കുറഞ്ഞ ദിവസത്തിനുള്ളിൽ കൂടുതൽ രോഗികൾ; രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന; ഇനി കർശന നടപടിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും നാൾ രോഗവ്യാപനത്തിന്റെ തോത് നിർണ്ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ രോഗനിയന്ത്രണത്തിൽ കേരളം ബഹുദൂരം മുന്നിലായിരുന്നു. ആ സ്ഥിതിയിൽ ഇപ്പോൾ മാറ്റങ്ങൾ വന്നു തുടങ്ങി. ശരാശരി 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേസ് പെർ മില്യൺ കേരളത്തിൽ 5143 ആയി. ഇന്ത്യൻ ശരാശരി 5852 ആണ്. എങ്കിലും കേസ് ഫറ്റാലിറ്റി റേറ്റ് ദേശീയ ശരാശരിയേക്കാൾ വളരെ മെച്ചപ്പെട്ട രീതിയിൽ പിടിച്ചു നിർത്താൻ സാധിക്കുന്നുണ്ട്. ദേശീയ ശരാശരി 1.6 ശതമാനം ആണെങ്കിൽ കേരളത്തിൽ അത് 0.4 ശതമാനം മാത്രമാണ്. രോഗികൾ നമ്മൾ നൽകുന്ന മികച്ച പരിചരണത്തിന്റേയും സൗകര്യങ്ങളുടേയും ഗുണഫലമാണത്.

രോഗികളുടെ എണ്ണം വർദ്ധിച്ചതിനു ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചു. രോഗവ്യാപനം ഉയരാതെ നോക്കിയാൽ മാത്രമേ, മരണങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കൂ. രോഗം കൂടുന്ന സ്ഥിതി വിശേഷമുള്ളതിനാൽ അതിനെ നേരിടുന്നതിനാവശ്യമായ സജ്ജീകരണങ്ങളും സർക്കാർ ശക്തമാക്കി വരികയാണ്.കുറഞ്ഞ ദിവസത്തിനിടയിൽ വലിയതോതിലുള്ള വർധനയാണ്.

ഈ സാഹചര്യത്തിൽ വ്യാപനം തടഞ്ഞു നിർത്തുക വളരെ പ്രധാനമാണ്. വ്യാപന സാധ്യത കുറക്കാനുള്ള ഇടപെടൽ നേരത്തെതന്നെ തീരുമാനിച്ചതാണ്. കേരളത്തിന്റെ അന്തരീക്ഷം മാറിയതും ഇത് നടപ്പാക്കാൻ തടസ്സമായിട്ടുണ്ട്. പ്രധാന പങ്ക് വഹിക്കുന്ന പൊലീസിന് ക്രമസമാധാന പാലനത്തിന് ഇറങ്ങേണ്ടി വന്നു. ഇതാണ് അടിസ്ഥാനപരമായി ഒരു തടസ്സമായി വന്നത്. ഇനി കാത്തുനിൽക്കാൻ സമയമില്ല. കർശന നടപടികളിലേക്ക് നീങ്ങാൻ സമയം അതിക്രമിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും. അകലം പാലിക്കാതെ നിൽക്കുന്ന കടകളിൽ കട ഉടമകൾക്കെതിരെ നടപടി ഉണ്ടാകും . കല്യാണത്തിന് 50 ശവദാഹത്തിന് ഇരുപത് എന്ന നിലയിൽ നമ്പർ നിശ്ചയിച്ച നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കണം. ഇത്തരം കാര്യങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇടപെടൽ ഉണ്ടാവണം.

അതിന് ഇന്നുള്ള സംവിധാനം പോരാ. ഓരോ പ്രദേശത്തും പുതിയ സംഘം ആളുകളെ കൊടുക്കാൻ ആകണം . സംസ്ഥാന സർക്കാർ സർവീസിലെ ഗസറ്റഡ് ഓഫീസർ റാങ്ക് ഉള്ളവരെ പഞ്ചായത്തുകൾ , മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഇത്തരം കാര്യങ്ങളുടെ ചുമതല നൽകും . അവർക്ക് തൽക്കാലം ചില അധികാരങ്ങൾ കൊടുക്കേണ്ടിവരും. മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ വർധിപ്പിക്കാനും ആലോചിച്ചിട്ടുണ്ട്.

സംസ്ഥാനത്താകമാനം 225 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും സി എഫ് എൽ ടി സി കളിലായി 32979 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. അതിൽ 19478 ബെഡുകളിൽ ഇപ്പോൾ രോഗികളെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരിക്കുന്നു.കോവിഡ് മുക്തർക്ക് പല വിധ അസുഖങ്ങൾ വരാനിടയുള്ളതായി റിപ്പോർട്ടുകൾ ഉണ്ട് . അതിന് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിക്കുന്ന കാര്യം അലോചിക്കും

രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികളെ ചികിത്സിക്കാൻ ആവശ്യമായ 38 കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ 18 സി. എസ്. എൽ. ടി.സികളിൽ അഡ്മിഷൻ ആരംഭിക്കുകയും 689 രോഗികൾ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഐ സി യു സൗകര്യങ്ങൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങി രോഗികളുടെ പരിചരണത്തിനും സുരക്ഷയ്ക്കും ആവശ്യമായ സൗകര്യങ്ങളെല്ലാം സർക്കാർ പരമാവധി ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ സ്ഥിതു കൂടുതൽ ഗൗരവതാരമാവുകയാണ്. ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്- 918 പേർക്ക്. അതിൽ 900പേർക്കും സമ്പർക്കംമൂലമാണ്.

