ഹത്രാസ് കൂട്ടബലാത്സംഗം: സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ 19കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയും തുടര്‍ന്ന് മൃതദേഹം പോലീസ് ബലമായി സംസ്‌കരിക്കുകയും ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി. സംഭവത്തില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് നോട്ടീസ് അയച്ചു. മനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് നടന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

യു.പി അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവര്‍ ഒക്ടോബര്‍ 12-ന് ഹാജരാകണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഹത്രാസ് ജില്ലാ മജിസ്ട്രേട്ട്, സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് എന്നിവര്‍ക്കും ജസ്റ്റിസുമാരായ രാജന്‍ റോയ്, ജസ്പ്രീത് സിങ്ങ് എന്നിവരുടെ ബെഞ്ച് സമന്‍സ് അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖകളുമായി എത്താനാണ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മാതാപിതാക്കളുടെ സമ്മതമില്ലാതെ പോലീസ് ബലപ്രയോഗത്തിലൂടെ മൃതദേഹം സംസ്‌കരിച്ച നടപടിയില്‍ കോടതി രോഷം പ്രകടിപ്പിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതിയിലെത്തി തങ്ങള്‍ക്ക് പറയാനുള്ളത് ബോധിപ്പിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News