ബാലഭാസ്‌കറിന്റെ അപകട മരണം: സുഹൃത്ത് വിഷ്ണു സോമസുന്ദരത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ സംശയം പ്രകടിപ്പിച്ച് സിബിഐ സംഘം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് വിഷ്ണു സോമസുന്ദരരത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ബാലഭാസ്‌കര്‍ വിഷുണു സോമസുന്ദരത്തിന് 50 ലക്ഷം രൂപ നല്‍കിയിരുന്നതായി സിബിഐ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഈ തുക വിഷ്ണു സ്വര്‍ണക്കടത്തില്‍ നിക്ഷേപിച്ചതായി സിബിഐക്ക് സംശയമുണ്ട്. സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരത്തിനും പ്രകാശന്‍ തമ്പിക്കും ബാലഭാസ്‌കര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായി നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ സംഘവും ഇക്കാര്യത്തില്‍ സംശയമുന്നയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ വിഷ്ണു സോമസുന്ദരത്തിന് 2018 മാര്‍ച്ചിലാണ് പണം നല്‍കിയത്. എന്നാല്‍ ഈ പണം വിഷ്ണു സോമസുന്ദരം തിരിച്ചുനല്‍കിയിട്ടില്ല. 50 ലക്ഷം രൂപ സ്വര്‍ണക്കടത്തിന് നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് സിബിഐ സംഘത്തിന്റെ സംശയം.

ഇതിന്റെ അടിസ്ഥാനത്തില്‍ വിഷ്ണു സോമസുന്ദരത്തിന്റെയും പ്രകാശന്‍ തമ്പിയുടെയും മറ്റ് സ്വത്തുക്കള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. വിഷ്ണു സോമസുന്ദരത്തിന്റെയും പ്രകാശന്‍ തമ്പിയുടെയും നുണപരിശോധന കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നു.

കലാഭവന്‍ സോബിയെ നാളെ വീണ്ടും നുണപരിശോധനയ്ക്ക് വിധേയനാക്കും. ചില കാര്യങ്ങളില്‍ വ്യക്തത തേടിയാണ് വീണ്ടും നുണപരിശോധന നടത്തുന്നത്. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ വരുംദിവസങ്ങളില്‍ നടത്താനും ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News