വിജയ് പി.നായര്‍ക്ക് പിന്തുണ; ഭാഗ്യലക്ഷ്മിക്കും കൂട്ടുകാരികള്‍ക്കും നേരെ ആക്ഷേപവും: എന്തുകൊണ്ടാവാം ഇത്?

വിജയ് പി.നായര്‍ക്ക് പിന്തുണയുണ്ടാകുന്നതിനെക്കുറിച്ചും ഭാഗ്യലക്ഷ്മിക്ക് നേരെ ഉയരുന്ന ആക്ഷേപങ്ങളിലും മറുപടിയുമായി അശോകന്‍ ചരുവില്‍.

കുറിപ്പ് വായിക്കാം:

ശ്രദ്ധിച്ചു നോക്കൂ. നാം പ്രതീക്ഷിക്കാത്ത പല മൂലകളില്‍ നിന്നും വിജയ് പി.നായര്‍ക്ക് പിന്തുണയുണ്ടാകുന്നു. ഭാഗ്യലക്ഷ്മിക്കും കൂട്ടുകാരികള്‍ക്കും നേരെ കടുത്ത ആക്ഷേപവും ഉയരുന്നുണ്ട്. എന്തുകൊണ്ടാവാം ഇത്?

പോണോഗ്രഫി എന്ന സംഗതി പണ്ടേ ഉള്ളതാണ്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വന്നതോടെ അത് നിലവിട്ട് കുതിച്ചൊഴുകുന്നു. എന്നാല്‍ വിജയന്‍ നായരുടെ യൂട്യൂബ് വീഡിയോകളെ കേവലം പോണോഗ്രഫി ആയി കാണാനാവില്ല. തെറിയും അശ്ലീലവും നായര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതവിടം കൊണ്ട് അവസാനിക്കുന്നില്ല. ‘ധാര്‍മ്മികമായ’ ഒരു സ്ത്രീസങ്കല്പത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം പ്രഭാഷണം നടത്തുന്നത്.

അതുകൊണ്ടാണ് നായരുടെ മുഖത്തടിച്ച ഭാഗ്യലക്ഷ്മിക്ക് സമൂഹത്തിലെ പല പ്രശസ്ത പുരുഷകേസരികളില്‍ നിന്നും രൂക്ഷമായ മറുപടി കിട്ടിയത്. ചെന്നായയേയും ആട്ടിന്‍കുട്ടിയേയും സമീകരിക്കുന്ന മനോരമതന്ത്രമാണ് ചിലര്‍ പ്രയോഗിക്കുന്നത്. ബാലചന്ദ്രമേനോന്‍, സി.ആര്‍.പരമേശ്വരന്‍, പി.സി.ജോര്‍ജ് എന്നിങ്ങനെ നിരവധി പേര്‍ ഇപ്പോഴും രോഷം കൊണ്ട് ജ്വലിച്ചു നില്‍ക്കുന്നു. സംഘപരിവാറുമായി ബന്ധപ്പെട്ട സമൂഹമാധ്യമ കൂട്ടായ്മകള്‍ ഭാഗ്യലക്ഷ്മിയെ കടിച്ചുകീറുകയാണ്.

വിജയന്‍ നായരുടെ മനസ്സില്‍ ഉദിച്ചു നില്‍ക്കുന്ന ‘സ്ത്രി’ ചില്ലറ സംഭവമല്ല. കേരളത്തിലേക്ക് സംക്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ മതരാഷ്ട്രവാദം മുന്നോട്ടു വെക്കുന്നതാണത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക വ്യവസ്ഥയുടെ പിന്തുണയുണ്ട് അതിന്. ശബരിമല സ്ത്രീപ്രവേശന വിധി വന്ന സമയത്ത് ഈ ‘കുലസ്ത്രീകള്‍’ തങ്ങളുടെ അടിമത്തത്തെ ഉദ്‌ഘോഷിച്ചു കൊണ്ട് നാമജപവുമായി തെരുവിലിറങ്ങിയത് നാം കണ്ടല്ലോ. അവരുടെ വക്താക്കള്‍ ഫെമിനിസ്റ്റുകള്‍ക്കെതിരെ കടന്നാക്രമണം നടത്തിയിരുന്നു.

അന്നത്തെ വക്താക്കളും വിജയന്‍ നായരും തമ്മിലുള്ള വ്യത്യാസം കേവലം ഒരു ഭാഷാപ്രശ്‌നമാണ്. സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട ഭാഷയില്‍ ‘ഉദാത്തമായ’ ഈ സ്ത്രീസങ്കല്പം നമ്മള്‍ വീട്ടിലും നാട്ടിലും മീഡിയയിലും പ്രഭാഷണ വേദികളിലും നിരന്തരം കേട്ടു തലകുലുക്കിക്കൊണ്ടിരിക്കുന്നു.

വിശേഷപ്പെട്ട ഒരു സംഗതി വിജയന്‍നായര്‍ മുന്നോട്ടു വെക്കുന്ന ഈ സദാചാര സ്ത്രീസങ്കല്‍പ്പത്തെ ഹിന്ദുത്വവാദികള്‍ എന്നപോലെ ഇസ്ലാമിസ്റ്റുകളും കൃസ്ത്യാനിസ്റ്റുകളും അംഗീകരിക്കുന്നുണ്ട് എന്നതാണ്.

അശോകന്‍ ചരുവില്‍
01 10 2020

ശ്രദ്ധിച്ചു നോക്കൂ. നാം പ്രതീക്ഷിക്കാത്ത പല മൂലകളിൽ നിന്നും വിജയ് പി.നായർക്ക് പിന്തുണയുണ്ടാകുന്നു. ഭാഗ്യലക്ഷ്മിക്കും…

Posted by Asokan Charuvil on Wednesday, 30 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News