‘വയലിനിസ്റ്റ് ബാലഭാസ്കര്‍’ മലയാളികള്‍ വയലിന് സംഗീതത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും ഈ പേരിലാണ് കേള്‍ക്കാന്‍ ശ്രമിച്ചത്. വേദികളില്‍ ചെറുചിരിയോടെ സംഗീതത്തില്‍ ലയിച്ചിരുന്ന ബാലഭാസ്കര്‍ ഇന്നും എല്ലാവരുടെയും മനസിലുണ്ടാകും. ഇടയ്ക്കു വെച്ച് മുറിഞ്ഞുപോയ ആ നാദത്തിന്റെ ഓര്മ ദിനമാണ് ഇന്ന്.
എല്ലാ താളവും ശ്രുതിയും പാതിവഴിയില്‍ ഉപേക്ഷിച്ച് സംഗീതലോകത്തോടു യാത്ര പോലും പറയാതെ ബാലു മറഞ്ഞപ്പോള്‍ തകര്‍ന്നുപോയ ഒരുപാട് പേരുണ്ട്. അതില്‍ ബാലുവിന് ചുറ്റും നിന്ന ഒരു വലിയ സുഹൃദ്വലയമുണ്ട്.
ഇന്നും ബാലു തങ്ങളെ വിട്ടു പോയി എന്ന് വിശ്വസിക്കാനാകാത്ത കുറച്ചുപേര്‍. ഇന്നത്തെ സംഗീത സംവിധായകരായ ജാസി ഗിഫ്റ്റും, ഇഷാന് ദേവും അവരിലുണ്ട്. ജോയ് തമലം എന്ന മാധ്യമപ്രവര്‍ത്തകനുണ്ട്. ഒപ്പം ഒട്ടനവധി സുഹൃത്തുക്കളും.
യൂണിവേഴ്സിറ്റി കോളേജിന്റെ പടവുകളില്‍ ഒരുമിച്ചിരുന്നു പാടിയിരുന്ന, ബാലുവിന്റെ പാട്ട് കേള്‍ക്കാന്‍ കൊതിച്ച അവര്‍ ഇന്നീ ഓര്‍മദിനത്തില്‍ ബാലഭാസ്കര്‍ എന്ന കലാകാരനെക്കുറിച്ചൊരു വീഡിയോ മലയാളികള്‍ക്ക് സമ്മാനിക്കുകയാണ്.
പാട്ടിനപ്പുറം പാട്ടിനെക്കുറിച്ചുള്ള ബാലുവിന്റെ സ്വപ്നങ്ങള്‍ തിരിച്ചറിഞ്ഞവര്‍ ആണ് ഈ സുഹൃത്തുക്കള്‍. ബാലുവിന്റെ സ്വപ്നങ്ങളെ, ചിന്തകളെ, ബാലു ഇഷ്ടപ്പെട്ടിരുന്ന പാട്ടുകളെ, മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ഇവര്‍.
ജാസി ഗിഫ്റ്റിന്റെ പ്രൊഡക്ഷനില്‍ പുറത്തിറങ്ങിയ ഈ വീഡിയോയില്‍ ബാലുവിന്റെ പഴയകാല ഓര്‍മകളാണ് നിറഞ്ഞിരിക്കുന്നത്. ഇന്നീ വീഡിയോ കാണുമ്പോള്‍ ഉള്ളൊന്നു പിടയാത്ത, കണ്ണൊന്നു നിറയാത്തവരായി ആരുമുണ്ടാകില്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here