കോണ്‍ഗ്രസില്‍ തുറന്ന പോര്; പരസ്യയുദ്ധവുമായി മുല്ലപ്പള്ളിയും മുരളീധരനും; നേതാക്കള്‍ നിഴല്‍ യുദ്ധം വേണ്ടെന്ന് മുല്ലപ്പള്ളി: അച്ചടക്കം എല്ലാ നേതാക്കള്‍ക്കും ബാധകമെന്ന് മുരളീധരന്‍

തിരുവനന്തപുരം: പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും മുല്ലപ്പള്ളിക്ക് മറുപടിയായി കെ മുരളീധരന്‍ പറഞ്ഞു.

വിമര്‍ശനങ്ങള്‍ കെപിസിസി പ്രസിഡന്റിനോടാണ്, വ്യക്തിയോടല്ല. ഒരു സ്ഥാനം രാജിവെച്ചത് ഇത്ര പ്രശ്നം ആക്കേണ്ട കാര്യമില്ല. ആരോടും പരാതി പറയാനില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ ആരോടും ആലോചിക്കാതെ എടുത്തതാണ്. പേടിച്ചിട്ട് നിര്‍ത്തിയതാണെന്ന് തോന്നുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു. യുഡിഎഫ് കണ്‍വീനറാകാന്‍ താന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പുനസംഘടനയുടെ കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ല. കെ കരുണാകരനെ ചിലര്‍ ചതിച്ചപോലെ മറ്റുള്ളവരെ ചതിക്കാന്‍ താനില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, കെ മുരളീധരന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. സമരം അവസാനിപ്പിച്ചത് സംസ്ഥാനത്തിന്റെ പൊതുതാത്പര്യം മാനിച്ചാണ്. ആരെയും ഭയപ്പെടുന്നില്ല. അങ്ങെനെ കരുതുന്നവര്‍ക്ക് തെറ്റി.

എം പിമാര്‍ നിഴല്‍ യുദ്ധം നടത്തരുത്. സംയമനവും അച്ചടക്കവും പാലിക്കണം. അപസ്വരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ബാധിക്കില്ല. മുരളീധരന്‍ കണ്‍വീനറാകാന്‍ താത്പര്യം പ്രകടിപ്പിച്ചതായി അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here