ബാർ കോഴ; കെ എം മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് ഉമ്മൻചാണ്ടിയുടെ ഗൂഢാലോചന; എ വിജയരാഘവൻ

ബാർകോഴ സമരം യുഡിഎഫിന്‍റെ അഴിമതിയ്ക്കെതിരായ രാഷ്ട്രീയ സമരമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. ബാർക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരുമാണ്.

കെഎം.മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുർബലനാക്കാനുള്ള ഉമ്മൻചാണ്ടിയുടെ ഗൂഢാലോചനയാണ്. ബാർക്കോഴയ്ക്കെതിരായ സമരത്തെ എൽ.ഡി.എഫ് നിരാകരിച്ചൂവെന്ന വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു എൽ.ഡി.എഫ് കൺവീനറുടെ പ്രതികരണം.

ബാർക്കോഴയ്ക്കെതിരെ നടത്തിയത് യു.ഡി.എഫിന്‍റെ അഴിമതിയ്ക്കെതിരായ രാഷ്ട്രീയ സമരമാണെന്നത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കി.

ബാർക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരുമാണെന്നും വിജയരാഘവൻ പറഞ്ഞു.

ബാർക്കോഴയ്ക്കെതിരായ സമരത്തെ എൽ.ഡി.എഫ് നിരാകരിച്ചൂവെന്ന രീതിയിൽ പത്രവാർത്ത അടിസ്ഥാനരഹിതമാണ്. കെഎം.മാണി അന്തരിച്ചതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട് അത്തരമൊരു ചർച്ച നടത്തുന്നത് തന്നെ ശരിയല്ല എന്നാണ് താൻ ലേഖകനോട് പറഞ്ഞത്.

അതിനെ വളച്ചൊടിക്കുകയാണ് ചെയ്തത്. എൽ.ഡി.എഫിനും സർക്കാരിനും എതിരെ ആസൂത്രിതമായി നടത്തിവരുന്ന നുണപ്രചാരണങ്ങളുടെ ഭാഗമാണ് ഇത്.

യു.ഡി.എഫിനെതിരായ സമരം കൃത്യമായ രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായിരുന്നു. അതിനെ നിരാകരിക്കേണ്ട ഒരു സാഹചര്യവും സംജാതമായിട്ടില്ലെന്നും എ.വിജയരാഘവൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here