ബാബ്റി മസ്ജിദ് തകര്‍ത്ത കേസ്: തെളിവില്ല, എല്ലാ പ്രതികളെയും വെറുതെ വിട്ടു: മസ്ജിദ് തകര്‍ത്തത് സാമൂഹ്യവിരുദ്ധരാണെന്ന് സിബിഐ കോടതി

ദില്ലി: ബാബ്റി മസ്ജിദ് തകര്‍ത്തതിനു പിന്നിലെ ഗൂഢാലോചനക്കേസില്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി ഉള്‍പ്പെടെ 32 പ്രതികളെയും കോടതി വെറുതെവിട്ടു.

മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്‌കെ യാദവ് വിധിച്ചു. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. മസ്ജിദ് തകര്‍ത്തത് സമൂഹ വിരുദ്ധരാണ്. ഇവരെ തടയാനാണ് ബിജെപി നേതാക്കള്‍ ശ്രമിച്ചതെന്നും കോടതി പറഞ്ഞു.

പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസൂത്രിതമല്ല. പള്ളി തകര്‍ത്തതിന്റെ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു.

എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് തുടങ്ങിയ ബിജെപി നേതാക്കളായിരുന്നു കേസിലെ പ്രതികള്‍. 32ല്‍ 26 പേരും കോടതിയില്‍ ഹാജരായിരുന്നു. മുരളി മനോഹര്‍ ജോഷി, എല്‍ കെ അദ്വാനി, ഉമാഭാരതി, കല്യാണ്‍സിങ്, മഹന്ത് നിത് ഗോപാല്‍ ദാസ് തുടങ്ങി അഞ്ച് പേര്‍ അനാരോഗ്യം മൂലം എത്താന്‍ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. മൊത്തം 48 പ്രതികളില്‍ 16 പേര്‍ വിചാരണക്കാലയളവില്‍ മരിച്ചു.

ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, ദേശീയോദ്ഗ്രഥനത്തിന് എതിരായ പ്രസ്താവനകള്‍ നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് സംഘപരിവാര്‍ നേതാക്കള്‍ക്ക്മേല്‍ ചുമത്തിയിരുന്നത്. അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്ന് 2017ല്‍ സുപ്രീംകോടതി ഉത്തരവുണ്ട്. വര്‍ഷങ്ങളായി തുടരുന്ന കേസില്‍ 2 വര്‍ഷം കൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി 2017 ഏപ്രില്‍ 19ന് ഉത്തരവിട്ടിരുന്നു. പിന്നീട് ആദ്യം ഈ വര്‍ഷം ഓഗസ്റ്റ് 31 വരെയും തുടര്‍ന്ന് സെപ്തംബര്‍ 30വരെയും തീയതി നീട്ടിക്കൊടുത്തു. 32 പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരായത് കെ കെ മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകന്‍. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News