ഒരുപാട് അനുഭവങ്ങളും ഓര്‍മകളുമുണ്ട് അദ്ദേഹത്തെ കുറിച്ച് പറയാന്‍; ഇടറിയ ശബ്ദത്തോടെ, നൊമ്പരത്തോടെ ചിത്ര പറയുന്നു

പാട്ടിന്റെ മാന്ത്രികന്‍ എസ്പിബിയുടെ ഓര്‍മയില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ ഗായിക കെ എസ് ചിത്ര സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. ഏറെ വികാരാധീനയായി, എസ്പിബിയെ കുറിച്ചുള്ള ഓര്‍മകളാണ് ഇടറിയ ശബ്ദത്തോടെ ചിത്ര പങ്കുവയ്ക്കുന്നത്.

ചിത്രയുടെ വാക്കുകള്‍: ഇതുപോലെ ഒരു അവസ്ഥയില്‍ സംസാരിക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. ബാലു സാറെ ഞാനാദ്യം കാണുന്നത് 1984ല്‍ ആണ്. ‘പുന്നഗൈ മന്നന്റെ’ റെക്കോര്‍ഡിംഗ് സമയത്ത്. പിന്നീട് 2015 വരെ തുടര്‍ച്ചയായി അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഒരുപാട് ഏറെ അനുഭവങ്ങളും ഓര്‍മകളുമുണ്ട് അദ്ദേഹത്തെ കുറിച്ച് പറയാന്‍.

ഭാഷ അത് തമിഴ്, തെലുങ്ക് എല്ലാം എങ്ങനെ ഉച്ഛരിക്കണമെന്ന്, എഴുതണമെന്ന് അദ്ദേഹമാണ് പറഞ്ഞ് തന്നത്. തെലുങ്ക് പഠിപ്പിച്ചത് എല്ലാം അദ്ദേഹമാണ്. ഒരു പുസ്തകത്തില്‍ എല്ലാം എഴുതി തരുമായിരുന്നു, എന്റെ കയ്യില്‍ ഇപ്പോഴും ആ പുസ്തകമുണ്ട്. ബാക്ക് പേജില്‍ അക്ഷരങ്ങള്‍ എഴുതി തന്നത്.

ഓരോ വാക്കുകളുടെയും അര്‍ത്ഥം, വരികളില്‍ വരേണ്ട ഭാവങ്ങള്‍ അതൊക്കെ പറഞ്ഞു തരും. അതുമാത്രമല്ല, ഒരു മനുഷ്യന്‍ മറ്റൊരാളോട് എങ്ങനെ പെരുമാറണം, കൂടെ വര്‍ക്ക് ചെയ്യുന്ന ബാന്റ്, മ്യൂസീഷന്‍ അവരെ എങ്ങനെ പരിഗണിക്കമെന്നൊക്കെ പഠിച്ചത് സാറിനെ കണ്ടാണ്.

അദ്ദേഹത്തിന്റെ മനസ് എത്ര വലുതാണ് എന്ന് കാണിക്കുന്ന ഒരു ഉദാഹരണം പറയാം. യുഎസില്‍ ഒരു കോണ്‍സേര്‍ട്ടിനു പോയപ്പോള്‍ മൂന്നു ദിവസം തുടര്‍ച്ചയായി ഷോ. രണ്ടു ദിവസത്തെ ഷോ കഴിഞ്ഞ് മറ്റൊരു സ്ഥലത്ത് എത്തിയപ്പോള്‍ സാര്‍ വന്ന ഉടനെ സാറിന്റെ റൂം റെഡിയാക്കി കൊടുത്തു.

മ്യൂസീഷന്‍മാര്‍ക്കുള്ള മുറികള്‍ വൃത്തിയാക്കുകയാണ്, കുറച്ചുനേരം കാത്തിരിക്കണം എന്നു പറഞ്ഞ് വെയിറ്റ് ചെയ്യിപ്പിച്ചു. ”എനിക്ക് ആദ്യം റൂം വേണ്ട, ആദ്യം അവര്‍ക്ക് കൊടുക്കൂ. ഞാന്‍ റൂമിലേക്ക് പോയാല്‍ നിങ്ങളവരെ ഗൗനിക്കുകയില്ല. അവരെയെല്ലാം റൂമില്‍ പോയി റെസ്റ്റ് എടുത്തിട്ടേ, ഞാന്‍ പോവുന്നുള്ളൂ എന്നായിരുന്നു സാര്‍ പറഞ്ഞത്. മറ്റുള്ളവരോട് ഇത്രയും സ്‌നേഹവും കരുതലുമുള്ള ഇതുപോലൊരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല.

ഓരോ തവണ കാണുമ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ട് ആശീര്‍വാദം വാങ്ങാറുണ്ട്. സാര്‍, നിങ്ങള്‍ എവിടെയിരുന്നാലും നന്നായിരിക്കണം. താങ്കളുടെ ആശിര്‍വാദം എപ്പോഴും കൂടെയുണ്ടാവണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here