മയക്കുമരുന്ന് കേസ്: ദീപികയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

ബോളിവുഡ് നടി ദീപിക പദുക്കോണ്‍ രാവിലെ 9.45നാണ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആസ്ഥാനത്ത് എത്തിയത്. കൊളംബയിലെ മുംബൈ പോര്‍ട്ട് ട്രസ്റ്റ് സമീപത്തുള്ള എന്‍ സി ബി ഗസ്റ്റ് ഹൌസിലാണ് ഇപ്പോള്‍ ദീപികയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്. ദീപിക തനിച്ചാണ് എന്‍ സി ബി ആസ്ഥാനത്ത് എത്തിയത്.

സാധാരണ ഉപയോഗിക്കാറുള്ള ആഡംബര കാറിലായിരുന്നില്ല എത്തിയതെന്നതും ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെ ദീപിക ഗസ്‌റ് ഹൌസിലേക്ക് കയറിയതിന് ശേഷമാണ് തടിച്ചു കൂടിയിരുന്നവര്‍ക്കും നടി ആസ്ഥാനത്ത് എത്തിയ വിവരം മനസിലായത്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിലെ മയക്കുമരുന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നല്കുന്നതിനായാണ് ദീപിക എത്തിയിരുന്നത്.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനൊപ്പം ഗോവയിലുണ്ടായിരുന്ന പദുകോണ്‍ വ്യാഴാഴ്ചയാണ് മുംബൈയില്‍ തിരിച്ചെത്തിയത്. അന്വേഷണ സംഘം സമന്‍സ് അയച്ചു നടിയെ മുംബൈയിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു.

ബോളിവുഡിലെ മയക്ക് മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മൊഴി നല്‍കുന്നതിനായാണ് നടിമാരായ ദീപിക പദുകോണ്‍, സാറാ അലിഖാന്‍ ശ്രദ്ധ കപൂര്‍ തുടങ്ങിയവരെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വിളിപ്പിച്ചിരിക്കുന്നത്.

ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിട്ടുണ്ട് . ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവരും ഇന്ന് തന്നെ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത് .

ഇന്നലെ ഏകദേശം നാല് മണിക്കൂറാണ് എന്‍സിബി രാകുല്‍ പ്രീത് സിങ്ങിനെ ചോദ്യം ചെയ്തത്. റെക്കോര്‍ഡു ചെയ്ത മൊഴി വിശകലനം ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍സിബിയുടെ ഡയറക്ടര്‍ ജനറല്‍ അശോക് ജെയിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശ്, മുന്‍ മാനേജര്‍ ശ്രുതി മോദി എന്നിവരെയും കേസില്‍ ചോദ്യം ചെയ്തു. കരിഷ്മ പ്രകാശിനെ ശനിയാഴ്ച വീണ്ടും വിളിപ്പിച്ചിരിക്കയാണ്. .

ബോളിവുഡില്‍ മയക്കുമരുന്ന് ബന്ധവുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് (ഇഡി) ലഭിച്ച നിര്‍ദ്ദേശ പ്രകാരമാണ് കേസ് അന്വേഷിക്കുന്ന മൂന്ന് ഏജന്‍സികളിലൊന്നായ എന്‍സിബി അന്വേഷണം നടത്തുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here