തിരുവനന്തപുരം: സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെട്ടിപ്പൊക്കുന്ന വീടുകള്‍ പോലും തട്ടിത്തെറിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം വളര്‍ത്തുന്നവര്‍ അത് ചെയ്യട്ടെയെന്നും മന്ത്രി എകെ ബാലന്‍.
മന്ത്രി എകെ ബാലന്റെ വാക്കുകള്‍: അന്തരിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശ്രീ. പി.കെ. വേലായുധന്റെ ഭാര്യ ശ്രീമതി. ഗിരിജാ വേലായുധന് തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീട് നല്‍കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം ചില്ലറയല്ല. ശ്രീ. പി.കെ. വേലായുധന്‍ അന്തരിച്ച ശേഷം ശ്രീമതി. ഗിരിജയുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. കിട്ടുന്ന തുഛമായ പെന്‍ഷന്‍ കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അവര്‍ ക്ലേശിച്ചു. വാടക കൊടുക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടി.
ഈ സാഹചര്യത്തില്‍ തന്റെ ദയനീയ സ്ഥിതി കോണ്‍ഗ്രസ് നേതാവായ എ. കെ. ആന്റണിയടക്കമുള്ളവരെ ധരിപ്പിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. തന്റെ സ്ഥിതി വിവരിച്ച് ഒരു കത്ത് 2014ല്‍ കെ പി സി സി പ്രസിഡന്റായ ശ്രീ. വി. എം. സുധീരന് കത്ത് നല്‍കി. അദ്ദേഹം ഒരു ശുപാര്‍ശക്കത്തോടെ അത് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിക്ക് നല്‍കി. പക്ഷേ ഒന്നും സംഭവിച്ചില്ല.
തന്റെ ദയനീയ സ്ഥിതി വിവരിച്ച് അവര്‍ ഒരു അപേക്ഷ എനിക്ക് തന്നിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ കല്ലടിമുഖത്ത് നിര്‍മ്മിച്ച ഫ്‌ലാറ്റുകളിലൊന്ന് കൊടുക്കാന്‍ കഴിയുമോ എന്ന് മേയര്‍ ശ്രീ. ശ്രീകുമാറിനോട് ഞാന്‍ ആരാഞ്ഞു. കഴിയുമെങ്കില്‍ ഒരു ഫ്‌ലാറ്റ് കൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. കോര്‍പറേഷന്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. ശ്രീമതി. ഗിരിജയുടെ ജീവിത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവര്‍ക്ക് ഒരു വീട് നല്‍കാന്‍ തീരുമാനിച്ചു.
എല്ലാവര്‍ക്കും തലചായ്ക്കാന്‍ സ്വന്തമായ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള മനുഷ്യത്വപൂര്‍ണമായ തീരുമാനമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ എടുത്തത്. സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കെട്ടിപ്പൊക്കുന്ന വീടുകള്‍ പോലും തട്ടിത്തെറിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം വളര്‍ത്തുന്നവര്‍ അത് ചെയ്യട്ടെ.

Get real time update about this post categories directly on your device, subscribe now.