പൊതുജനങ്ങൾക്കായി മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും ഒക്ടോബർ 15 മുതൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയും മുംബൈ ഗാർഡിയൻ മന്ത്രിയുമായ ആദിത്യ താക്കറെ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടു വരാനുള്ള ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ലോക്കൽ ട്രെയിൻ സേവനങ്ങൾ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും ആദിത്യ പറഞ്ഞു.
ഇതിനായി കോവിഡ് -19 അനുബന്ധ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ഉറപ്പുവരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും ആദിത്യ താക്കറെ പറഞ്ഞു. നഗരത്തെ വീണ്ടെടുക്കുന്നതിന് ഭാഗമായി ഇതര മേഖലകളും പുനഃസ്ഥാപിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്നും ഘട്ടം ഘട്ടമായി ശ്രദ്ധയോടെയാണ് തീരുമാനങ്ങൾ കൈകൊള്ളുന്നതെന്നും ആദിത്യ വ്യക്തമാക്കി.
ജോലി സമയം സംബന്ധിച്ച് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവരുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് സർക്കാർ റെയിൽവേയുമായി ചർച്ച നടത്തുന്നുണ്ടെന്നും ആദിത്യ അറിയിച്ചു.
തിരക്ക് ഒഴിവാക്കുന്നതിനും ട്രെയിനുകളിൽ സാമൂഹിക അകലം പാലിക്കുന്നതിനുമായി വെസ്റ്റേൺ, സെൻട്രൽ റെയിൽവേ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനാണ് പദ്ധതിയെന്നും താക്കറെ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.