100 ദിനം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; 95,000 തൊഴിലവസരം ലക്ഷ്യമിടുന്നെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ മറ്റ് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ പാടില്ലെന്ന നിലയിലാണ് സര്‍ക്കാര്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 100 ദിവസം കൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കും. അരലക്ഷം തൊഴിലവസരം എന്നതില്‍ നിന്ന് 95,000 തൊഴിലവസരം വരെ സൃഷ്ടിക്കാനാവുമെന്നാണ് ലക്ഷ്യം. എല്ലാ രണ്ടാഴ്ചയിലും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസം പരസ്യപ്പെടുത്തും.

സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ 18600, ഹയര്‍ സെക്കണ്ടറിയില്‍ 425 തസ്തികയും സൃഷ്ടിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 6911 തസ്തിക നിയമനം റെഗുലറൈസ് ചെയ്യും. സ്‌കൂള്‍ തുറക്കാത്തത് കൊണ്ട് ജോലിക്ക് ചേരാത്ത 1632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ 10968 പേര്‍ക്ക് ജോലി നല്‍കും.

മെഡിക്കല്‍ കോളേജില്‍ 700, ആരോഗ്യവകുപ്പില്‍ 500 തസ്തിക സൃഷ്ടിക്കും. പട്ടികവര്‍ഗക്കാരില്‍ 500 പേരെ ഫോറസ്റ്റില്‍ ബീറ്റ് ഓഫീസര്‍മാരായി നിയമിക്കും. സര്‍ക്കാര്‍ സര്‍വീസിലും പിഎസ്സിക്ക് വിട്ട പൊതുമേഖലാ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലും പിഎസ്സി വഴി നിയമനം ലഭിക്കും. എല്ലാ ഒഴിവും അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണം. പിഎസ്‌സി വഴി 100 ദിവസത്തിനുള്ളില്‍ അയ്യായിരം പേര്‍ക്ക് നിയമനം ലക്ഷ്യം. പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും പിഎസ്‌സി നിയമനത്തിലും സര്‍വകാല റെക്കോര്‍ഡ് നേടി.

സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം താത്കാലിക നിയമനം നടത്തും. കെഎസ്എഫ്ഇയില്‍ കൂടുതല്‍ നിയമനം. സെപ്തംബര്‍-നവംബര്‍ കാലത്ത് ആയിരം പേര്‍ക്ക് നിയമനം നല്‍കും. അടുത്ത നൂറ് ദിവസത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 3977 പേര്‍ക്ക് നിയമനം ലഭിക്കുകയോ തസ്തിക സൃഷ്ടിക്കുകയോ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ 23,700 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. വ്യവസായ വകുപ്പിന് കീഴില്‍ 700 സംരംഭങ്ങള്‍ക്ക് നിക്ഷേപ സബ്‌സിഡി അനുവദിച്ചു. ഇവയും യുദ്ധകാല അടിസ്ഥാനത്തില്‍ പരിശോധന പൂര്‍ത്തിയാക്കും. 4600 പേര്‍ക്ക് ജോലി ലഭിക്കും. കേന്ദ്ര ഉത്തേജക പാക്കേജിന്റെ ഭാഗമായി ഒരു ലക്ഷത്തിലേറെ അക്കൗണ്ടുകളില്‍ 4500 കോടി അധിക വായ്പ നല്‍കി. വ്യവസായ ഉത്തേജക പരിപാടിയില്‍ 5000 കോടി വായ്പയും സബ്‌സിഡിയുമായി സംരംഭകര്‍ക്ക് ലഭിച്ചു.

കാപെക്‌സിലും കശുവണ്ടി കോര്‍പ്പറേഷനിലും 3000 പേരെ നൂറ് ദിവസത്തിനുള്ളില്‍ ജോലിക്കെടുക്കും. 100 യന്ത്രവത്കൃത ഫാക്ടറികള്‍ കയര്‍ വകുപ്പിന് കീഴില്‍ തുറക്കും. ഭക്ഷ്യക്കിറ്റ് വിതരണത്തിനായി 2000 പേരെ സിവില്‍ സപ്ലൈസില്‍ നിയമിക്കും. ഇന്‍ഫോപാര്‍ക്കിലും അനുബന്ധ കെട്ടിടത്തിനും 500 പേര്‍ക്ക് തൊഴില്‍ നല്‍കും. സഹകരണ മേഖലയാണ് സംസ്ഥാനത്തിന് ഏറ്റവും വലിയ കരുത്തായത്. 17500 തൊഴിലവസരം സൃഷ്ടിക്കാനാണ് ലക്ഷ്യം.

100 നാളികേര സംസ്‌കരണ യൂണിറ്റുകളിലായി ആയിരം പേര്‍ക്ക് തൊഴില്‍ നല്‍കും. പലയിനങ്ങളിലായി സഹകരണ സംഘങ്ങള്‍ മറ്റ് സംരംഭങ്ങള്‍ക്ക് രൂപം നല്‍കും. അപെക്‌സ് സംഘങ്ങളായ കണ്‍സ്യൂമര്‍ഫെഡ് ആയിരം പേര്‍ക്ക് ജോലി നല്‍കും. മൂന്ന് മാസം കൊണ്ട് 500 ജനകീയ ഹോട്ടല്‍ തുറക്കും. കയര്‍ ക്രാഫ്റ്റ് ഭക്ഷ്യ ശൃംഖല കുടുംബശ്രീ വഴി തുറക്കും. പിന്നോക്ക വികസന കോര്‍പ്പറേഷന്‍ 650 കോടിക്കുള്ള ഗ്യാരണ്ടി സര്‍ക്കാര്‍ നല്‍കി. 3060 തൊഴിലവസരം സൃഷ്ടിക്കും. വനിതാ വികസന കോര്‍പ്പറേഷന് 740 കോടിക്ക് ഗ്യാരണ്ടി നല്‍കി.

വിദേശത്ത് ജോലിക്ക് 90 നഴ്‌സുമാര്‍ക്ക് പ്രത്യേക വൈദഗ്ദ്യം നല്‍കും.കെഎഫ്‌സി 500 സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നുണ്ട്. 2500 പേര്‍ക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പട്ടികജാതി വികസന കോര്‍പ്പറേഷന്‍ സംരഭകത്വ വികസന പദ്ധതി വഴി 1398 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യം പ്രത്യേകം പറഞ്ഞിട്ടില്ല. തൊഴിലവസരം സൃഷ്ടിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. കുടുംബശ്രീക്ക് പിന്തുണ തദ്ദേശ സ്ഥാപനം നല്‍കണം.

ഗ്രാമീണ തൊഴിലില്ലായ്മ കുറക്കാന്‍ തൊഴിലുറപ്പ് ദിനം 200 ആക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പുതിയ തൊഴിലവസരം സൃഷ്ടിക്കും. നാടാകെ ഒന്നിച്ചണിനിരന്ന് കൊവിഡിന്റെ സാമ്പത്തിക ആഘാതത്തില്‍ നിന്ന് മറികടക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News