രാജ്യത്ത് വിലക്കയറ്റം 19 ശതമാനം ഉയര്‍ന്നു; പിടിച്ചുനിര്‍ത്തി കേരളം; ആഭ്യന്തര ഉല്‍പ്പാദനം കൂടിയത് നേട്ടമായി

കോവിഡ്‌കാലത്ത്‌ ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്തിയ ഏക സംസ്ഥാനമായി കേരളം. ദേശീയതലത്തിൽ ഭക്ഷ്യവസ്‌തുക്കളുടെ വില 19 ശതമാനംവരെ ഉയർന്നപ്പോൾ, കേരളത്തിൽ അരിയുടെ വിലയും താഴ്‌ന്നു.

ഒരിനത്തിനും അഞ്ചു ശതമാനത്തിനപ്പുറം വിലക്കയറ്റമുണ്ടായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളാണ്‌ വിലനിയന്ത്രണം സാധ്യമാക്കിയതെന്ന്‌ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷനിലെ പ്യാരലാൽ രാഘവൻ, ജോർജ്‌ ജോസഫ്‌ എന്നിവർ നടത്തിയ പഠനം വ്യക്തമാക്കി.

ഭക്ഷ്യവിലക്കയറ്റം രാജ്യത്ത്‌ 9.6 ശതമാനമായി. ഇറച്ചി, മീൻ തുടങ്ങിയവയുടെ വില 18.8 ശതമാനം ഉയർന്നു. പയറുവർഗങ്ങൾക്ക്‌ 15.9, ഭക്ഷ്യ എണ്ണ–- 12.4, പച്ചക്കറി–-‌ 11.3, പലവ്യഞ്‌ജനം–-‌ 13.3 എന്നിങ്ങനെയാണ്‌ വിലക്കയറ്റത്തിന്റെ ശതമാന നിരക്ക്‌.

കേരളത്തിൽ കോഴിയിറച്ചിക്കടക്കം വില കുറഞ്ഞു. അരിയുടെ വില അഞ്ചു ശതമാനത്തിനപ്പുറം ഉയർന്നില്ല. പ്രമുഖ അഞ്ചിനം അരികളുടെ ശരാശരി വിലയിൽ 1.8 ശതമാനം ഇടിവുണ്ടായി. ദേശീയതലത്തിൽ ധാന്യ വിലവർധന ആറര ശതമാനമാണ്‌.

സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരവകുപ്പിന്റെ കണക്കുകളിൽ ജൂണിൽ സംസ്ഥാനത്ത്‌ മൊത്തത്തിൽ വിലക്കയറ്റം 3.7 ശതമാനമായിരുന്നു. പിന്നീട്‌ ഓണക്കാലത്തും വില താഴ്‌ന്നത്‌ അപൂർവനേട്ടമാണ്‌.

പച്ചക്കറികൾക്ക്‌ മൊത്തത്തിൽ രണ്ടുശതമാനം മാത്രമാണ്‌ വില കൂടിയത്‌. 10 പ്രധാന ഇനങ്ങൾക്ക്‌ 34 ശതമാനംവരെ വില കുറഞ്ഞു. പഴങ്ങൾക്കും ഇതേ സ്ഥിതിയാണ്‌.

ഉൽപ്പാദനം കൂടി; നേട്ടമായി

പഴം, പച്ചക്കറി, ഇറച്ചി, മുട്ട തുടങ്ങിയവയിൽ ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർധിച്ചത്‌ വിലക്കുറവിന്‌ കാരണമായി. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്ന സാധനങ്ങളുടെ വിലയും താഴ്‌ത്തി. സർക്കാർ നടപടികളുടെ വിജയമാണ് ഇതെന്ന്‌ പഠനം ചൂണ്ടിക്കാട്ടുന്നു.

ലോക്‌ഡൗൺകാലത്തും ചരക്കുനീക്ക തടസ്സം ഒഴിവാക്കാൻ സർക്കാർ നിരന്തരം ഇടപെട്ടു. വരുമാന ഇടിവ്‌ വിപണിയെ ബാധിക്കാതിരിക്കാൻ സാധാരണക്കാരുടെ കൈയിൽ പണമെത്തിച്ചു. ഓണക്കാലത്ത് 7500 കോടി രൂപയാണ് വിതരണം ചെയ്‌തത്‌. റേഷനായും ഭക്ഷ്യക്കിറ്റുകളായും ജനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചതും പൊതുവിപണിയിലെ വിലക്കയറ്റത്തെ വരുതിയിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here