മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീസമൂഹത്തിന്‌ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്; മറ്റൊരു സർക്കാരിൽനിന്നും ഈ സമീപനം‌ പ്രതീക്ഷിക്കാനാകില്ല: ഭാഗ്യലക്ഷ്‌മി

കേരളത്തിൽ ജനിക്കാനായതിൽ അഭിമാനമാണ്‌. സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്കെതിരെ ശക്തമായ നടപടിയാണ്‌ സംസ്ഥാന സർക്കാർ എടുക്കുന്നത്‌‌. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീസമൂഹത്തിന്‌ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്‌. നിയമനിർമാണം ഈ സർക്കാരിന്റെ കാലത്തുതന്നെ പൂർത്തിയാക്കുമെന്നാണ്‌ പ്രതീക്ഷ.

യൂ ട്യൂബ്‌ ചാനലിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ ഒറ്റപ്പെടുത്തുന്നതിന്‌ പകരം ഞങ്ങൾ പ്രതികരിച്ച രീതിയെ വിമർശിക്കാനായിരുന്നു വലിയ വിഭാഗത്തിനും താൽപ്പര്യം. എന്നാൽ, സംസ്ഥാന വനിതാ കമീഷൻ വിഷയത്തിൽ ശക്തമായ നിലപാടെടുത്തു. രണ്ട്‌ വനിതാ മന്ത്രിമാരും സ്ത്രീപക്ഷത്ത്‌ ഉറച്ചുനിന്നു. നിലപാട്‌ പരസ്യമായി പറഞ്ഞു. മുഖ്യമന്ത്രിയും ഉടൻ പ്രതികരിച്ചു. മറ്റൊരു സർക്കാരിൽനിന്നും ഈ സമീപനം‌ പ്രതീക്ഷിക്കാനാകില്ല.

സ്ത്രീകൾ കരയാനും അപേക്ഷിക്കാനും മാത്രമേ പാടുള്ളൂവെന്ന്‌ ശഠിക്കുന്നവരാണ്‌ വിജയ്‌ പി നായരെ ന്യായീകരിക്കുന്നത്‌. ഇതിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള സ്ത്രീകളുമുണ്ടെന്നത്‌ നിരാശപ്പെടുത്തുന്നു‌. എന്നാൽ, എതിർക്കുന്നവരിലൊരാൾ അതിക്രമം നേരിട്ടാലും സുരക്ഷാ കവചമാകുന്ന നിയമമാണ്‌ സർക്കാർ ആലോചിക്കുന്നത്‌. ഇത്‌ മനസ്സിലാക്കി സമൂഹം ഒറ്റക്കെട്ടായി സർക്കാർ നടപടിയെ പിന്തുണയ്‌ക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here