തട്ടിപ്പ് നടത്തി സമ്പാദിച്ചതിൽ നിന്നും 3 കോടി രൂപ ആര്യാടൻ ഷൗക്കത്തിന് നൽകിയെന്ന് മേരിമാതാ എജ്യുക്കേഷണല്‍ ട്രസ്റ്റ് മേധാവി

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്തു. നിലമ്പൂര്‍ സ്വദേശിയായ സിബി വയലില്‍ എന്നയാള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നിലമ്പൂര്‍ നഗസരസഭയുടെ പരിപാടികള്‍ക്ക് സിബി നല്‍കിയ സ്‌പോണ്‍സര്‍ഷിപ്പിനെക്കുറിച്ചാണ് എന്‍ഫോഴ്‌സമെന്റ് അന്വേഷിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

മേരിമാതാ എജ്യുക്കേഷണല്‍ ട്രസ്റ്റ് മേധാവിയായ സിബി വയലിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്തത്.

അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ എം.ബി.ബി.എസ് ‌ സീറ്റ് തരപ്പെടുത്തിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ സിബി തട്ടി എടുത്തതുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ സിബിക്കെതിരെ കേസുണ്ട്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസായതിനാൽ അന്വേഷണം ഇ.ഡി ഏറ്റെടുക്കുകയും സിബിയെ ചോദ്യം ചെയ്യുകയും ചെയ്തു.

തട്ടിപ്പ് നടത്തി സമ്പാദിച്ചതിൽ നിന്നും 3 കോടി രൂപ ആര്യാടൻ ഷൗക്കത്തിന് നൽകിയെന്ന് സിബി മൊഴി നൽകിയതായാണ് സൂചന. കൂടാതെ ഷൗക്കത്ത് നഗരസഭാ ചെയർമാനായ സമയത്ത് നടത്തിയ പരിപാടികള്‍ക്ക് സിബി വന്‍തുക സ്‌പോണ്‍സര്‍ നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് ഇഡി ഷൗക്കത്തിനെ ചോദ്യം ചെയ്തത്. . കോഴിക്കോട്ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ പത്ത് മണിക്കൂർ നീണ്ടു. സിബി നല്‍കിയ സ്‌പോണ്‍സര്‍ഷിപ്പിന്റെ കണക്കുകളാണ് ഇ.ഡി ചോദിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ നിന്ന് മൽസരിച്ച സിബി ആര്യാടൻ ഷൗക്കത്തിന്റെ അടുത്ത സുഹൃത്താണ്. വരും ദിവസങ്ങളിലും ഷൗക്കത്തിനെ ഇ.ഡി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here