ഇന്ത്യ എങ്ങോട്ട്? – കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു

ഇന്ത്യ എങ്ങോട്ട് എന്ന ഏറ്റവും ഉല്‍ക്കണ്ഠാജനകമായ ചോദ്യമാണ് ബാബ്‌റി പള്ളി പൊളിച്ച കുറ്റവാളികളെ വിശുദ്ധരായി വിട്ടയച്ച സിബിഐ ലഖ്നൗ കോടതി വിധി ഉയര്‍ത്തുന്നത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, സ്വാമി ഋതംഭര തുടങ്ങിയവരുള്‍പ്പെടെ പ്രതിചേര്‍ത്ത 32 പേരും നിരപരാധികളെന്നാണ് 2300 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കിയത്. അദ്വാനിയെ ഫോണ്‍ചെയ്തും നേരിട്ടും അമിത് ഷാ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ അനുമോദിച്ചു. കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വീട്ടിലെത്തിയാണ് സന്തോഷം പ്രകടിപ്പിച്ചത്.

ഗാന്ധിജയന്തിക്ക് രണ്ട് നാള്‍ മുമ്പാണ് നീതിന്യായ വ്യവസ്ഥയ്ക്കുമേല്‍ കരിനിഴലായ വിധിയുണ്ടായത്. ഗോഡ്‌സെ ഗാന്ധിയെ വെടിവച്ചുകൊന്നത് അറിഞ്ഞ് മധുരപലഹാരം വിതരണം ചെയ്തതിന്റെ ആവര്‍ത്തനവും ഉണ്ടായി. കോടതിവിധികേട്ട് സന്തോഷവാനായ പ്രതികളില്‍ ഒരാളായ ബിജെപി നേതാവ് ജയ് ഭഗവാന്‍ ഗോയല്‍ അഹങ്കാരത്തോടെ ഉദ്ഘാഷിച്ചത് ‘പൊളിച്ചത് ഞങ്ങള്‍തന്നെ, അടുത്തത് കാശി, മഥുര പള്ളികളാണ്’. ഇത് സംഘപരിവാറിന്റെ കേവലമൊരു വമ്പ് പറച്ചിലല്ല. യുപിയിലെ മഥുരയിലെ മുസ്ലിം ആരാധനാലയം നീക്കം ചെയ്യണമെന്ന് ലഖ്നൗ കോടതിയില്‍ ഹര്‍ജി വന്നുകഴിഞ്ഞു. കൃഷ്ണജന്മഭൂമിക്കു സമീപമുള്ള പള്ളി പൊളിക്കണമെന്നതാണ് ആവശ്യം. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്ഷേത്രം തകര്‍ത്ത് പള്ളി പണിഞ്ഞതാണെന്നും ഈ പള്ളി നില്‍ക്കുന്ന 13.37 ഏക്കര്‍ സ്ഥലം കൃഷ്ണജന്മഭൂമി ആണെന്നുമാണ് ഹര്‍ജിയിലെ വാദം. മുന്‍സിഫ് കോടതി ഹര്‍ജി തള്ളി. പക്ഷേ, നിയമവ്യവഹാരവും കോടതിക്കു പുറത്തുള്ള കാവിസംഘ പരാക്രമവും തുടരാന്‍ ലഖ്നൗ കോടതി വിധി ഹിന്ദുത്വശക്തികള്‍ക്ക് പ്രചോദനമേകുന്നതാണ്.

