കൊവിഡ് വ്യാപനവും ലോക്ക്ഡൗണും തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ മറികടക്കാന്‍ പുതിയ മാര്‍ഗവുമായി കോഴിക്കോട് മിഠായിത്തെരുവിലെ കച്ചവടക്കാര്‍.
മിഠായിത്തെരുവിലെ മധുരവും തുണിത്തരങ്ങളുമെല്ലാം ഓണ്‍ലൈനായി കോഴിക്കോട്ടുകാരുടെ വീട്ടുപടിക്കലെത്തിക്കും. എസ്.എം സ്ട്രീറ്റ് എന്ന ആപ്പിലൂടെയാണ് ഓണ്‍ലൈന്‍ കച്ചവടത്തിനു തുടക്കമിടുന്നത്. ഫിക്സോ എന്ന ഇ കൊമേഴ്സ് സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി.
നഗരപരിധിയില്‍ ഉള്ള ആളുകളാണെങ്കില്‍ രണ്ട് മണിക്കൂറിനകം ഓര്‍ഡര്‍ ചെയ്തവ എത്തിച്ചു നല്‍കുമെന്ന് കച്ചവടക്കാര്‍ പറയുന്നു. കടകളിലേതിനു സമാനമായി വിലപേശി സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഓണ്‍ലൈനില്‍ ഉണ്ടാവും. ഒക്ടോബര്‍ പതിനഞ്ചിനുള്ളില്‍ ഓണ്‍ലൈന്‍ വിപണനം തുടങ്ങാനാണ് വ്യാപാരികള്‍ ഉദ്ദേശിക്കുന്നത്.
കൊവിഡ് വ്യാപനം അടുത്ത് കാലത്ത് മിഠായി തെരുവിലെ കച്ചവടക്കാര്‍ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. നിരന്തരം ആളുകള്‍ വന്നിരുന്ന കടകളില്‍ ചില ദിവസങ്ങളില്‍ തീരെ കച്ചവടമില്ലാത്ത സ്ഥിതിയാണ്.
കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വ്യാപാരികളുടെ പുതിയ പദ്ധതി.
സംസ്ഥാനത്ത് ഞായറാഴ്ച സ്ഥിരീകരിച്ച 7445 കൊവിഡ് കേസുകളില്‍ 956 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. സംസ്ഥാനത്ത് ഞായറാഴ്ച ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നാണ്.

Get real time update about this post categories directly on your device, subscribe now.