പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു തുടങ്ങി; പുനര്‍ നിര്‍മ്മിക്കുന്നത് ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി

കൊച്ചി: നിര്‍മാണപ്പിഴവുമൂലം തകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലം സുപ്രീംകോടതി വിധിയനുസരിച്ച് പൊളിക്കുന്നത് ആരംഭിച്ചു.

ടാറിങ് നീക്കലും ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതുമാണ് ആദ്യദിവസങ്ങളില്‍ നടക്കുക. തകര്‍ന്ന ഗര്‍ഡറുകള്‍ നീക്കുന്നത് ബുധനാഴ്ചയോടെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പുനര്‍നിര്‍മാണത്തിനായി എച്ച്എംടി ഭൂമിയിലെ മെട്രോയുടെ നിര്‍മാണ യാര്‍ഡില്‍ ഗര്‍ഡറുകള്‍ വാര്‍ക്കുന്ന ജോലിയും സമാന്തരമായി ആരംഭിക്കും.

തകര്‍ന്ന ഭാഗങ്ങള്‍ മുഴുവന്‍ പൊളിച്ചുനീക്കാന്‍ രണ്ടുമാസം വേണ്ടിവരുമെന്ന് നിര്‍മാണകരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതര്‍ അറിയിച്ചു. വിദഗ്ധരായ തൊഴിലാളികളാണ് ഗര്‍ഡര്‍ മുറിച്ചുനീക്കുക. ഇവ കടല്‍ഭിത്തി നിര്‍മാണത്തിന് ഉപയോഗിക്കാനാണ് ഡിഎംആര്‍സി ഉദ്ദേശിക്കുന്നത്.

ഊരാളുങ്കല്‍ സൊസൈറ്റിക്ക് കീഴിലെ തൊഴിലാളികളാണ് പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തില്‍ പ്രധാന പങ്കാളികള്‍. വിദഗ്ധതൊഴിലിന് ഉള്‍പ്പെടെ 20 ശതമാനം അതിഥിത്തൊഴിലാളികളാണ്.

ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സിയുടെ നിര്‍ദേശപ്രകാരമാണ് ജോലികള്‍ നടക്കുകയെന്ന് ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. നേരത്തേ നിശ്ചയിച്ച തുകയ്ക്കുതന്നെയാണ് നിര്‍മാണം. ഡിഎംആര്‍സിയുമായി അവസാനവട്ട ചര്‍ച്ച നടത്തി.

വലിയ ഗതാഗതത്തിരക്കുള്ള പ്രദേശമാണ് പാലാരിവട്ടം. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകാതെ സുരക്ഷിതമായി നിര്‍മാണം പൂര്‍ത്തിയാക്കണം. നിശ്ചിതസമയത്തിനുള്ളില്‍ത്തന്നെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ ചീഫ് എന്‍ജിനിയര്‍ എ പി പ്രമോദാണ് പൊളിക്കലിനും പുനര്‍നിര്‍മാണത്തിനും നേതൃത്വം നല്‍കുക. ഡിഎംആര്‍സിയിലെ മുന്‍ ചീഫ് എന്‍ജിനിയര്‍ കേശവചന്ദ്രനും എത്തും.

പാലത്തില്‍ ആകെയുള്ള 102 ഗര്‍ഡറുകള്‍ പൊളിച്ചുനീക്കി പുതിയത് സ്ഥാപിക്കാനാണ് ഡിഎംആര്‍സി നിര്‍ദേശിച്ചിട്ടുള്ളത്. 17 സ്പാനുകളും മാറ്റി പുതിയത് സ്ഥാപിക്കണം. തൂണുകളും തൂണുകളുടെ മുകള്‍ഭാഗവും ബലപ്പെടുത്തണം. ലോഹ ബെയറിങ്ങുകളും മാറ്റേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News