എക്‌സിക്യൂട്ടീവിലും ലെജിസ്ലേച്ചറിലുമുള്ള ഹിന്ദുത്വശക്തിയുടെ മേധാവിത്വം പല രൂപത്തില്‍ നീതിന്യായരംഗത്തും പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നു. 1970 കളില്‍ നീതിന്യായരംഗത്തുണ്ടായത് പുരോഗമന പ്രവണതകളായിരുന്നു. അതിനെയാണ് ‘ജുഡീഷ്യല്‍ ആക്ടിവിസം’ എന്നുവിളിച്ചത്. ഭരണനിര്‍വഹണ സംവിധാനത്തിന്റെ കടന്നുകയറ്റത്തെ ചെറുത്ത് ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവണതയായിരുന്നു അത്. കോടതിക്ക് വരുന്ന കത്തുകളും പത്രറിപ്പോര്‍ട്ടുകളുംവരെ റിട്ട് ഹര്‍ജികളായി പരിഗണിച്ചു. അങ്ങനെ പൗരാവകാശത്തിനും മനുഷ്യാവകാശത്തിനും പ്രാധാന്യം നല്‍കി. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റി തുടങ്ങിയവരുടെയെല്ലാം നിയമാധിഷ്ഠിതമായ വിധികളും കോടതിയുടെ ഇടപെടലും അന്നുണ്ടായി. എന്നാല്‍, അടിയന്തരാവസ്ഥയെത്തുടര്‍ന്ന് കോടതിക്ക് മൂക്കുകയര്‍ വീണു. പിന്നീട് തൊണ്ണൂറുകളോടെ ജുഡീഷ്യല്‍ ആക്ടിവിസം പാളംതെറ്റി. ജനങ്ങളുടെ സംഘടനാ സ്വാതന്ത്ര്യനിഷേധം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലായി കോടതിയുടെ കണ്ണ്. മോഡി ഭരണത്തിലെ ആറുവര്‍ഷത്തെ അനുഭവമെടുത്താല്‍ നീതിന്യായ സംവിധാനം കാവിപക്ഷ ചായ്വ് പ്രകടമാക്കുന്നുവെന്ന ജനങ്ങളുടെ സംശയം ബലപ്പെടുകയാണ്. ഈ പശ്ചാത്തലത്തിലാണ് അയോധ്യയിലെ പള്ളി പൊളിച്ച കേസിലെ പ്രതികളെ വിട്ടയച്ച വിധിയെ ആശ്ചര്യകരമായി നാട് കാണുന്നത്. ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത വിധിയായതിനാല്‍ അപ്പീല്‍ നല്‍കാന്‍ സിബിഐതന്നെ തയ്യാറാകണമെന്നാണ് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടിരിക്കുന്നത്.

അധികാരം ഏകാധിപത്യപരമായി പ്രയോഗിക്കുകയാണ് മോഡിഭരണം. അതിന് നിയമനിര്‍മാണവിഭാഗത്തെയും ഉപയോഗിക്കുന്നു. ഭരണഘടനാവിരുദ്ധമായി അധികാരം ഉപയോഗിക്കുമ്പോള്‍ തടയാനുള്ള ഉത്തരവാദിത്തം നീതിന്യായ സംവിധാനത്തിനുണ്ട്. അത് ഇന്ന് പരാജയപ്പെട്ടിരിക്കുകയാണ്. അതിന്റെ വിപല്‍ക്കരമായ പ്രഖ്യാപനമാണ് ലഖ്നൗ കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ഹിന്ദുത്വഭീകരര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തത് അന്വേഷിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍, 2009ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ധ്വംസനം യാദൃച്ഛികമോ മുന്‍ധാരണയില്ലാത്തതോ അല്ലെന്നും അദ്വാനി ഉള്‍പ്പെടെ 68 പേര്‍ക്ക് പ്രധാന പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിന്നീട് സിബിഐ പ്രതിയായി ചേര്‍ത്ത 32 പേരും കുറ്റക്കാരല്ലെന്നും അത് തകര്‍ത്തത് സാമൂഹ്യവിരുദ്ധരാണെന്നും സാമൂഹ്യവിരുദ്ധരെ തടഞ്ഞവരാണ് അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമെന്നുമുള്ള ജഡ്ജി സുരേന്ദ്രകുമാര്‍ യാദവിന്റെ വിധി തികച്ചും പരിഹാസ്യമാണ്.

അദ്വാനി രഥയാത്ര നടത്തിയത് അയോധ്യയില്‍ അമ്പലം പണിയണമെന്ന ആവശ്യത്തിലാണ്. അതും പള്ളിപൊളിച്ച് പണിയണമെന്നതിലായിരുന്നു. അതിനുവേണ്ടിയാണ് കര്‍സേവകരെ ആസൂത്രിതമായി അവിടേക്ക് കൊണ്ടുവന്നത്. കര്‍സേവകര്‍ ചുടുകട്ടയുമായി വന്നത് ആറ്റുകാല്‍ അമ്പലത്തില്‍ പൊങ്കാലയിടുന്നതുപോലെയുള്ള കാര്യത്തിനായിരുന്നില്ല. അദ്വാനിക്കും മറ്റും ചായയും പായസവും ഉണ്ടാക്കിക്കൊടുക്കാനുമായിരുന്നില്ല. തീയതി പ്രഖ്യാപിച്ച് നടത്തിയ ആസൂത്രിതആക്രമണമായിരുന്നു. 1992 ഡിസംബര്‍ 16നാണ് ജസ്റ്റിസ് ലിബര്‍ഹാന്‍ കമീഷനെ നിയോഗിച്ചത്. പള്ളി പൊളിച്ചശേഷം ഉമാഭാരതി സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന ബിജെപി നേതാക്കളെ ആശ്ലേഷിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തത് കമീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉമാഭാരതി അത് ചെയ്തത് താഴികക്കുടങ്ങള്‍ തകര്‍ന്നുവീണതിന്റെ ദുഃഖംകൊണ്ടായിരുന്നോ. പള്ളി തകര്‍ത്തതില്‍ ഒട്ടും ദുഃഖമില്ലെന്ന് സംഘപരിവാര്‍ നേതാക്കള്‍ എത്രതവണയാണ് പറഞ്ഞത്. പള്ളി തകര്‍ത്തത് തെറ്റാണെന്ന് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ്യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിന്റെ സമീപസമയത്തെ വിവാദമായ അയോധ്യവിധിയില്‍പ്പോലും ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു. എന്നിട്ടാണ് കേസിലെ പ്രതികളെ വിട്ടയച്ചത്.

