നിലാവുപോലെ സുന്ദരമായ സംഗീതം; എസ് പി ബിയെ അനുസ്മരിച്ച്‌ മന്ത്രി എകെ ബാലന്‍

ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ നാദവിസ്മയമായ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി എകെ ബാലന്‍. നിലാവുപോലെ സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. അറുപതുകള്‍ മുതല്‍ അരനൂറ്റാണ്ടിലധികം അദ്ദേഹം നടത്തിയ സംഗീത സേവനം സിനിമയെ പുതിയ അനുഭൂതിതലത്തിലേക്കു ഉയര്‍ത്തിയിട്ടുണ്ട്.

തമിഴില്‍ എം ജി ആറിനും ശിവാജിഗണേശനും ലഭിച്ച താരപരിവേഷത്തിനു പിന്നില്‍ എസ്പിബിയുടെ ഹൃദയഹാരിയായ സംഗീതവുമുണ്ട്. ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയില്ലാതെ അദ്ദേഹം പാടിയ ഗാനങ്ങളാണ് ‘ശങ്കരാഭരണം ‘ സിനിമയെ ശാസ്ത്രീയസംഗീത പ്രചാരണത്തിനുള്ള ഏറ്റവും മികച്ച ഉപാധിയാക്കി എണ്‍പതുകളില്‍ മാറ്റിയത്.

കേരളത്തില്‍ എണ്‍പതുകളില്‍ ശാസ്ത്രീയസംഗീതം യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഈ സിനിമയും അതില്‍ എസ് പി ബി പാടിയ പാട്ടുകളും സഹായിച്ചു. മലയാളി പ്രേക്ഷകര്‍ ആ സിനിമയെ നെഞ്ചോട് ചേര്‍ത്തു. അറുപതുകളില്‍ തന്നെ ‘കടല്‍പ്പാലം’ എന്ന സിനിമയില്‍ അദ്ദേഹം പാടിയ ‘ഈ കടലും മറുകടലും’ എന്ന പാട്ടിലൂടെ അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായിരുന്നു.

ശങ്കരാഭരണം സിനിമയിലെ പാട്ടിലൂടെ അദ്ദേഹം ദേശീയതലത്തില്‍ അറിയപ്പെടുന്ന വലിയ ഗായകനായി മാറി. സിനിമയില്‍ എന്ത് സംഗീതമാണോ വേണ്ടത്, അത് നല്‍കിയെന്നാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കഥാപാത്രങ്ങളുടെ ഹൃദയസഞ്ചാരമായിരുന്നു അദ്ദേഹം പാട്ടിലൂടെ നല്‍കിയത്.

തമിഴ്, തെലുങ്ക് സിനിമകളുടെ വിജയ ചേരുവകളില്‍ ഏറെക്കാലം എസ് പി ബി ഒരു പ്രധാന ഘടകമായി നിലനിന്നു. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ജനിച്ച അദ്ദേഹം ദക്ഷിണേന്ത്യന്‍ സിനിമയുടെ തലസ്ഥാനമായ ചെന്നൈ നഗരത്തിന്റെ വളര്‍ത്തു പുത്രനായി മാറി.

16 ഇന്ത്യന്‍ ഭാഷകളിലായി 40000 ത്തോളം ഗാനങ്ങള്‍ അദ്ദേഹം റെക്കോഡ് ചെയ്തുവെന്നത് ആ രംഗത്ത് വലിയൊരു അത്ഭുതമാണ്. ആയുഷ്‌കാലം മുഴുവന്‍ നിറഞ്ഞുനിന്ന സംഗീതമെന്നു പറയാം. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡ് അദ്ദേഹത്തിന്റേതായുണ്ട്. ഒറ്റ ദിവസം 21 ഗാനങ്ങള്‍ റെക്കോഡ് ചെയ്ത അത്ഭുതവും അദ്ദേഹത്തിന്റെ പേരിലാണ്.

മൂന്ന് തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കാലത്തെ അതിജീവിച്ച് അനശ്വരമാകും. മലയാളികള്‍ക്ക് ഏറെ സ്‌നേഹവാത്സല്യങ്ങളുള്ള ആ മഹാ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News