തൃശൂരില്‍ സമരത്തിനിറങ്ങിയ കെഎസ്.യു നേതാവിനും പാനൂരിലെ 6 ലീഗുകാര്‍ക്കും കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ കുഞ്ഞുങ്ങളടക്കം നിരവധി പേര്‍; മരണവ്യാപാരികളെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരെ അക്രമസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെഎസ്.യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡിനും കോവിഡ്.

കഴിഞ്ഞയാഴ്ച ഉമ്മന്‍ചാണ്ടി രാമനിലയത്തില്‍ വന്നപ്പോള്‍ ഡേവിഡ് സ്വീകരിച്ചിരുന്നു. മറ്റു നിരവധി സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

തൃശൂര്‍ കിഴക്കേകോട്ട വഴി മന്ത്രി കടന്നുപോവുമ്പോള്‍ ഡേവിഡുള്‍പ്പെടെ പ്രവര്‍ത്തകര്‍ കാറിനുമുന്നിലേക്ക് ചാടാന്‍ ശ്രമിച്ചിരുന്നു. പൊലീസ് സംഘം തടഞ്ഞതിനെത്തുടര്‍ന്ന് മാസ്‌ക്‌പോലും ധരിക്കാതെ പൊലീസുമായി ഏറ്റുമുട്ടി. ഇവരെ ബലംപ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. തിരുവനന്തപുരത്തും സമരത്തിന് ഡേവിഡ് എത്തിയിരുന്നു.

കഴിഞ്ഞ ദിവസം കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയേലിനും കോവിഡ് സ്ഥിരീകരിച്ചു. ഒല്ലൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സമരങ്ങളിലും യോഗങ്ങളിലും പങ്കെടുത്തവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്‍പ്പെടെ പത്തുപേര്‍ക്ക് നേരത്തേ കോവിഡ് വന്നിരുന്നു. എംപി വിന്‍സെന്റ് ഡിസിസി പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, പാലത്തായി പീഡനക്കേസിന്റെ പേരില്‍ മുസ്ലിംലീഗ് പെരിങ്ങത്തൂരില്‍ നടത്തിയ ആള്‍ക്കൂട്ട സമരത്തില്‍ പങ്കെടുത്ത ആറുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ലീഗ് പാനൂര്‍ നഗരസഭാ ജനറല്‍ സെക്രട്ടറിക്കും മറ്റ് അഞ്ചുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 25 പേര്‍ക്കും പെരിങ്ങത്തൂരിലും പരിസര പ്രദേശങ്ങളിലുമായി വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുവയസ്സുള്ള കുഞ്ഞും 60 വയസ് കഴിഞ്ഞവരുമുണ്ട്. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച യൂത്ത് ലീഗ് നേതാവ് സമരത്തിലുടനീളം പങ്കെടുത്തതാണ് രോഗവ്യാപനത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News