അബ്ദുള്ളക്കുട്ടിക്കെതിരെ ആര്‍എസ്എസ്; കോര്‍കമ്മിറ്റിയോഗത്തില്‍ നിന്നും വിട്ട്‌നിന്ന് സികെ പത്മനാഭന്‍; അവസരം പ്രതിയോഗികളുടെ ബന്ധുക്കള്‍ക്കെന്ന് പിപി മുകുന്ദന്‍

ദേശീയ വൈസ്‌പ്രസിഡന്റായി എ പി അബ്‌ദുള്ളക്കുട്ടിയെ നിയമിച്ചതിൽ കേരളത്തിലെ ആർഎസ്‌എസിനും ബിജെപിയിലെ മുരളീധര വിരുദ്ധർക്കും കടുത്ത അമർഷം.

ചൊവ്വാഴ്‌ച കൊച്ചിയിൽ ചേർന്ന കോർകമ്മിറ്റിയോഗത്തിൽനിന്നും മുതിർന്ന നേതാവ്‌ സി കെ പത്മനാഭൻ വിട്ടുനിന്നു. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെ ആർഎസ്‌എസും അതൃപ്‌തി അറിയിച്ചു.

ദേശീയ ഭാരവാഹിപ്പട്ടികയിൽ കുമ്മനം രാജശേഖരനെ ഉൾപ്പെടുത്താത്തതിലുള്ള ആർഎസ്‌എസിന്റെ പ്രതിഷേധം തണുപ്പിക്കാനാണ്‌ സന്തോഷ്‌ ചൊവ്വാഴ്‌ച കൊച്ചിയിലെത്തി ആർഎസ്‌എസ്‌ യോഗത്തിൽ പങ്കെടുത്തത്‌.

അബ്‌ദുള്ളക്കുട്ടിയെ ബിജെപിയിൽ എടുത്തപ്പോൾ തന്നെ സി കെ പത്മനാഭൻ എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞദിവസത്തെ യോഗത്തിൽ പങ്കെടുക്കാതിരുന്നതും ഈ എതിർപ്പ്‌ മൂലമാണ്‌.

കുമ്മനം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ തഴഞ്ഞ്‌ ഇന്നലെ മാത്രം ബിജെപിയിലെത്തിയ അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഭാരവാഹിയാക്കിയതിൽ ഗ്രൂപ്പുകൾക്ക്‌ അതീതമായാണ്‌ പ്രതിഷേധം ഉയർന്നത്‌.

നിരവധി പരാതികൾ ഇതിനകം കേന്ദ്രനേതൃത്വത്തിന്‌ അയച്ചിട്ടുണ്ട്‌. കുമ്മനത്തേയും മറ്റ്‌ ചില നേതാക്കളേയും ദേശീയ എക്‌സിക്യൂട്ടീവിലും മറ്റ്‌ കമ്മിറ്റികളിലും എടുത്ത്‌ പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്‌.

തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ സംഘ്‌പരിവാറിനകത്തെ ആഭ്യന്തര കലഹങ്ങൾ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്‌. കെ സുരേന്ദ്രനെ പ്രസിഡന്റാക്കിയതിനെത്തുടർന്ന്‌‌ ഇടഞ്ഞുനിൽക്കുന്ന ആർഎസ്‌എസും പി കെ കൃഷ്‌ണദാസ്‌പക്ഷവും അബ്‌ദുള്ളക്കുട്ടി വിഷയം സംഘ്‌പരിവാറിനകത്ത്‌ പ്രചരിപ്പിക്കുമോ എന്ന ഭയവും നേതൃത്വത്തിനുണ്ട്‌.

ബിജെപിയിൽ അവസരം പ്രതിയോഗികളുടെ ബന്ധുക്കൾക്ക്‌ : പി പി മുകുന്ദൻ
നേതാക്കളെയും പ്രവർത്തകരെയും അവഗണിച്ചുള്ള ബിജെപിയുടെ പോക്ക്‌ അപകടമെന്ന്‌ മുതിർന്ന നേതാവ്‌ പി പി മുകുന്ദൻ.

ബിജെപിക്ക്‌ ദിശാബോധം നഷ്‌ടപ്പെടാതെ നോക്കണമെന്ന്‌‌ പറഞ്ഞ മുകുന്ദൻ‌ സംസ്ഥാന നേതൃത്വത്തിന്റെയും കേന്ദ്രസഹമന്ത്രി വി മുരളീധരന്റെയും പ്രവർത്തന ശൈലിയിലും ശക്തമായി വിയോജിച്ചു.

ഫേസ്‌ബുക്ക്‌ കുറിപ്പിലാണ്‌‌ മുകുന്ദൻ പ്രതിഷേധം പ്രകടിപ്പിച്ചത്‌.തല്ല ചെണ്ടയ്‌ക്കും പണമെല്ലാം മാരാർക്കും എന്നാണ്‌‌‌‌ ബിജെപിയിലെ ഇപ്പോഴത്തെ അവസ്ഥ. ബലിദാനികളുടെയടക്കം ആത്മാവ്‌ നോവിക്കുന്നതാണിത്‌. മികച്ച പ്രവർത്തകരെ നിസംഗരാക്കുന്ന ഈ ശൈലി തെറ്റായ സന്ദേശമാണ്‌ നൽകുക.

അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി സംഘത്തെ കാണരുത്. പ്രസ്ഥാനത്തിനൊപ്പം പ്രവർത്തകരും വളരുന്നതാണ്‌ സംഘപരിവാർ രീതി. ഇതൊന്നുമില്ലാതെ പരിവാർ രാഷ്‌ട്രീയത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ കുറെ പേർ എത്തി. മുമ്പ് ഇങ്ങനെ വന്ന ചിലർ ശത്രുപക്ഷത്ത് എത്തിയെന്നത്‌ മറക്കരുത്‌.

പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ വിസ്‌മരിച്ച്‌ പ്രതിയോഗികളുടെ ബന്ധുക്കൾക്ക് അവസരം നൽകുന്നത്‌‌ ശരിയായ കീഴ്‌‌വഴക്കമല്ലെന്നും മുകുന്ദൻ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News