ഒരുത്തനിട്ട് പൊട്ടിച്ചപ്പോഴേക്കും എത്ര പേര്‍ക്കാണ് കൊണ്ടത്! ദീപാ നിശാന്തിന്റെ കുറിപ്പ്

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി.നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മി പ്രതികരിച്ച സംഭവത്തില്‍ പ്രതികരണവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്.

ദീപ നിശാന്തിന്റെ വാക്കുകള്‍: അയാള്‍ക്ക് തല്ല് കിട്ടുന്ന വീഡിയോയാണ് ആദ്യം കണ്ടത്. കാണുമ്പോള്‍ സാധുവാണെന്നു തോന്നുന്ന രൂപമൊക്കെത്തന്നെയായതുകൊണ്ടും ചുറ്റുമുള്ള ബഹളം കൊണ്ടും സംഗതി കൃത്യമായി പിടി കിട്ടിയില്ല. അയാളുടെ മുഖത്തിലൂടെ ഒഴുകുന്നത് രക്തമാണെന്നു കരുതി അത്തരം അക്രമത്തോട് താല്‍പ്പര്യമില്ലാത്തതിനാല്‍ അയാളോട് അനുഭാവം തോന്നുകയും ചെയ്തു.

നിയമവ്യവസ്ഥയുള്ള ഒരു നാട്ടില്‍ ഇവരെന്താണീ കാട്ടുന്നതെന്ന ചിന്ത വന്നു. ആ അനുഭാവം അയാള്‍ടെ വീഡിയോകള്‍ കണ്ടപ്പോ മാറിക്കിട്ടി.നാല് തല്ല് കൂടുതല്‍ കിട്ടേണ്ടതായിരുന്നു എന്നേ ഇപ്പോ തോന്നുന്നുള്ളൂ.

സ്വന്തം മനസ്സിലെ വൃത്തികേട് യൂ ട്യൂബ് ചാനലിലും ഫേസ്ബുക്കിലും വിളമ്പി നാല് നേരോം മൃഷ്ടാന്നമുണ്ണുന്നവന്മാര്‍ക്കൊക്കെ അടി കിട്ടിയാല്‍ അതില്‍ സന്തോഷിക്കുകയേ ഉള്ളൂ. കൊച്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പീഡോകള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും കൂടി ആ അടി കിട്ടേണ്ടതുണ്ടെന്നു വിചാരിക്കത്തക്ക പൊ.ക.( പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്)യേ തല്‍ക്കാലം കയ്യിലുള്ളൂ.

തെറിച്ചു പോകുന്നതാണ് തെറി.അവരുടെ അമര്‍ഷം, സങ്കടം ഒക്കെ അതിലൂടെ പുറത്തുചാടും. സന്ദര്‍ഭമാണ് ശരിതെറ്റുകളെ നിര്‍ണയിക്കുന്നത്. മാറിനിന്നു നോക്കി രസിക്കുന്നവരുടെ സംയമനമൊന്നും അനുഭവിച്ചവര്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. മഞ്ഞപ്പത്രങ്ങളില്‍ വാര്‍ത്ത വന്നതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന പെണ്‍കുട്ടികള്‍ ഇന്നാട്ടിലുണ്ടായിട്ടുണ്ട്.

ദേഷ്യം വരുമ്പോ ‘ വത്സ സൗമിത്രേ കുമാരാ മനോഹരാ.. ‘ ന്ന് പാടി ദേഷ്യം തീര്‍ക്കാനൊന്നും എല്ലാവര്‍ക്കും പറ്റില്ല. കിളിപ്പാട്ടല്ല,തെറിപ്പാട്ടേ വരൂ. അതുകൊണ്ട് ഉത്തമമനുഷ്യര്‍ ശബ്ദതാരാവലിയോ മറ്റോ നോക്കി മലയാളത്തില്‍ സ്ത്രീവിരുദ്ധമല്ലാത്ത ദളിത് വിരുദ്ധമല്ലാത്ത കുറച്ച് തെറികള്‍ കണ്ടു പിടിച്ച് കൊടുക്കണം. അവര് പ്രയോഗിക്കട്ടെ. ശ്ശെടാ ! ഒരുത്തനിട്ട് പൊട്ടിച്ചപ്പോഴേക്കും എത്ര പേര്‍ക്കാണ് കൊണ്ടത്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News