മുംബൈയിൽ കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷത്തിലേക്ക്; രണ്ടാം തരംഗത്തിന് സാധ്യതെന്ന് ഉദ്ധവ് താക്കറെ

മുംബൈയിൽ ഇതുവരെ 198,846 കോവിഡ് – രോഗബാധിതരാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരത്തിൽ കോവിഡ് -19 രോഗവ്യാപനത്തിൽ വലിയ കുതിച്ചു ചാട്ടമാണ് സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തിയത്. ഇതോടെ മഹാനഗരത്തെ ആശങ്കപ്പെടുത്തുന്നത് വരാനിരിക്കുന്ന നാളുകളാണ്.

ലോക് ഡൌൺ ഇളവുകളോടെ തിരിച്ചു വരവിന്റെ പാതയിൽ നിൽക്കുന്ന നഗരത്തിൽ ലോക്കൽ ട്രെയിനുകൾ കൂടുതൽ യാത്രക്കാർക്കായി തുറന്നിടുന്നതോടെ രോഗവ്യാപനം കൂടുവാനുള്ള സാധ്യതയാണ് ആരോഗ്യ മേഖലയെയും ആശങ്കപ്പെടുത്തുന്നത്. മുംബൈയിൽ കോവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മുന്നറിയിപ്പ് നൽകിയിരിക്കയാണ് .

കോവിഡ് -19 അവസ്ഥയെക്കുറിച്ച് മറാത്താവാഡാ, നാസിക് മേഖലകളിലെ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ വെർച്വൽ മീറ്റിംഗിൽ സംസാരിച്ച മുഖ്യമന്ത്രി സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്ക പങ്കു വച്ചു.

വീട്ടിൽ കഴിയുന്ന രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ കൃത്യമായ മുൻകരുതലുകളില്ലാതെ പുറത്തുകടക്കുകയും രോഗം മറ്റുള്ളവർക്ക് പകർന്നു നൽകുവാനുള്ള സാധ്യതകളാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

ഇത് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് കാരണമായേക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. അത് കൊണ്ട് ലോക് ഡൌൺ ഇളവുകളോടെ ജോലിയിൽ പ്രവേശിക്കുന്ന ആളുകൾ ജോലിക്ക് പോകുമ്പോൾ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

മരണനിരക്ക് കുറയ്ക്കുന്നതിലാണ് ആരോഗ്യമേഖല ശ്രദ്ധിക്കേണ്ടതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ജനങ്ങൾ മുഖംമൂടി ധരിക്കുന്നത് പോലുള്ള ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ നിയമലംഘകർക്ക് പിഴ ചുമത്തണമെന്നും കർശനമായ നടപടികൾ കൈക്കൊള്ളണമെന്നും താക്കറെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

സെപ്റ്റംബറിൽ ഇതുവരെ 50, 000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഒരു മാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകളാണ് നഗരം റിപ്പോർട്ട് ചെയ്തത്. ജൂലൈ 18 നാണ് മുംബൈ നഗരത്തിൽ ഒരു ലക്ഷം കേസുകൾ കവിയുന്നത്. എന്നിരുന്നാലും, ഓഗസ്റ്റിലെ ഗണേഷ് ഉത്സവത്തിനുശേഷം ദിവസേനയുള്ള കേസുകളുടെ വർദ്ധനവ് തുടരുകയായിരുന്നു.

ഒരു ദിവസം രണ്ടായിരത്തിലധികം കേസുകൾ പതിവായതോടെ ചികിത്സക്കായി നഗരവാസികൾ നെട്ടോട്ടമോടുവാൻ തുടങ്ങി. ലക്ഷണമില്ലാത്ത രോഗികൾ വീട്ടിൽ തന്നെ ചികിത്സ തുടങ്ങി.

കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 2261 കേസുകൾ ഉൾപ്പെടെ മുംബൈയിൽ ഇതുവരെ 198,846 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് വരെ 1.62 ലക്ഷം രോഗികൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. മരണസംഖ്യ 8,794.

മരണനിരക്ക് ജൂലൈ മാസത്തിലെ 5.7 ശതമാനത്തിൽ നിന്ന് 4.4 ശതമാനമായി കുറയ്ക്കാൻ ബിഎംസിക്ക് കഴിഞ്ഞു. തങ്ങളുടെ ‘മിഷൻ സേവ് ലൈവ്സ്’ തന്ത്രത്തിലൂടെ മരണനിരക്ക് കുറയ്ക്കുകയാണ് തങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധയെന്ന് മുതിർന്ന ബിഎംസി അധികൃതർ പറയുന്നു.

ദിവസേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ കണക്കുകൾ ടെസ്റ്റുകളുടെ എണ്ണത്തിന് അനുപാതികമാണ്. സെപ്റ്റംബറിൽ ടെസ്റ്റുകളുടെ എണ്ണത്തിലുള്ള വർദ്ധനവാണ് രോഗികൾ കൂടുതൽ റിപ്പോർട്ട് ചെയ്യുവാൻ കാരണമായതെന്ന് സിവിക് അധികൃതർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News