ബാബ്‌റി വിധിയില്‍ പ്രതികരിക്കാതെ രാഹുലും പ്രിയങ്കയും; ഭൂമി പൂജയ്ക്ക് ആശംസ നേര്‍ന്നവര്‍ വിധിയില്‍ ഇതുവരെ പ്രതികരിച്ചില്ല; മൗനത്തിന് പിന്നിലെ രാഷ്ട്രീയം ചര്‍ച്ചയാകുന്നു

ബാബ്‌റി മസ്ജിദ് വിധിയില്‍ ഇതുവരെ പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഭൂമി പൂജയ്ക്ക് ആശംസ നേര്‍ന്നവര്‍ ബാബ്റി വിധിയില്‍ മൗനത്തിലാണ്.

രാമ ക്ഷേത്ര ശിലാന്യാസത്തിന് ആശംസ പറഞ്ഞും ഇഷ്ടിക അയച്ചും ഒപ്പം നിന്നവരില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു. എന്നാല്‍ ബാബ്റി മസ്ജിദ് വിധിയുടെ കാര്യത്തില്‍ സ്ഥിതി അതല്ല. വിധിക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് ഉയരുന്നത് ദുര്‍ബല പ്രതിഷേധം. എഐസിസിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് വിഷയം ഒതുക്കി. നേതാക്കളുടെ നിശബ്ദതയില്‍ ശ്രദ്ധേയം പാര്‍ട്ടിയുടെ മുഖങ്ങളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മൗനമാണ്.

വിധി വന്ന് ഒരു ദിവസം കഴിയുമ്പോളും പ്രതികരിക്കാന്‍ ഈ നേതാക്കള്‍ തയ്യാറായിട്ടില്ല. ഇരുവരും ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഹത്രാസ് വിഷയത്തില്‍ ശക്തമായ പ്രതികരണം നടത്തി.

പാര്‍ട്ടി പ്രതികരിച്ചതിനാല്‍ പ്രത്യേക പ്രതികരണം വേണ്ടെന്ന് ഇവരെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. എന്നാല്‍ ശിലാന്യാസ സമയത്ത് ഇതായിരുന്നില്ല ഇരു നേതാക്കളുടെയും സമീപനം. അന്ന് രാഹുല്‍ ഗാന്ധി ശ്രീരാമനെ വാഴ്ത്തി. പ്രിയങ്ക ഗാന്ധി ഒരു പടി കൂടി കടന്ന് ഭൂമി പൂജ ദേശീയ ഐക്യത്തിനെന്ന് പറഞ്ഞു.

ഇവിടെയാണ് നേതാക്കളുടെ മൗനത്തിന് പിന്നിലെ രാഷ്ട്രീയം ചൂണ്ടിക്കാട്ടപ്പെടുന്നത്. ഉത്തരേന്ത്യന്‍ ഭൂരിപക്ഷ വിഭാഗത്തിന് മസ്ജിദ് തകര്‍ത്തതില്‍ ആശങ്കയില്ല. അതിനെ തൃപ്തിപ്പെടുത്തും വിധമാണ് ഇവരുടെ മൗനം.

തനിക്ക് ചുമതലയുള്ള യു പിയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് പ്രിയങ്കയുടെ മൗനത്തിന്റെ കാരണം. രാമ ക്ഷേത്ര നിര്‍മാണത്തിന് അനുകൂല അന്തരീക്ഷമുള്ള അവിടെ വിധിക്കെതിരായ നിലപാടുകള്‍ തിരിച്ചടിയാവുമെന്ന് അവര്‍ ഭയപ്പെടുന്നു.

രാഹുല്‍ ഗാന്ധിയുടെ മൗനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയാണ് വെട്ടിലാവുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ ന്യുനപക്ഷങ്ങളെ അടുപ്പിക്കാന്‍ കോണ്‍ഗ്രസ് രാഹുലിന്റെ നേതൃത്വം ഉയര്‍ത്തികാട്ടിയിരുന്നു.

അതേ മതന്യുനപക്ഷങ്ങള്‍ക്ക് അരക്ഷിതവസ്ഥയുണ്ടാക്കിയ രാഷ്ട്രീയ നേതൃത്വം രക്ഷപ്പെട്ടപ്പോള്‍ രാഹുലാകട്ടെ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെ മൗനവൃതത്തിലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News