ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി; കേന്ദ്രം തുടര്‍ച്ചയായി വേട്ടയാടുന്നുവെന്ന് അംനസ്റ്റി ഇന്റര്‍നാഷണല്‍

ലോക പ്രശസ്ത മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം നിർത്തി. കേന്ദ്ര സർക്കാരിന്റെ വേട്ടയാടലാണ് കാരണമെന്ന് ആംനെസ്റ്റി വിശദീകരിച്ചു.

വിദേശ ഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേട് ആരോപിച്ച് ആംനെസ്റ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.

കേന്ദ്ര സർക്കാർ സമാധാനം കെടുത്തിയപ്പോൾ സമാധാന നോബൽ നേടിയ സംഘടനയ്ക്കും ഇന്ത്യയിൽ നിശബ്ദരാകേണ്ടി വന്നിരിക്കുന്നു.

അഞ്ച് പതിറ്റാണ്ടിലേറെ രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആംനെസ്റ്റി ഇന്റർനാഷണലാണ് കേന്ദ്ര സർക്കാർ വേട്ടയാടലിൽ മനം മടുത്ത് പ്രവർത്തനം നിർത്തിയത്. ദില്ലി കലാപം, ജമ്മു കശ്മീർ വിഷയങ്ങളിൽ മനുഷ്യാവകാശ ലംഘനത്തിനെതിരെ ശബ്ദമുയർത്തുക മാത്രമാണ് ചെയ്തത്.

എന്നാൽ സർക്കാർ നിരന്തരം വേട്ടയാടുകയായിരുന്നുവെന്ന് ആംനെസ്റ്റി കുറ്റപ്പെടുത്തി. വിദേശ ഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേട് ആരോപിച്ച് കഴിഞ്ഞ 10ന് ആംനസ്റ്റിയുടെ അകൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചിരുന്നു. ഇതോടെ പ്രവർത്തനങ്ങൾക്ക് പണം ഇല്ലാതായി.

ഈ സാഹചര്യത്തിലാണ് പ്രവർത്തനം നിർത്തേണ്ടി വന്നതെന്ന് ആംനെസ്റ്റി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്. വിയോജിപ്പുകളെ മരവിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും ആംനെസ്റ്റി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ പറഞ്ഞു.

ഫണ്ട് സ്വരൂപിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന വാദം ആംനെസ്റ്റി തള്ളി. ഇന്ത്യൻ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചാണ് ധന സമാഹരണം നടത്തിയത്.

1 ലക്ഷത്തോളം ഇന്ത്യക്കാരാണ് പണം നൽകിയത്. അതിനാൽ എഫ് സി ആർ എ ലംഘനം എന്ന കേന്ദ്ര സർക്കാർ വാദം നിലനിൽക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ആംനെസ്റ്റിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News