില്‍ ഭാര്യയെ പഴിചാരുന്നത് എന്തിനാണെന്ന് അനുഷ്‌ക ചോദിച്ചു. ഗാവസ്‌കറുടെ പരാമര്‍ശം അരുചികരമായിരുന്നെന്നും അനുഷ്‌ക പറഞ്ഞു.

അനുഷ്‌കയുടെ പോസ്റ്റിങ്ങനെ;

” മിസ്റ്റര്‍ ഗവാസ്‌കര്‍, നിങ്ങളുടെ പരാമര്‍ശം തീര്‍ത്തും അരുചികരമാണെന്നതാണ് വസ്തുതയെങ്കിലും ഭര്‍ത്താവിന്റെ മോശം പ്രകടനത്തിന് ഭാര്യയെ പഴിചാരുന്ന തരത്തിലൊരു പ്രസ്താവന നടത്താന്‍ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് തോന്നിയതെന്നറിയാന്‍ എനിക്ക് താല്പര്യമുണ്ട്.

ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കമന്ററി പറയുമ്പോള്‍ ഓരോ കളിക്കാരുടെയും വ്യക്തി ജീവിതത്തെ നിങ്ങള്‍ മാനിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. എന്നെയും ഞങ്ങളെയും അതേ ബഹുമാനത്തോടെ തന്നെ കാണണമെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേ..?

കഴിഞ്ഞ രാത്രി എന്റെ ഭര്‍ത്താവിന്റെ പ്രകടനത്തെ കുറിച്ച് പറയാന്‍ നിങ്ങളുടെ മനസ്സില്‍ മറ്റ് അനേകം വാക്കുകളുണ്ടായിരുന്നെന്ന് എനിക്ക് അറിയാം. അവിടെ എന്റെ പേര് ഉപയോഗിച്ചാല്‍ മാത്രമേ നിങ്ങളുടെ വാക്കുകള്‍ പ്രസക്തമാകൂ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

2020 ആയിട്ടും എന്റെ കാര്യത്തില്‍ ഇപ്പോഴും മാറ്റമൊന്നുമില്ല. എപ്പോഴാണ് എന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് അവസാനിക്കുക? എപ്പോഴാണ് ഇത്തരം പ്രസ്താവനകള്‍ അവസാനിക്കുക?. ബഹുമാനപ്പെട്ട ഗാവസ്‌കര്‍, ഈ മാന്യന്‍മാരുടെ ഗെയിമിലെ പേരുകളില്‍ ഉയരത്തില്‍ നില്‍ക്കുന്ന വ്യക്തിയാണ് നിങ്ങള്‍. നിങ്ങളുടെ പ്രസ്താവന കേട്ടപ്പോള്‍ ഇത് നിങ്ങളോട് പറയണമെന്ന് തോന്നി”. അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന ബെംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ കോലി ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മോശം പ്രകടനമാണ് പുറത്തെടുത്തത്. പഞ്ചാബിന്റെ കെ.എല്‍ രാഹുലിനെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള അവസരം കോലി രണ്ട് തവണ നഷ്ടപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗാവസ്‌കറുടെ പരാമര്‍ശം.

ലോക്ഡൗണില്‍ അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ കോലി പങ്കുവച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു ഗവാസ്‌കറുടെ വിവാദ പ്രസ്താവന.

വീട്ടില്‍ ഇരിക്കുന്ന അനുഷ്‌കയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും കമന്റേറ്റര്‍മാരുടെ പാനലില്‍ നിന്ന് ഗാവസ്‌കറെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കോലിയുടേയും അനുഷ്‌കയുടേയും ആരാധകര്‍ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News