സര്‍ക്കാരിന് അനാവശ്യ ചെലവെന്ന് ആരോപിക്കുന്ന ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളത് 25 പേര്‍; മാസം വാങ്ങുന്നത് 10 ലക്ഷത്തിലധികം രൂപ: തെളിവുകള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ അനാവശ്യ ചെലവ് ആരോപണം സ്ഥിരമായി ഉന്നയിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്ളത് 25 പേര്‍. പ്രതിമാസം ശമ്പളയിനത്തില്‍ 25 പേരും കൂടി വാങ്ങുന്നത് 10 ലക്ഷത്തിലധികം രൂപയും.

ശമ്പളം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെ സംബന്ധിച്ചും പ്രതിപക്ഷനേതാവ് ആക്ഷേപം ഉന്നയിക്കുമ്പോഴാണ് 35700 രൂപ മുതല്‍ 1,34500 രൂപ വരെ ശമ്പളം വാങ്ങുന്നവരെ പ്രതിപക്ഷനേതാവ് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് പ്രതിപക്ഷനേതാവിന്റെ സ്റ്റാഫുകളുടെ എണ്ണവും, ശമ്പളവും വ്യക്തമാക്കിയത്. ക്യാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവിന് ഇത്രയും സ്റ്റാഫായാല്‍ എന്താണ് കുഴപ്പമെന്ന ചോദ്യം ഇവിടെ ഉയരാം.

എന്നാല്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ എണ്ണത്തിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുകയും, അവര്‍ക്കെന്താണ് പണിയെന്ന് നിരന്തരം ചോദിക്കുകയും ചെയ്യുന്നിടത്താണ് പ്രതിപക്ഷനേതാവിന്റെ സ്റ്റാഫുകളുടെ എണ്ണത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. പൊതുഭരണവും, ആഭ്യന്തരവകുപ്പും ഉള്‍പ്പെടെ നിരവധി വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതെന്ന വസ്തുത മറച്ചു വച്ചാണ് പ്രതിപക്ഷ നേതാവ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നതാണ് വസ്തുത.

സര്‍ക്കാര്‍ ഫയലുകള്‍ നോക്കാന്‍ അധികാരമില്ലാത്ത പ്രതിപക്ഷനേതാവിന്റെ സ്റ്റാഫില്‍ ഉള്ളത് 25 പേരാണ്. 35700 രൂപ ശമ്പള സ്‌കെയില്‍ ഉള്ള ബിജു ജെഎസ് എന്ന കുക്ക് മുതല്‍ 1,34,500 രൂപ ശമ്പളം വാങ്ങുന്ന പ്രൈവറ്റ് സെക്രട്ടറി ഡോ .കെ അമ്പാടി വരെയുള്ളവര്‍ ആണ് രമേശ് ചെന്നിത്തലയുടെ സ്റ്റാഫില്‍ ഉള്ളത്. പ്രതിവര്‍ഷം ഒരു കോടി 20 ലക്ഷത്തിലധികം രൂപയാണ് ഇവര്‍ക്കായി ശമ്പളയിനത്തില്‍ നല്‍കുന്നത്.

പേഴ്‌സണല്‍ സ്റ്റാഫുകളുടെ ജോലി എന്തൊക്കെയാണ് എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിക്ഷിപ്തമായിട്ടുള്ള ജോലികള്‍ നിര്‍വഹിക്കുന്നതിന് അദ്ദേഹത്തെ സഹായിക്കുക എന്നതാണ് മറുപടി.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെയും ക്യാമ്പ് ഓഫീസിലെയും പ്രതിപക്ഷ നേതാവും പ്രൈവറ്റ് സെക്രട്ടറിയും കാലാകാലങ്ങളില്‍ നിര്‍ദേശിക്കുന്നതിനു അനുസരിച്ചുള്ള വിവിധ ജോലികള്‍ ആണ് സ്റ്റാഫുകള്‍ ചെയ്തുവരുന്നത്. ജോലികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക ഉത്തരവുകള്‍ ഒന്നും ഇറക്കിയിട്ടുമില്ല.

സര്‍ക്കാര്‍ അനാവശ്യചിലവുകള്‍ വരുത്തുന്നുവെന്ന് നിരന്തരം പറയുന്ന പ്രതിപക്ഷനേതാവിന് സ്റ്റാഫുകളുടെ എണ്ണത്തില്‍ കുറവ് വരുത്തി ഖജനാവിന്റെ ചോര്‍ച്ച കുറക്കുന്നതിന് സഹായിച്ചുകൂടെയെന്ന ചോദ്യം പ്രസക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News