ബാബറി മസ്‌ജിദ്‌ കോടതി വിധി; സമ്മിശ്ര പ്രതികരണവുമായി കലാപങ്ങളുടെ മുറിവുണങ്ങാത്ത മുംബൈ

ബാബറി മസ്‌ജിദ്‌ തകർത്തതിനെ തുടർന്ന് ഏറ്റവും അധികം നാശനഷ്ടങ്ങൾ ഉണ്ടായ നഗരമാണ് മുംബൈ. 1992 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട വർഗ്ഗീയ കലാപത്തിലും തുടർന്ന് നടന്ന ബോംബ് സ്ഫോടന പരമ്പരകളിലും ആയിരക്കണക്കിനാളുകൾ കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഭവന രഹിതരായി നഗരത്തിൽ നിന്നും ഓടി പോയത്.

ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിടുകയും പള്ളി തകര്‍ത്തത് സാമൂഹ്യ വിരുദ്ധരാണെന്നുമുള്ള കോടതി വിധിയോട് മുംബൈയിൽ സമ്മിശ്ര പ്രതികരണം.

ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനെ തുടർന്നുണ്ടായ കലാപങ്ങൾ മുംബൈയിലെ മനുഷ്യ ബന്ധങ്ങളിൽ ഉണ്ടാക്കിയിരിക്കുന്ന മുറിവുകൾക്ക് ആക്കം കൂട്ടുന്നതാണ് ഇന്നത്തെ കോടതി വിധിയെന്ന് സി പി ഐ എം മുംബൈ ഡിസ്ട്രിക്ട് കമ്മിറ്റി മെമ്പർ കെ കെ പ്രകാശൻ പറഞ്ഞു.

കോടതി വിധിക്കെടുത്ത കാലതാമസത്തെയാണ് നഗരത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് കുമാരൻ നായർ കുറ്റപ്പെടുത്തിയത്. 28 വർഷങ്ങൾക്ക് ശേഷം ഉണ്ടായിരിക്കുന്ന കോടതി വിധിയിലെ നേരും നെറിവും അറിയാവുന്നവർ ചുരുക്കമായിരിക്കുമെന്നും പുതിയ തലമുറയിൽ പെട്ടവർക്ക് ഇതിന്റെ ചരിത്രം പോലും അറിയില്ലെന്നും കുമാരൻ നായർ പറഞ്ഞു.

മുംബൈയിൽ ശിവസേന പോലുള്ള രാഷ്ട്രീയ പാർട്ടികൾ ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചതിന്റെ അവകാശവാദം പരസ്യമായി പ്രഖ്യാപിച്ചിരുന്നത് പോലും നഗരത്തിലെ മുതിർന്ന പൗരന്മാർ ഓർത്തെടുക്കുന്നു.

കോസ്മോപോളിറ്റൻ നഗരമായ മുംബൈയുടെ ചരിത്രത്തിൽ മറക്കാനാകാത്ത ദിനങ്ങളായിരുന്നു 1992 ഡിസംബർ 6 ന് ബാബ്‌റി മസ്‌ജിദ്‌ തകർത്തതിന്റെ തുടർന്നുണ്ടായ വർഗ്ഗീയ കലാപവും സ്ഫോടന പരമ്പരയും.

ലോക മാനവികതയെ കളങ്കപ്പെടുത്തുന്ന വിധി ന്യായമാണെന്നാണ് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി ആർ കൃഷ്ണൻ പ്രത്യേക സി ബി ഐ കോടതി വിധിയോട് പ്രതികരിച്ചത്. ഭരണ വർഗ്ഗം സി ബി ഐ എന്ന കുറ്റാന്വേഷണ ഏജൻസിയെ ദുരുപയോഗം ചെയ്യുന്ന പ്രവണതക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും പി ആർ കൃഷ്ണൻ കുറ്റപ്പെടുത്തി.

അയോധ്യയിൽ വിഗ്രഹം സ്ഥാപിച്ചതും പള്ളി പൊളിച്ചതും ക്രിമിനൽ കുറ്റമായിരുന്നുവെന്ന് 2019 ലെ സുപ്രീം കോടതി വിധിയിൽ പറഞ്ഞിട്ട് പോലും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മഹാരാഷ്ട്ര കെ എം സി സി അഡ്വൈസറി ബോർഡ് ചെയർമാൻ ടി എ ഖാലിദ് പറഞ്ഞു.

രാജ്യത്തിൻറെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച ഒരു ജനതയുടെ വിശ്വാസത്തെയാണ് കോടതി വിധി തകർത്തതെന്ന് മുംബൈ കേരള ജമാ അത് ട്രഷറർ വി കെ സൈനുദ്ധീൻ പറഞ്ഞു.

ജനാധിപത്യ വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നതും അമർഷമുണ്ടാക്കുന്നതുമായ കോടതി വിധിയെന്നാണ് കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറി മാത്യു തോമസ് അഭിപ്രായപ്പെട്ടത്. ഇതിനെ തുടർന്ന് മുംബൈയിൽ അരങ്ങേറിയ അശാന്തി ദശാബ്ദങ്ങളോളം നില നിന്നുവെന്നും മാത്യു തോമസ് കലാപ നാളുകൾ ഓർത്തെടുത്ത് മാത്യു തോമസ് പറഞ്ഞു.

എന്നാൽ അടുത്ത കാലത്തുണ്ടായ കോടതി വിധികൾ പരിശോദിക്കുമ്പോൾ മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും മാത്യു തോമസ് കൂട്ടിച്ചേർത്തു.

കോടതി വിധിയെ ബോളിവുഡ് സംവിധായകൻ മധുർ ഭണ്ഡാർക്കറും നടി കങ്കണ രണാവത്തും സ്വാഗതം ചെയ്തു. വിധിയെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി.

ബാബറി മസ്‌ജിദ്‌ തകര്‍ത്തതിനെ തുടർന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച നഗരം ഇന്ന് ഏറ്റവും കൂടുതൽ സംവദിച്ചത് നീതിന്യായ വ്യവസ്ഥയിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിശ്വാസ്യതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here