സിബിഐ അന്വേഷണം: ലൈഫ് മിഷന്റെ ഹര്‍ജി എട്ടിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും; അനില്‍ അക്കര എംഎല്‍എക്കും സിബിഐക്കും നോട്ടീസ്

കൊച്ചി: സിബിഐ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കാട്ടി ലൈഫ് മിഷന്‍ നല്‍കിയ ഹര്‍ജി ഒക്ടോബര്‍ എട്ടിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ അനില്‍ അക്കര എംഎല്‍എക്കും സിബിഐക്കും നോട്ടീസ് അയയ്ക്കാന്‍ ഉത്തരവായി.

വടക്കാഞ്ചേരിയില്‍ ദുബായ് റെഡ് ക്രസന്റ് നിര്‍മ്മിക്കുന്ന ഭവനപദ്ധതിക്കെതിരെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു വി ജോസ് ഹര്‍ജി നല്‍കിയത്.

വീടില്ലാത്തവര്‍ക്ക് പാര്‍പ്പിടം നല്‍കാനുള്ള ലൈഫ് പദ്ധതിയുടെ നടത്തിപ്പിന് യുണിടാക്, സാന്‍വെഞ്ചേഴ്‌സ് എന്നീ കമ്പനികള്‍ യുഎഇയിലെ റെഡ്ക്രസന്റില്‍നിന്ന് പണം കൈപ്പറ്റിയതില്‍ അപാകതയില്ല. വിദേശ ഫണ്ട് വാങ്ങുന്നതിന് നിയമപ്രകാരം വിലക്കുള്ളവയുടെ പട്ടികയില്‍ വരുന്നതല്ല ഈ രണ്ട് കമ്പനികളും. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലും ഇത്തരം കമ്പനികള്‍ക്ക് വിലക്കില്ല. കമ്പനികള്‍ ഏറ്റെടുക്കുന്ന ജോലിക്ക് പണം സ്വീകരിക്കാം. ഇതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. വിദേശ ഫണ്ട് വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളവരില്‍ സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ പെടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

2020 ജനുവരി 30ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സിഎജി ഓഡിറ്റുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വിദേശ ഫണ്ട് വാങ്ങുന്നതില്‍ വിലക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ലൈഫ് പദ്ധതിക്ക് കേന്ദ്ര നിയമപ്രകാരം വിലക്കില്ല. അനില്‍ അക്കര എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത സിബിഐയുടെ നടപടി നിയമാനുസൃതമല്ല. പല കേസുകളും അന്വേഷിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്ന സിബിഐ ഈ കേസ് അന്വേഷണത്തിന് തിടുക്കം കാട്ടുന്നതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്.

ഫ്‌ലാറ്റ് നിര്‍മാണത്തിന് ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലാണ് കരാര്‍. പദ്ധതിയുടെ നിര്‍മാണം ഏറ്റെടുക്കുന്ന കരാറുകാരുമായി സര്‍ക്കാരിനോ ലൈഫ് മിഷനോ നേരിട്ട് ബന്ധമുണ്ടാകില്ലെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ലൈഫ് മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News