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതും രാമക്ഷേത്രനിര്‍മാണത്തിലുള്ള കോടതി വിധിയും അനുബന്ധസംഭവങ്ങളും ഇന്ത്യയെ പൊതുവിലും കേരളത്തെ വിശേഷിച്ചും ബാധിക്കുന്ന രാഷ്ട്രീയ- സാമൂഹ്യവിഷയമാണ്. മസ്ജിദ് പൊളിച്ചവരും അതിന് കൂട്ടുനിന്നവരും തമ്മിലുള്ള ചങ്ങാത്തം മറനീക്കപ്പെട്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ മതനിരപേക്ഷത വെല്ലുവിളിക്കപ്പെടുമ്പോള്‍ കേരളം ആര്‍ക്കൊപ്പം എന്നത് പ്രസക്തമാണ്. ലഖ്നൗ വിധി ഒറ്റപ്പെട്ട ഒന്നല്ല. പൗരത്വഭേദഗതി നിയമം, മുത്തലാഖ് വിധി, മുസ്ലിം വിവാഹമോചനംമാത്രം ക്രിമിനല്‍ക്കുറ്റമാക്കുന്ന മുത്തലാഖ് ബില്‍, കശ്മീരിന്റെ പ്രത്യേകപദവി ഇല്ലാതാക്കുകയും രണ്ടായി വിഭജിക്കുകയും ചെയ്ത നടപടി, അയോധ്യയിലെ സുപ്രീംകോടതി വിധി, കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള രാമക്ഷേത്ര നിര്‍മാണം, ഡല്‍ഹി വര്‍ഗീയകലാപവിഷയത്തില്‍ കാവിപ്പടയെ അനുകൂലിക്കാത്തവരെ വേട്ടയാടുന്നത്- ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചയായിട്ടുവേണം ലഖ്നൗ കോടതിവിധിയെ വിലയിരുത്തേണ്ടത്. കോടതി വിധിയെ സിപിഐ എം നിശിതമായി വിമര്‍ശിച്ചത് ബിജെപി- ആര്‍എസ്എസ് കേന്ദ്രങ്ങളെ രോഷം കൊള്ളിച്ചിട്ടുണ്ട്. മുസ്ലിങ്ങളും ഹിന്ദുക്കളും സൗഹൃദത്തില്‍ കഴിയുന്നത് കമ്യൂണിസ്റ്റുകാര്‍ക്ക് സഹിക്കുന്നതല്ല എന്നാണ് ചില ബിജെപി നേതാക്കള്‍ കൂസലില്ലാതെ പറഞ്ഞത്. മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളോട് ആര്‍എസ്എസിനുള്ള സ്‌നേഹം ആട്ടിന്‍കുട്ടിയെ സ്‌നേഹിക്കുന്ന കടുവയുടേതാണ്.

എന്നാല്‍, സിപിഐ എമ്മിനെ എതിര്‍ക്കുന്ന ആര്‍എസ്എസുകാരുടെ നാവാണ് ഇന്ന് മുസ്ലിംലീഗ് നേതാക്കള്‍ക്ക് ഉള്ളതെന്ന് ആ പാര്‍ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ബിജെപിയല്ല, സിപിഐ എമ്മാണ് മുഖ്യശത്രുവെന്ന പ്രഖ്യാപനം നടത്തിയത്. അതിന് ഇണങ്ങുംമട്ടിലുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. ഹിന്ദുത്വ ഷ്ട്രീയവും കോണ്‍ഗ്രസ് രാഷ്ട്രീയവും തമ്മില്‍ ദേശീയതലത്തില്‍ നടന്നിട്ടുള്ള കൊടുക്കല്‍ വാങ്ങലുകളുടെ ജുഗുപ്‌സാവഹമായ അനന്തരഫലമാണ് ബാബ്‌റി പള്ളി തകര്‍ക്കപ്പെട്ടത്. ഉത്തര്‍പ്രദേശിലെ അന്നത്തെ ബിജെപി സര്‍ക്കാരിന്റെ ആസൂത്രിത നടപടികളും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഹീനമായ അനങ്ങാപ്പാറ നയവും ഹിന്ദുത്വപദ്ധതിയിലേക്കുള്ള പരസ്പരസഹകരണമാണ്. കോണ്‍ഗ്രസ് ഈ നയം ഉപേക്ഷിക്കുന്നില്ല എന്നതിന് തെളിവാണ് കേന്ദ്രം ഭരിച്ചപ്പോള്‍ അയോധ്യകേസിലെ പ്രതികള്‍ക്ക് എതിരെ മതിയായ തെളിവ് സമര്‍പ്പിക്കുന്നതിന് സിബിഐയെ പ്രാപ്തമാക്കാതിരുന്നത്. തെളിവ് ഹാജരാക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടുമ്പോള്‍ കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രസര്‍ക്കാരുകളും പ്രതിക്കൂട്ടിലാകും.

