‘യുഡിഎഫിന്റെ പഞ്ചവടിപ്പാലം’ പൊളിക്കുന്നത് യഥാര്‍ഥ ‘പഞ്ചവടിപ്പാല’ത്തിന്റെ വാര്‍ഷിക ദിനത്തില്‍

രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ പാലാരിവട്ടം പാലം ഇന്ന് പൊളിച്ച് തുടങ്ങും. യുഡിഎഫ് ഭരണത്തിന്റെ അവസാന കാലഘട്ടത്തില്‍ ഉദ്ഘാടനം ചെയ്ത പാലം 100 വര്‍ഷം നിലനില്‍ക്കുമെന്നും പ്രത്യേക സംവിധാനം ഉപയോഗിച്ച് നിര്‍മിച്ച പാലമാണെന്നുമൊക്കെയായിരുന്നു യുഡിഎഫിന്റെയും പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെയും അവകാശവാദം.

എന്നാല്‍ പാലം ഉദ്ഘാടനം ചെയ്ത് രണ്ടുവര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിള്ളലുകള്‍ കണ്ടെത്തുകയും പാലം അടച്ചിടുകയുമായിരുന്നു.

പാലം നിര്‍മാണവും അതിലെ അഴിമതിയെ തുടര്‍ന്ന് ഉദ്ഘാടന ദിവസം തന്നെ പൊളിഞ്ഞുവീഴുന്ന പാലവുമൊക്കെ ഉള്‍ച്ചേരുന്ന ഒരു രസകരമായ കഥയുടെ ദൃശ്യാവിഷ്‌കാരമായി പഞ്ചവടിപ്പാലം എന്ന മലയാള സിനിമ പുറത്തിറങ്ങിയിട്ട് 36 വര്‍ഷം തികയുകയാണ്.

സിനിമ പുറത്തിറങ്ങി 36 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ദിവസം തന്നെയാണ് രാഷ്ട്രീയ വാഗ്വാദങ്ങളില്‍ പലപ്പോഴായി പഞ്ചവടിപ്പാലത്തോട് ഉപമിക്കപ്പെട്ട പാലാരിവട്ടം പാലം പൊളിച്ച് തുടങ്ങുന്നതെന്നത് തീര്‍ത്തും യാദൃശ്ചികംമാത്രം.

എട്ട് മാസത്തിനുള്ളില്‍ പാലം പൊളിച്ച് പുതുക്കി പണിയാനാണ് സര്‍ക്കാര്‍ തീരുമാനം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പൊളിച്ചുപണിയുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.

ആദ്യഘട്ടത്തില്‍ പാലത്തിലെ ടാറ് ഇളക്കിമാറ്റുന്ന ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി ഡി.എം.ആര്‍.സിയുടെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here