‘പെണ്ണിനെക്കുറിച്ചും എന്തും പറയാമെന്ന അഹങ്കാരത്തിന് ഭാഗ്യലക്ഷ്മി ചെയ്ത മറുപടിയേ നിലവിലുള്ളൂ’ ലക്ഷ്മി രാജീവ്

സ്ത്രീകളെ അപമാനിച്ച് അശ്ലീലപരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ലക്ഷ്മി രാജീവും.

ലക്ഷ്മി രാജീവ് പറയുന്നു: നിങ്ങള്‍ക്കെന്ത് തോന്നിയാലും ഭാഗ്യലക്ഷ്മിയും ദിയ സനയും ഇന്നു ചെയ്ത പ്രവൃത്തി സന്തോഷത്തോടെ കണ്ട, ഇനിയും സന്തോഷത്തോടെ മാത്രം കാണാനാവുന്ന ഒരു സാധാരണ മനുഷ്യസ്ത്രീയാണ് ഞാന്‍.

ഒരാളെ കയ്യേറ്റം ചെയ്യുന്നതിലെ ശരികേടിനെക്കുറിച്ച് പറയുന്നവര്‍ ഇന്നാട്ടിലെ എണ്ണമറ്റ സ്ത്രീകളെ ബലാല്‍സംഗം ചെയ്തും വെര്‍ബല്‍ റേപ്പ് ചെയ്തും മദിച്ചുപുളക്കുന്ന ആണുങ്ങളുടെ ശരികേട് എന്നെങ്കിലും അറിഞ്ഞിട്ടുണ്ടോ? എന്തെങ്കിലും അനുഭവിച്ചിട്ടുണ്ടോ? അതില്ലെങ്കില്‍ മിണ്ടാതിരിക്കണം. നിയമബഹുമാനമൊന്നും പഠിപ്പിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ല. ഏതു സമരത്തിലും നിയമലംഘനത്തിന്റെ ഒരംശമുണ്ടാവും.

നീതി നടപ്പാക്കപ്പെടാത്ത സമൂഹത്തില്‍ നിയമലംഘനം നടത്താതെ ഒരു സമരവുമില്ല. ഞാനീ സംഭവം സ്ത്രീകളുടെ ആത്മാഭിമാനത്തിനു വേണ്ടി നടന്നൊരു സമരമായാണ് കാണുന്നത്. നിയമലംഘനം നടന്നെന്ന് പരാതിയുള്ളവര്‍ അവര്‍ക്കെതിരെ കേസ് കൊടുത്തോളൂ. നൂറായിരം സൈബര്‍ ആണ്‍ ക്രിമിനലുകളുടെ കേസുകള്‍ക്കു മേല്‍ ഒരു നടപടിയും എടുക്കാനാവാത്ത ഇന്നാട്ടിലെ നിയമസംവിധാനത്തിന് ഈ ‘കുറ്റകൃത്യ’ത്തിന് അവരെ ശിക്ഷിക്കാനാണ് ധൃതിയെങ്കില്‍ അതു നടക്കട്ടെ. എന്നാലും ഞാന്‍ അവര്‍ക്കൊപ്പമാണ്.

കയ്യിലൊരു മൊബൈലും നൂറു രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഇന്റര്‍നെറ്റും ഉണ്ടെന്നു വെച്ച് നാട്ടിലേത് പെണ്ണിനെക്കുറിച്ചും എന്തും പറയാം എന്ന അഹങ്കാരത്തിന് ഇന്ന് ഭാഗ്യലക്ഷ്മിയും ദിയ സനയും ചെയ്ത മറുപടിയേ നിലവിലുള്ളൂ. അങ്ങനെ അവര്‍ പ്രതികരിക്കേണ്ട ആവശ്യമില്ലാത്ത ഒരു നാട് സൃഷ്ടിക്കേണ്ടതും ഇത്തരം ക്രിമിനലുകളെ അര്‍ഹമായി ശിക്ഷിക്കേണ്ടതും ഈ നാട് ഭരിക്കുന്നവരുടെ ചുമതലയായിരുന്നു.

അത് ഇന്നോളം നടക്കാത്തതു കൊണ്ടാണ് ഇന്നവര്‍ക്കിത് വേണ്ടി വന്നത്.ഈ അടി ചെന്ന് കൊള്ളുന്ന മുഖങ്ങള്‍ പലതാണ്. ഓര്‍ത്തപ്പോള്‍ ഒരു സന്തോഷം.

ആത്മാഭിമാനമുള്ള ആണുങ്ങള്‍ ഈ നാട്ടിലുണ്ടെങ്കില്‍ അവരെ ഇത് ചെയ്യിക്കേണ്ടി വന്നതില്‍ സ്വയം ലജ്ജിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here