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാന്‍ ഏറ്റവും ഹീനമായ മാര്‍ഗങ്ങളിലൂടെ ആര്‍എസ്എസും ബിജെപിയും സഞ്ചരിക്കുന്നതിന്റെ പരസ്യപ്രഖ്യാപനമാണ് വന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവും. എന്നിട്ടും ബിജെപിയല്ല, സിപിഐ എം ആണ് ശത്രുവെന്ന് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറയണമെങ്കില്‍ സംഘപരിവാറും മുസ്ലിംലീഗും തമ്മിലുള്ള കച്ചവടവും രാഷ്ട്രീയബന്ധങ്ങളും അത്രമാത്രം സുവ്യക്തമാണ്. കുഞ്ഞാലിക്കുട്ടിയെ തിരുത്താന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോ മറ്റ് നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല. പള്ളി പൊളിക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസും പള്ളിപൊളിച്ച കാവിസംഘവും അവരുടെ മിത്രമായ മുസ്ലിംലീഗും കേരള രാഷ്ട്രീയത്തില്‍ ‘ഭായി ഭായി’ ആയി മുന്നോട്ടുപോകുന്നത് ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കുതന്നെ വെല്ലുവിളിയാണ്. മുസ്ലിമിന്റെ പേര് പറഞ്ഞ് അധികാരം പിടിക്കാന്‍ നില്‍ക്കുന്ന മുസ്ലിംലീഗും ഹിന്ദുവിന്റെ പേരില്‍ സീറ്റ് പിടിക്കാന്‍ നോക്കുന്ന ബിജെപിയും മൃദുഹിന്ദുത്വ നയമുള്ള കോണ്‍ഗ്രസും ഒരു വഞ്ചിയില്‍ സഞ്ചരിക്കുന്നത് എന്തിനാണ്? ഇന്ത്യയുടെ മതനിരപേക്ഷത നിലനിര്‍ത്താന്‍ അചഞ്ചലമായി പോരാടുന്ന സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഇടം രാജ്യത്ത് ദുര്‍ബലമാക്കണമെന്ന ലാക്കിലാണ്. അതിന് പ്രാഥമികമായി വേണ്ടത് പിണറായി വിജയന്‍ സര്‍ക്കാരിനെ താഴെ ഇറക്കണം. അതിനുവേണ്ടിയുള്ള അവിശുദ്ധ മുന്നണിയാണ് ബിജെപി- കോണ്‍ഗ്രസ്- മുസ്ലിംലീഗ് കൂട്ടുകെട്ട്. ഇതിന്റെ ആപത്ത് എത്ര വലുതാണെന്ന് ലഖ്നൗ കോടതി വിധി വിളിച്ചറിയിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടില്‍നിന്ന് ഉളവാകുന്ന അസ്വസ്ഥതയും അസംതൃപ്തിയും സാധാരണകോണ്‍ഗ്രസുകാരെ എന്നപോലെ ലീഗുകാരെയും വ്യാപകമായി ബാധിക്കും. യുഡിഎഫ് ഘടകകക്ഷികളെ പ്രത്യേകിച്ചും. കേരളത്തിലെപ്പോലെ സുശക്തമായ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനം അഖിലേന്ത്യാതലത്തില്‍ വളരണം. അതില്‍ അതിപ്രധാനസ്ഥാനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം. അതിനാല്‍, ഈ രാഷ്ട്രീയവുമായി സഹകരിച്ചുകൊണ്ടുമാത്രമേ ലഖ്നൗ മോഡല്‍ കോടതിവിധികളുടെ അന്തരീക്ഷം മാറ്റിമറിക്കാന്‍ പറ്റൂ. ഈ പശ്ചാത്തലത്തിലാണ് ഗാന്ധിജയന്തി ദിനമായ ഇന്ന് വൈകിട്ട് അഞ്ചിന് നിയമവാഴ്ചയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ സിപിഐ എം ആഭിമുഖ്യത്തില്‍ എല്ലാ ലോക്കല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജനകീയ സംഗമം നടക്കുന്നത്. ഇത് വിജയിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here