ബലാത്സംഗമെന്നതിന് തെളിവ് ലഭിച്ചിട്ടില്ല; ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അപമാനിച്ച് പൊലീസ്‌

ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ അപമാനിച്ച് യു പി പോലീസ്. ബലാൽസംഗമെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന് ഹത്രാസ് എസ് പി. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബൽറാംപൂർ ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായി ദളിത്​ പെൺകുട്ടി കൊല്ലപ്പെട്ടു. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ പീഡിപ്പിച്ചു.

ഹത്രാസ് പെണ്കുട്ടിക്കും കുടുംബത്തിനും നീതി നിഷേധിക്കുന്നത് യു പി പോലീസ് തുടരുകയാണ്. കുടുംബത്തിന്റെ അനുമതി ഇല്ലാതെ മൃതദേഹം സംസ്കരിച്ചത് വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് ഹത്രാസ് എസ് പി യുടെ വിവാദ പ്രസ്താവന. ഡോക്ടർമാർക്ക് ഇതുവരെ ബലാൽസംഗം സ്ഥിരീകരിക്കാൻ ആയിട്ടില്ല. പ്രാഥമിക റിപ്പോർട്ട് പ്രകാരം അത്തരം സൂചനകൾ ഇല്ലെന്നാണ് എസ്. പി. വിക്രാന്ത് വീർ പറയുന്നത്.

അന്തിമ സ്ഥിരീകരണത്തിന് ഫോറൻസിക് റിപ്പോർട്ട് കാത്ത് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടുംബത്തെ കാണാനാകാത്ത വിധം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വീട്ടിലേക്കുള്ള വഴികൾ അടച്ചു. ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ വീട്ടു തടങ്കലിൽ ആക്കി. ഹത്രസിൽ നിന്ന് 500 കിലോമീറ്റർ അകലെയാണ് സമാന സംഭവം റിപ്പോർട്ട് ചെയ്തത്. 22 വയസുകാരിയായ ദളിത് പെണ്കുട്ടിയാണ് ബൽറാംപൂരിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

ജോലിക്ക് പോയി വരും വഴി ഒരു സംഘം മയക്ക് മരുന്ന് കുത്തിവച്ച് പീഡിപ്പിക്കുകയായിരുന്നു. കാലുകളും അരക്കെട്ടും തകർന്ന നിലയിലാണ് മകൾ വീട്ടിൽ എത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ്​ അറിയിച്ചു.

അസംഗഡ്, ബുലന്ദ്ഷഹർ ജില്ലകളിലാണ് പ്രായപൂർത്തിയാകാത്ത പെണ്കുട്ടികൾ പീഡിപ്പിക്കപ്പെട്ടത്. അസംഗഡിലെ ജിയാൻപൂർ പ്രദേശത്ത് പീഡനത്തിന് ഇരയായ പെണ്കുട്ടിക്ക് 8 വയസ് മാത്രമാണ് പ്രായം. ബുലന്ദ്ഷഹറിൽ 14 വയസുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News