കോട്ടയം ജില്ലയിൽ എല്ലാ മുനിസിപ്പാലിറ്റികളിലും ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും കോവിഡ് ബാധിതരുണ്ട്. രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്നു ദിവസമായി ഗണ്യമായി വർധിക്കുന്നു.
വാഴപ്പള്ളി, കോട്ടയം, ഈരാറ്റുപേട്ട, ചങ്ങനാശേരി, പാമ്പാടി തുടങ്ങിയ മേഖലകളിൽ സമ്പർക്ക വ്യാപനം ശക്തമാണ്.

പത്ത് ദിവസത്തിനുള്ളിൽ തൃശൂർ ജില്ലയിൽ വർധിച്ചത് 4000 രോഗികളാണ്. 60 വയസ്സിന് മുകളിലുള്ള 73 പേർക്കും 10 വയസ്സിന് താഴെയുള്ള 28 പേർക്കും ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു.

വയനാട് ജില്ലയിൽ കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതൽ രോഗം സ്ഥിരീകരിക്കുന്നതായി കാണുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരിൽ 105 പേരും 10 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. 16 പേർ പത്തിൽ താഴെ പ്രായമുള്ളവരും 12 പേർ 60 നു മുകളിൽ പ്രായമുള്ളവരുമാണ്.

കണ്ണൂർ ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് രോഗബാധ ഉണ്ടാകുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ നടപടികളെയും സുരക്ഷാ മാർഗങ്ങളെയും കുറിച്ച് പരിശീലനം നൽകും. ജില്ലയിൽ മൂന്ന് ആശുപത്രികൾ ഉൾപ്പെടെ ആറ് ആക്ടീവ് ക്ലസ്റ്ററുകൾ ഉണ്ട്. 13 ക്ലസ്റ്ററുകളിലെ രോഗ ബാധ പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞു.

വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായി ഒക്ടോബർ 1 മുതൽ 7 വരെ വ്യാപകമായ പ്രചാരണപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കുടുംബശ്രീ, എൻഎസ്എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും പങ്കാളിത്തം ബോധവത്കരണ കാമ്പയിനുകളിൽ ഉറപ്പാക്കും.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബർ ഒന്ന് മുതൽ കോവിഡ് രോഗികൾക്ക് മാത്രമുള്ള ചികിത്സാകേന്ദ്രമായി മാറും. അത്യാഹിത നിലയിലുള്ള കോവിഡ് രോഗികൾക്കായി 100 കിടക്കകളുള്ള വാർഡ് സജ്ജീകരിക്കും. അഞ്ച് വെന്റിലേറ്ററുകൾ ഇവിടെ ഒരുക്കും. കോവിഡ് ബാധിച്ച ഗർഭിണികൾക്ക് ഇവിടെ ചികിത്സാ സൗകര്യം ഒരുക്കും.

രോഗവ്യാപനം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ആവശ്യാനുസൃതമായ ക്രമീകരണങ്ങൾ എല്ലാ തലത്തിലും ഒരുക്കുന്നുണ്ട്. കോവിഡ് സെക്കൻഡറി കെയർ സെന്ററുകളിൽ ബി കാറ്റഗറിയിൽപ്പെട്ട തീവ്രലക്ഷണമുള്ളവരെ പ്രവേശിപ്പിക്കും. ഇതിന്റെ ഭാഗമായി നിലവിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്ന നടപടികളിലേക്ക് കടന്നു. ഇവ സെക്കന്ററി കെയർ സെന്ററുകളാക്കുകയും രോഗലക്ഷണങ്ങൾ പ്രകടമായവർക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

ഇവിടെ ചികിത്സയിൽ കഴിയുന്നവരെ ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് രോഗലക്ഷണമില്ലാത്ത കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പനി, ചുമ, തൊണ്ടവേദന തുടങ്ങി നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും ഗൃഹചികിത്സ നിർദേശിക്കും. ഒരു വീട്ടിൽ ഒരാൾ പോസിറ്റീവായാൽ കുടുംബാംഗങ്ങളെ കർശനമായ ഗൃഹനിരീക്ഷണത്തിലാക്കുകയും രോഗലക്ഷണങ്ങൾ ഉള്ളവരെ ടെസ്റ്റിംഗിന് വിധേയമാക്കുകയും ചെയ്യും.

രോഗലക്ഷണങ്ങൾ ഇല്ലാത്തവർ, പനി, ചുമ, തൊണ്ടവേദന തുടങ്ങി ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ, ആശുപത്രിയിൽ നിന്നും രോഗലക്ഷണങ്ങൾ ശമിച്ച് തിരികെയെത്തുന്നവർ എന്നിവർക്കാണ് ഗൃഹചികിത്സ. ലോകാരോഗ്യ സംഘടന നിഷ്‌ക്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചാണ് മാർഗനിർദേശങ്ങൾ തയാറാക്കിയിട്ടുള്ളത്.

നമുക്കാർക്കും പരിചിതമല്ലാത്ത സാഹചര്യമാണിത്. ഇതിനെ മറികടക്കാൻ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കേണ്ടിവരും. എല്ലാവരും ഒത്തൊരുമിച്ചാണ് ഇതിനെ നേരിടേണ്ടത്. തുടക്കം മുതൽ സർക്കാർ ആ നിലപാടാണ് സ്വീകരിച്ചത്. ഗുരുതരമായ അടിയന്തര സാഹചര്യമാണ് മുന്നിലുള്ളത്. അതിനെ കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കാൻ ചൊവ്വാഴ്ച്ച സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News