നിറത്തിന്റെ പേരില്‍ പരിഹസിച്ചവര്ക്ക് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകള്‍ സുഹാന ഖാന്. ഇന്‍സ്റ്റഗ്രാമിലെ തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റ് ചെയ്തവര്‍ക്കാണ് സുഹാന ശക്തമായ മറുപടി നല്‍കിയത്.
പുരുഷനെപ്പോലെയാണ് ഇരിക്കുന്നത്, കറുത്തതാണ്, സര്‍ജറി ചെയ്ത് നിറം മാറ്റണം തുടങ്ങി അധിക്ഷേപകരമായ പല കമന്റുകളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സുഹാന പറയുന്നു. ഈ കമന്റുകളുടെ സ്ക്രീന്‍ഷോട്ടുകളടക്കം പങ്കുവച്ചു കൊണ്ടാണ് ഇത്തരക്കാര്‍ക്ക് സുഹാന മറുപടി നല്‍കിയിരിക്കുന്നത്. endcolourism എന്ന ഹാഷ്ടാഗിലാണ് മറുപടി.
12ാം വയസ്സ് മുതല്‍ നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് അനുഭവിക്കുകയാണെന്ന് ഇരുപതുകാരിയായ സുഹാന പോസ്റ്റില്‍ വ്യക്തമാക്കുന്നു. ”കാലാ” എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്. കറുത്തവള്‍ എന്ന അര്‍ത്ഥത്തില്‍ തന്നെ കാലി എന്നുവരെ വിളിച്ചവരുണ്ടെന്നും നിറത്തിന്റെ പേരിലുള്ള ഇത്തരം വേര്‍തിരിവുകള്‍ നിര്‍ത്താന്‍ സമയമായെന്നും സുഹാന പറയുന്നു.
‘നമുക്ക് ചുറ്റും ഇപ്പോള്‍ നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്, അതില്‍ നമ്മള് പരിഹാരം കാണേണ്ട കാര്യങ്ങലില്‍ ഒന്ന് ഇതാണ്, ഇത് എന്നെക്കുറിച്ച് മാത്രമുള്ളതാണെന്ന് കരുതല്ലേ, ഒരു കാരണവുമില്ലാതെ അപകര്‍ഷത ബോധത്തോടെ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും കുറിച്ചാണിത്. എന്റെ രൂപത്തെക്കുറിച്ച് ചിലര്‍ കുറിച്ചിട്ടുള്ള കമന്റുകളാണ് ഇവിടെയുള്ളത്.’
‘പൂര്‍ണ വളര്‍ച്ചയെത്തിയ സ്ത്രീകളില്‍ നിന്നും പുരുഷന്മാരില് നിന്നും എന്റെ പന്ത്രണ്ട് വയസ്സുമുതല്‍ നിറത്തിന്റെ പേരില്‍ തന്നെ വിരൂപയെന്ന വിളികേട്ടയാളാണ് ഞാന്‍. ഈ പ്രായപൂര്‍ത്തിയായവരൊക്കെ നമ്മള് എല്ലാം ഇന്ത്യക്കാരാണ്. അതിനാല്‍ ബ്രൗണ്‍ നിറത്തിലുള്ളവരാണെന്ന സത്യം മനസ്സിലാക്കണം. വ്യത്യസ്തമായ പല വര്ണ്ണവ്യത്യാസങ്ങളുണ്ടെങ്കിലും എത്രയൊക്കെ ശ്രമിച്ചാലും മെലാനിനില്‍ നിന്ന് മാറി നില്ക്കാന് നമുക്കാവില്ലലോ, നിങ്ങളുടെ ആളുകളെത്തന്നെ വെറുക്കുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ക്കുള്ളിലെ അരക്ഷിതാവസ്ഥ തന്നെയല്ലേ.’
‘അഞ്ചടി പൊക്കവും വെളുത്ത നിറവുമില്ലെങ്കില്‍ സുന്ദരി അല്ല എന്ന് നമ്മുടെ വിവാഹ വീടുകളില്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ബ്രൗണ്‍ നിറമുള്ളയാളാണ്, അതില്‍ വളരെ അധികം സന്തോഷവതിയാണ്. നിങ്ങളും അങ്ങനെയാകൂ.’ സുഹാന വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here