ബംഗാളില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് തീയിട്ട് ബിജെപി പ്രവര്‍ത്തകര്‍; പുനഃസംഘട അംഗീകരിക്കാതെ ഒരുവിഭാഗം; ചേരിതിരിഞ്ഞ് ആക്രമണം

നേതൃത്വത്തിലെ അഴിച്ചുപണിയെ തുടര്‍ന്ന് പശ്ചിമബം​ഗാള്‍ ബിജെപിയിലെ ഗ്രൂപ്പുപോര് കൈയാങ്കളിയിലെത്തി.

സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലും, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപൻ ദാസ്‌ഗുപ്‌ത, കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോ, മുൻ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിൻഹ തുടങ്ങിയവരുടെ ഗ്രൂപ്പുകളുമാണ് തമ്മിലടിക്കുന്നത്.

പരസ്യമായ തമ്മിലടി ഓഫീസ് തകര്‍ക്കല്‍വരെയെത്തി. അമിത് ഷാ ഇടപെട്ടിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല.

തൃണമൂലില്‍നിന്ന് കുടിയേറിയ മുകൾ റോയ്, അനുപം ഹസറ എന്നിവരെ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം മാനിക്കാതെ ​ദേശീയനേതാക്കളായി വാഴിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.

ബിജെപിയുടെ സംസ്ഥാനത്തെ മുഖമായ രാഹുൽ സിൻഹയെ ഒഴിവാക്കി ഹസറയെ ജനറല്‍ സെക്രട്ടറിയാക്കി. ബിജെപി വിടുമെന്ന സൂചന നല്‍കി സിന്‍ഹ ട്വിറ്ററിലൂടെ പരസ്യപ്രതികരണം നടത്തി.

പിന്നാലെ ബരയ്‌പുർ, ബസിർഹട്ട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഓഫീസ് തകര്‍ത്തു. ബരയ്‌പുരിൽ അനുപം ഹസറയുടെ സാന്നിധ്യത്തിലാണ് കൈയാങ്കളി നടന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ദിലീപ് ഘോഷിനെ സംസ്ഥാന അധ്യക്ഷപദവിയില്‍നിന്ന്‌ തെറിപ്പിക്കാന്‍ കച്ചകെട്ടി മറുപക്ഷം രം​ഗത്തുണ്ട്. മുൻ സംസ്ഥാനഅധ്യക്ഷനും ത്രിപുര മുന്‍ ഗവർണറുമായ തഥാഗദ് റോയിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു.

എന്നാല്‍, അം​ഗത്വം വീണ്ടും സജീവമാക്കാനുള്ള തഥാഗദ് റോയിയുടെ അപേക്ഷ പരി​ഗണിക്കാതെ നീട്ടുകയാണ് ദിലീപ് വിഭാഗം.ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ എംഎല്‍എമാരും പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങളില്‍ പലരും തിരിച്ചുപോക്കിന് ശ്രമിക്കുന്നതും ബിജെപിയെ ആശങ്കയിലാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News