സഞ്ജുവും സ്മിത്തും പിന്നെ.. തെവാട്ടിയയും; തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ്

ഷാര്‍ജയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സിക്സര്‍ മഴ പെയ്തു. പഞ്ചാബും പിന്നീട് രാജസ്ഥാനും മത്സരിച്ച്‌ തകര്‍ത്തടിച്ച ആവേശപ്പോരാട്ടത്തില്‍ ഒടുവില്‍ വിജയം രാജസ്ഥാനൊപ്പം. മത്സരത്തില്‍ ഏറിയ പങ്കും ചിത്രത്തില്‍ പോലുമില്ലാതിരുന്ന രാജസ്ഥാനെ അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയുടെ കടന്നാക്രമണമാണ് വിജയത്തിലേക്ക് കൈപിടിച്ചത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി രാജസ്ഥാന്‍ ഇന്നിങ്സിന് അടിസ്ഥാനമിട്ട മലയാളി താരം സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ടീമിന്റെ യഥാര്‍ഥ വിജയശില്‍പികള്‍. സഞ്ജുവിന്റെ നിര്‍ണായക വിക്കറ്റും നിര്‍ണായക ഘട്ടത്തില്‍ റോബിന്‍ ഉത്തപ്പയുടെ വിക്കറ്റുമെടുത്ത മുഹമ്മദ് ഷമിയെ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തി സമ്മര്‍ദ്ദമയച്ച ജോഫ്ര ആര്‍ച്ചറും നിര്‍ണായക സംഭാവന നല്‍കി.

ഒടുവില്‍, നേരിട്ട ആദ്യ പന്തില്‍ത്തന്നെ ബൗണ്ടറി നേടി ടോം കറന്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ചു. പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ബാക്കിനിര്‍ത്തിയാണ് രാജസ്ഥാന്‍ മറികടന്നത്.

42 പന്തില്‍ നാലു ഫോറും ഏഴു സിക്സും സഹിതം 85 റണ്‍സെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ഇതിനിടെ സഞ്ജു ഐപിഎലില്‍ 100 സിക്സും പിന്നിട്ടു. സ്റ്റീവ് സമിത്ത് 27 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സും സഹിതം 50 റണ്‍സെടുത്തു.

തെവാട്ടിയ 31 പന്തില്‍ ഏഴു പടുകൂറ്റന്‍ സിക്സറുകള്‍ സഹിതം 53 റണ്‍സെടുത്തു. ഇതില്‍ ഷെല്‍ഡണ്‍ കോട്രലിന്റെ ഒരു ഓവറില്‍ നേടിയ അഞ്ച് സിക്സറുകളും ഉള്‍പ്പെടന്നു. ജോഫ്ര ആര്‍ച്ചര്‍ മൂന്നു പന്തില്‍ 13 രണ്‍സോടെയും ടോം കറന്‍ ഒരു പന്തില്‍ നാലു റണ്‍സോടെയും പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News