പേരും ചിഹ്നവുമില്ല; പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി ജോസഫ് വിഭാഗം

കേരള കോൺഗ്രസ് എം പാർടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടില്ലന്നുറപ്പാക്കി പുതിയ പാർടി രൂപീകരിക്കാൻ പി ജെ ജോസഫ് വിഭാഗം നീക്കം ആരംഭിച്ചു. ജോസ് വിഭാഗം വിട്ട് എത്തിയ നേതാക്കളെ ഒഴിവാക്കി പുതിയ പാർടിയിൽ പരമ്പരാഗത ജോസഫ് വിഭാഗത്തിന് ആധിപത്യം ഉറപ്പാക്കിയുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത്.

ഇതിൻ്റെ ഭാഗമായി പി ജെ ജോസഫ് ചെയർമാനും കെ ഫ്രാൻസീസ് ജോർജ് ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയായും പുതിയ പ്രാദേശിയ പാർടി രൂപീകരിക്കാനാണ് തീരുമാനം.

ജോസ് വിഭാഗം വിട്ടുവന്ന കേരള കോൺഗ്രസ് എം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോയി അബ്രഹാമിനെ സെക്രട്ടറിമാരുടെ പട്ടികയിൽ ഒതുക്കും. യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റായിരുന്ന മറ്റൊരു പ്രമുഖൻ സജി മഞ്ഞക്കടമ്പിലിനെ പാർടി കോട്ടയം ജില്ലാ പ്രസിഡൻ്റ് പദവിയിൽ നിലനിർത്തി അനുനയിപ്പിക്കും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം നേതാക്കൾക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങൾ ഉൾപ്പെടെ ഏഴ് സീറ്റുകൾ യുഡിഎഫിൽനിന്ന് ഉറപ്പാക്കാനുമാണ് ധാരണ.

വിപ്പ് ലംഘനത്തിൻ്റെ പേരിൽ ജോസഫിനും മോൻസിനും അയോഗ്യതാ നടപടി ഉണ്ടായാൽ തൊടുപുഴയിൽ അപു ജോസഫിനെയും കടുത്തുരുത്തിയിൽ മോൻസിൻ്റെ വിശ്വസ്തനെയും രംഗത്തിറക്കി ഗ്രൂപ്പിൻ്റെ അഭിമാന മണ്ഡലങ്ങൾ നിലനിർത്തും.

അടുത്തിടെ ജോസ് വിഭാഗം വിട്ടുവന്ന ജോസഫ് എം പുതുശേരിക്കും സീറ്റുണ്ടാവില്ല. ജോസ് പക്ഷം വിട്ടുവന്നവരിൽ തോമസ് ഉണ്ണിയാടനെ മാത്രമാകും പരിഗണിക്കുക.

ജോസഫിന് കാര്യമായ സ്വാധീനമില്ലാത്ത കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്ക് പുറമെ ചങ്ങനാശേരി, പൂഞ്ഞാർ മണ്ഡലങ്ങൾകൊണ്ട് തൃപ്തരാകും.

ജോസ് വിഭാഗം വിട്ടുവന്ന മറ്റ് നേതാക്കളെ പരിഗണിക്കുന്നതിനായി പാലാ, ഏറ്റുമാനൂർ എന്നിവയുൾപ്പെടെ കഴിഞ്ഞ തവണ വിവിധ ജില്ലകളിൽകേരള കോൺഗ്രസ് എം മത്സരിച്ച 14 സീറ്റുകൾക്കായി യുഡിഎഫിൽ അവകാശവാദം ഉന്നയിക്കാനും ചർച്ചകളിൽ പരമ്പരാഗത ജോസഫ് വിഭാഗം നേതാക്കൾക്ക് സീറ്റ് ഉറപ്പിക്കാനുമുള്ള തന്ത്രങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്.

തൊടുപുഴ, കടുത്തുരുത്തി ഇരിങ്ങാലക്കുട, കോതമംഗലം, മൂവാറ്റുപുഴ, പൂഞ്ഞാർ, ചങ്ങനാശേരി മണ്ഡലങ്ങൾക്കായാകും ജോസഫ് വിഭാഗം പിടിമുറുക്കുക.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജോസഫ് വിഭാഗം നേതാക്കൾ പങ്കെടുത്ത് പാലായിലെ പ്രമുഖ ജോസഫ് വിഭാഗം നേതാവിൻ്റെ വസതിയിൽ രഹസ്യമായി ചേർന്ന ഗ്രൂപ്പ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയത്. ജോസ് വിഭാഗം വിട്ട് ജോസഫിലെത്തിയ പ്രമുഖരെ പ്രധാന ഭാരവാഹി സ്ഥാനങ്ങളിൽ പരിഗണിക്കേണ്ടന്നും മോൻസ് ജോസഫ് എംഎൽഎ, കെ ഫ്രാൻസീസ് ജോർജ്, ടി യു കുരുവിള എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ധാരണയിലെത്തി.

സി എഫ് തോമസ് എംഎൽഎയുടെ നിര്യാണത്തോടെ ജോസഫ് ചേരി പി ജെ ജോസഫും മോൻസ് ജോസഫും നയിക്കുന്ന വിഭാഗമായി ചുരുങ്ങിയതും വിപ്പ് ലംഘനത്തിൻ്റെ പേരിൽ നിയമസഭാ സ്പീക്കർക്ക് ജോസ് വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന അയോഗ്യതാ നടപടിയും മുന്നിൽ കണ്ടാണ് നീക്കം.

കേരള കോൺഗ്രസ് എം പാർടിയും രണ്ടില ചിഹ്നവും ജോസ് വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിനെതിരെ ഹൈകോടതി അനുവദിച്ച ഒരുമാസത്തെ സ്റ്റേയുടെ കാലാവധി തീരുന്നതോടെ പിടിച്ചു നിൽക്കാനാവില്ലന്ന നിയമോപദേശവും പുതിയ പാർടി രൂപീകരിക്കാനുള്ള നീക്കത്തിന് പ്രചോദമായതായി അറിയുന്നു.

ഇതനുസരിച്ച് പി ജെ ജോസഫിൻ്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ 24ന് രാത്രി മുൻ രാജ്യസഭാംഗവും ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാവുമായ വക്കച്ചൻ മറ്റത്തിലിൻ്റെ വസതിയിലായിരുന്നു രഹസ്യ ഗ്രൂപ്പ് യോഗം ചേർന്ന് തീരുമാനത്തിലെത്തിയത്.

പരമ്പരാഗത ജോസഫ് വിഭാഗം നേതാക്കളായ വി ജെ ലാലി (ചങ്ങനാശേരി), സാബു പ്ലാത്തോട്ടം (പൂഞ്ഞാർ), പോൾസൺ ജോസഫ് (കടുത്തുരുത്തി), എം ജെ ജേക്കബ് (ഇടുക്കി) തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News