ഭാഗ്യലക്ഷ്മിയുടെത് അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതികരണം: പിന്തുണയേറുന്നു

തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്ക് പൂര്‍ണ പിന്തുണയുമായി വനിതാ കമ്മീഷന്‍.

ഭാഗ്യലക്ഷ്മിയുടെത് അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതികരണമാണെന്നും അതിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

അപമാനിക്കപ്പെടുന്ന സ്ത്രീത്വം ക്ഷമ കെടുബോള്‍ പ്രതികരിക്കും. അങ്ങനെ ഒരു പ്രതികരണം തന്നെയാണ് ഭാഗ്യലക്ഷ്മിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കയ്യേറ്റവും മര്‍ദ്ദനവും എല്ലാം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നും എന്നാല്‍ പൊലീസ് നടപടിയില്‍ ഇരട്ട നീതി ഉണ്ടാകരുതെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ ആക്രമണം ഉണ്ടാകുന്നു. ഈ സാഹചര്യത്തില്‍ സൈബര്‍ നിയമത്തിന്റെ പരിമിതികളെക്കുറിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കുമെന്നും എംസി ജോസഫൈന്‍ അറിയിച്ചു.

ദുര്‍ബലമായ സൈബര്‍ നിയമങ്ങള്‍: സൈബര്‍ കയ്യേറ്റക്കാര്‍ തന്നെ ജയിക്കുന്ന ലോകം

കൊച്ചി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെക്കൊണ്ട് മാപ്പ് പറയിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്.

ഡബ്ല്യു.സി.സിയുടെ പ്രതികരണം: ദുര്‍ബലമായ സൈബര്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന നാടാണ് നമ്മുടെത്. ഇവിടെ സ്ത്രീകള്‍ക്ക് പൊതു ഇടത്ത് എന്ന പോലെ സൈബര്‍ ഇടത്തിലും ലിംഗനീതി എന്നത് അസാധ്യമാണ്. വുമണ്‍ ഇന്‍ സിനിമാ കലക്ടീവിലെ അംഗങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങളത് അനുഭവിച്ചിട്ടുള്ളതുമാണ്. ഒന്നും സംഭവിച്ചിട്ടേയില്ല. ഒരു നീതിയും നടപ്പാക്കപ്പെട്ടില്ല. സൈബര്‍ കയ്യേറ്റക്കാര്‍ തന്നെ ജയിക്കുന്ന ലോകമാണിത്. ഭരണഘടന ഉറപ്പ് നല്‍കുന്ന ലിംഗസമത്വവും സാമൂഹ്യ ജീവിതത്തില്‍ അസാധ്യമായിരിക്കുന്നത് തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലെല്ലാം നിലകൊള്ളുന്നത് പുരുഷാധികാരവും അതിന്റെ പ്രത്യയശാസ്ത്രങ്ങളുമാണ് എന്നതിനാലാണ്. ഇതിനൊരു തിരുത്തുണ്ടാകാനും നയരൂപീകരണത്തിനും സൈബര്‍ വിദഗ്ദരുമായി ഡബ്ല്യു.സി.സി. നിരവധി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്. തൊഴിലിടത്തിലെ ഐ.സി.സി. പോലെ പ്രധാനമാണ് പൊതു ഇടത്തെ സൈബര്‍ നയവും.

ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും നടത്തിയത് സ്വാഭാവിക പ്രതിഷേധമെന്ന് പുകാസ

തിരുവനന്തപുരം: അശ്ലീലപരാമര്‍ശം നടത്തിയ വിജയ്.പി.നായര്‍ എന്നയാള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പുരോഗമന കലാ സാഹിത്യസംഘം ആവശ്യപ്പെട്ടു.

പുരോഗമന കലാസാഹിത്യസംഘം പ്രസ്താവന: യൂടൂബ് ചാനലിലൂടെ സ്ത്രീകളെ നിരന്തരം അശ്ലീലമായി അപമാനിച്ചുകൊണ്ടിരിക്കുന്ന വിജയ്.പി.നായര്‍ എന്നയാളെ അറസ്റ്റ് ചെയ്യണമെന്ന് പുരോഗമന കലാ സാഹിത്യസംഘം ആവശ്യപ്പെടുന്നു. അയാള്‍ക്കെതിരെ സിനിമാ ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും നടത്തിയ പ്രതിഷേധം സ്വാഭാവികമാണ്. മാന്യമായ ജീവിതവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നവര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണം. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തതകള്‍ പലവിദഗ്ദരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കഠിനശിക്ഷ കിട്ടുന്ന വിധത്തില്‍ നിയമത്തെ പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന സംഭവം വ്യക്തമാക്കുന്നു.

സമൂഹത്തിന്റെ മുന്നിലേക്കു വരുന്ന പ്രതിഭാശാലികളായ വനിതകള്‍ക്ക് നേരെ അവരെ വ്യംഗമായി സൂചിപ്പിച്ചു കൊണ്ട് കേട്ടാലറക്കുന്ന തെറിയഭിഷേകമാണ് വിജയ്.പി.നായര്‍ പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ സുരക്ഷയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കുലസ്ത്രീ സദാചാര സങ്കല്പങ്ങളുടെ പിന്‍ബലത്തിലാണ് ഈ ആക്ഷേപങ്ങള്‍ എന്നത് സംഗതിയെ കൂടുതല്‍ ഗൗരവതരമാക്കുന്നു. ഇത് ഒരു വ്യക്തിയുടെ മാനസിക വൈകല്യമായി കാണാന്‍ കഴിയില്ല. സമൂഹത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന മനുവാദി ഫ്യൂഡല്‍ ജീര്‍ണ്ണതയുടെ ബഹിര്‍സ്ഫുരണങ്ങളാണിത്. സതിയനുഷ്ടിച്ചിരുന്ന സ്ത്രീത്വമാണ് ഇവരുടെ മാതൃക.

ആധുനിക ജനാധിപത്യ കേരളത്തെ പിന്‍നടത്താനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സ്ത്രീകളുടെ സംഘടിത പ്രതിരോധമാണ് ഉണ്ടാവേണ്ടത്. മുന്നിലേക്ക് വരുന്ന സ്ത്രീക്കൊപ്പം പൊതുസമൂഹം എല്ലായ്‌പ്പോഴും നിലയുറപ്പിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News