തൃശൂരില്‍ ബിജെപി അസംതൃപ്തരുടെ രഹസ്യ യോഗം; യോഗത്തില്‍ ജെ.ആര്‍ പദ്മകുമാറും ശോഭാ സുരേന്ദ്രനും; ശോഭയുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പിന് തുടക്കമെന്ന് അഭ്യൂഹം

തൃശൂര്‍: പി എസ് ശ്രീധരന്‍ പിള്ള ബിജെപി അധ്യക്ഷന്‍ ആയിരുന്ന കാലത്ത് സംസ്ഥാന ഭാരവാഹികള്‍ ആയിരുന്നവരാണ് തൃശൂരില്‍ രഹസ്യ യോഗം ചേര്‍ന്നത്.

സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, മുന്‍ വൈസ് പ്രസിഡന്റുമാരായ കെ പി ശ്രീശന്‍, പി എം വേലായുധന്‍, മുന്‍ സംസ്ഥാന വക്താവ് ജെ ആര്‍ പത്മകുമാര്‍, സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷന്‍ ആയത് മുതല്‍ പാര്‍ട്ടിയിലെ മുതിര്‍ന്നവരെ വെട്ടിനിരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യോഗം വിലയിരുത്തി.

പാര്‍ട്ടിയ്ക്ക് മുന്‍കാലങ്ങളില്‍ വലിയ സംഭാവനകള്‍ നല്‍കിയവരെ വെട്ടി നിരത്തി സ്വന്തം ആളുകളെ തിരുകി കയറ്റുകയാണ് കെ സുരേന്ദ്രന്‍ എന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

എ പി അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനും ടോം വടക്കനെ വക്താവുമാക്കിയത്തിലൂടെ വര്‍ഷങ്ങളായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ചതിലുള്ള പ്രതിഷേധവും നേതാക്കള്‍ യോഗത്തില്‍ പങ്കുവെച്ചു.

വി മുരളീധരന്‍ പക്ഷത്തിന്റെ സ്വാധീനത്തിനു വഴങ്ങി അഖിലേന്ത്യ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നതായും സമാന്തര യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

സംസ്ഥാന ബിജെപിയില്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനെ ഇത് വരെ നേതാക്കളാരും പരസ്യമായി എതിര്‍ത്തിരുന്നില്ല.എന്നാല്‍ ഇനി മൗനം വെടിയാനും എല്ലാ ജില്ലകളിലും സമാന മനസ്‌കരെ ഒന്നിച്ചു കൊണ്ട് വന്നു ഒരു കുടക്കീഴില്‍ അണിനിരത്തി ഔദ്യോഗിക പക്ഷത്തിനെതിരെ ആഞ്ഞടിക്കാനാനുമാണ് യോഗ തീരുമാനം .

സംസ്ഥാന അധ്യക്ഷ പദത്തില്‍ ഇരുന്നുകൊണ്ട് കെ സുരേന്ദ്രന്‍ ഗ്രൂപ്പ് കളിക്കുക ആണെന്ന വിമര്‍ശനവും ഉയര്‍ന്നു. ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ സജീവമല്ലാത്തതിനെ കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്ന് സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞിരുന്നു. ഈ പ്രസ്താവന കരുതിക്കൂട്ടി അവഹേളിക്കാന്‍ ഉള്ളതായിരുന്നുവെന്നു യോഗം വിലയിരുത്തി.

സംസ്ഥാന ബിജെപിയുടെ ഒരു പ്രക്ഷോഭത്തിലും കഴിഞ്ഞ 7 മാസമായി ശോഭ പങ്കെടുക്കുന്നില്ല .ജെ ആര്‍ പദ്മകുമാര്‍ അടക്കമുള്ളവരും സമാനമായ രീതിയില്‍ നിസഹകരണത്തില്‍ ആയിരുന്നു .ടെലിവിഷന്‍ ചര്‍ച്ചകളില്‍ പോലും ഇവര്‍ പങ്കെടുത്തിരുന്നില്ല .

ദേശീയ പുനഃസംഘടനയിലും തഴയപ്പെട്ടതാണ് രണ്ടും കല്പിച്ച് രംഗത്തിറങ്ങാന്‍ വിമത പക്ഷത്തിന് പ്രേരണയായത്.ഔദ്യോഗിക പക്ഷത്തെ പരസ്യമായി പ്രതിരോധിക്കുക എന്നത് തന്നെയാണ് പുതിയ ഗ്രൂപ്പിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News