‘വേണ്ടത് തന്നെ ടാര്‍ജറ്റ് പരമാവധി നേടിയെടുത്തല്ലോ’; പ്രത്യക്ഷ സമരം നിര്‍ത്തിയെന്ന പ്രതിപക്ഷ പ്രഖ്യാപനത്തോട് രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ എംഎ നിഷാദ്

സംസ്ഥാനത്ത് ഇനി മുതല്‍ പ്രത്യക്ഷ സമരങ്ങള്‍ സംഘടിപ്പിക്കില്ലെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള സമരങ്ങളും പ്രതിഷേധങ്ങളും മാത്രമേ സംഘടിപ്പിക്കൂ എന്ന പ്രതിപക്ഷ തീരുമാനത്തോട് രൂക്ഷമായ ഭാഷയില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച് സംവിധായകന്‍ എംഎ നിഷാദ്.

തുടക്കം മുതല്‍ പ്രതിപക്ഷ സമരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നത് സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴൊക്കെയും അതിനോട് മുഖം തിരിച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം ചെയ്തിരുന്നത്.

പ്രതിപക്ഷത്തെ നേതാക്കളില്‍ പലര്‍ക്കും സമരക്കാര്‍ക്കുമൊക്കെ തുടര്‍ച്ചയായി കൊവിഡ് സ്ഥിരീകരിക്കുന്നതിനിടെയാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ തുടക്കം മുതല്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങളൊക്കെയും പ്രതിപക്ഷം പരസ്യമായി ലംഘിക്കുകയായിരുന്നു തുടര്‍ച്ചയായി. ഇതിനെയും എംഎ നിഷാദ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ആൾക്കൂട്ട അക്രമങ്ങളും,സമരാഭാസങ്ങളും
നിർത്തിയെന്ന് കോ ലീ ബീ സഖ്യം…
വേണ്ടത് തന്നെ..ടാർജറ്റ് പരമാവധി നേടിയെടുത്തല്ലോ ( Achieve )…
അറിയാത്ത പുളളക്ക് ചൊറിയുമ്പോൾ മനസ്സിലാകുമെന്നൊരു ചൊല്ലുണ്ട്…അതായത്,കോവിഡെന്ന മഹാമാരിക്ക്,അങ്ങനെ പ്രത്യേകിച്ചാരോടും മമതയില്ല..എല്ലാവരേയും ഇഷ്ടമാണ്..അത് കൊണ്ടാണല്ലോ നേതാക്കന്മാർക്ക് വരെ കൊറോണ പിടിപെട്ടത്…പാവപ്പെട്ട അണികളെ സമരരംഗത്തേക്ക് പറഞ്ഞിളക്കി വിട്ട്,അവരിൽ പലരും രോഗബാധിതരായപ്പോൾ,നേതാക്കന്മാർക്ക് മനസ്സിലായി,ഇത് നിൽക്കുന്ന കള്ളിയിൽ വെളളം കേറുന്ന ഏർപ്പാടാണെന്ന്..
കോടതി കണ്ണുരുട്ടിയതോടെ,സംഗതി കൈവിട്ട് പോകുമെന്നും മനസ്സിലായി…അപ്പോൾ പിന്നെ കോ ലീ ബി സഖ്യത്തിന്റ്റെ നേതാവിന് ഇങ്ങനെ ഒരു പത്രസമ്മേളനം നടത്തിയല്ലേ പറ്റു…
സാർ എന്തിനാണ് സാർ നാളിത് വരെ ഇത്തരം പറാട്ട് നാടകങ്ങൾ കളിച്ചത്… ഒരു സർക്കാറിന്റ്റെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ,പുറകിൽ നിന്ന് കുത്താനും,അത് വഴി ഈ നാട് കുട്ടിച്ചോറാക്കാനും വേണ്ടി നിങ്ങൾ നാളിത് വരെ നടത്തിയ എല്ലാം പ്രയത്നങ്ങളും,ജനം കാണുന്നുണ്ട്…
സർക്കാറിനെ ഇകഴ്ത്താനും,കോവിഡ് പ്രതിരോധ സംവിധാനങ്ങളെ അപ്പാടെ താറുമാറാക്കാനുമുളള നിങ്ങളുടെ ശ്രമം വിജയിച്ചു എന്നാണ് നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ,നിങ്ങൾക്ക് തെറ്റ് പറ്റി..
സാക്ഷരതയിൽ ഒന്നാമത് നിൽക്കുന്ന ഒരു സംസ്ഥാനത്തിലെ ജനങ്ങളെ നിങ്ങൾ കുറച്ച് കാണാൻ ശ്രമിച്ചു….നിങ്ങൾ,ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണതെന്ന് കാലം തെളിയിക്കും….
വൈറസ്സുകളെ അകറ്റി നിർത്താനും,ഈ നാട്ടിലെ ജനങ്ങൾക്കറിയാം…അവർ അതിൽ സദാ ജാഗരൂകരാണ്…
എന്തായാലും,വൈകി വന്ന വിവേകത്തിന് നന്ദിയുണ്ട്…
ബി ജെ പി യുടെ സ്ലീപ്പിംഗ് സെൽ അംഗങ്ങളായി ചിലരെ കോൺഗ്രസ്സിലും,ലീഗിലും നിയമിച്ചിട്ടുണ്ട് എന്ധൊരു കരക്കമ്പിയും ഇറങ്ങിയിട്ടുണ്ട് ..
എന്തായാലും കുഞ്ഞാലിക്കുട്ടിയുടെ ഭാഷയിൽ,ഞമ്മക്കതൊരു ”ഇസ്സൂ” അല്ല…ഏത്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News